ശൃംഗാര ശബ്ദരേഖ സിഎച്ച് സെന്റർ ഉദ്ഘാടനം അനിശ്ചിതത്വത്തിൽ

ബഷീർ വെള്ളിക്കോത്ത് വൈസ് ചെയർമാൻ സ്ഥാനം രാജിവെച്ചു
 
കാഞ്ഞങ്ങാട്: ഫെബ്രുവരി ഏഴിന് നടക്കേണ്ടിയിരുന്ന കാഞ്ഞങ്ങാട് സി.എച്ച് സെന്റർ ഉദ്ഘാടനം ശൃംഗാര ശബ്ദരേഖ വിവാദ പശ്ചാത്തലത്തിൽ അ നിശ്ചിതത്വത്തിലായി. ഫെബ്രുവരി ഏഴിന് ഞായറാഴ്ച്ച സി.എച്ച് സെന്റർ ഉദ്ഘാടനത്തിന് എത്താമെന്ന് മുസ്്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ സമ്മതിച്ചതാണ്. അന്ന് തന്നെ പുതിയകോട്ടയിൽ കാഞ്ഞങ്ങാട് മണ്ഡലം മുസ്്ലീം ലീഗ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും ഹൈദരലി തങ്ങൾ നിർവ്വഹിക്കുന്നുണ്ട്.

ശൃംഗാര ശബ്ദരേഖ വിവാദ പശ്ചാത്തലത്തിൽ ഇപ്പോൾ ഉദ്ഘാടന പരിപാടി നടത്തേണ്ടതില്ലെന്നാണ്, സി.എച്ച് സെന്ററിന്റെ അബുദാബി കമ്മിറ്റിയുടെ നിലപാട്. ഇക്കാര്യം അബുദാബി കമ്മിറ്റി സി.എച്ച്. സെന്റർ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. വിവാദ പശ്ചാത്തലത്തിൽ തനിക്ക് സ.എച്ച് സെന്ററിന്റെ കൺവീനർ സ്ഥാനത്ത് തുടരാൻ താൽപ്പര്യമില്ലെന്നും തന്നെ ഒഴിവാക്കണമെന്നും, ഏ. ഹമീദ് ഹാജി സി.എച്ച് സെന്ററിന്റെ വാട്ട്സ് ആപ്പിൽ ആവശ്യപ്പെട്ടിരുന്നു. ഉദ്ഘാടന വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം സി.എച്ച്. സെന്റർ ഭാരവാഹികളുടെ യോഗം ചേർന്നിരുന്നുവെങ്കിലും തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. ഫെബ്രുവരി മൂന്നിന് സി.എച്ച് സെന്ററിന്റെ പ്രവർത്തക സമിതി യോഗം വിളിച്ചു കൂട്ടി, അന്ന് തീരുമാനമെടുക്കാമെന്ന ധാരണയിലാണ് യോഗം അവസാനിച്ചത്.

അതേസമയം സി.എച്ച്.സെന്റർ വൈസ് ചെയർമാൻ സ്ഥാനം താൻ രാജി വെക്കുന്നതായി ബഷീർ വെള്ളിക്കോത്ത് അറിയിക്കുകയും രാജിക്കത്ത് നൽകുകയുമുണ്ടായി. എന്നാൽ ഏ.ഹമീദ് ഹാജി സ്വന്തം രാജിക്കാര്യത്തെക്കുറിച്ച് യോഗത്തിൽ ഒന്നും പറഞ്ഞിട്ടില്ല. ഇതോടെ പ്രവർത്തക സമിതിയോഗം മൂന്നാം തീയ്യതി ചേർന്ന് ഉദ്ഘാടന വിഷയമുൾപ്പെടെ യുള്ള കാര്യങ്ങൾ ചർച്ച ചെയ്യാമെന്നായിരുന്നു ഭാരവാഹികളുടെ യോഗം തീരുമാനിച്ചത്.

വൈസ് ചെയർമാൻ എം.പി. ജാഫർ ഭാരവാഹികളുടെ യോഗത്തിൽ അധ്യക്ഷം വഹിച്ചു. ജനറൽ കൺവീനർ ഏ.ഹമീദ് ഹാജി, ഭാരവാഹികളായ ജില്ലാ ലീഗ് സിക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, ഏ.പി. ഉമ്മർ, ബഷീർ വെള്ളിക്കോത്ത്, പി.എം.ഏ അസീസ്, സി.എം ഖാദർഹാജി, തുടങ്ങിയവർ സംസാരിച്ചു.

സി.എച്ച് സെന്ററിന്റെ പ്രഥമ സംരംഭമായ ഡയാലിസിസ് സെന്റർ മദേഴ്സ് ഹോസ്പിറ്റലിൽ സംയുക്ത ഖാസി ജിഫ്്രി മുത്തുക്കോയതങ്ങളുടെ പ്രാർത്ഥനയോടെയാണ് രണ്ടു മാസം മുമ്പ് ആരംഭിച്ചത്. ഔപചാരിക ഉദ്ഘാടനം നടത്താനായിരുന്നു ഹൈദരലി തങ്ങളെ ക്ഷണിച്ചത്.  ഉദ്ഘാടനത്തിനെത്താമെന്ന് ഹൈദരലി തങ്ങൾ അറിയിച്ചതിനൊപ്പം ശൃംഗാര ശബ്ദരേഖാ വിവാദം സി.എച്ച് സെന്ററിലേക്ക് കൂടി പടർന്നതോടെയാണ് പ്രതിസന്ധി ഉരുണ്ടുകൂടിയത്. ഇതോടെ ഉദ്ഘാടനം അനിശ്ചിതത്വത്തിലാവുകയായിരുന്നു.

LatestDaily

Read Previous

കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ

Read Next

വിലാപ യാത്രയ്ക്കിടെ ലീഗ് ഓഫീസ് അക്രമിച്ച സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തില്ല മുസ്്ലീം ലീഗ് പോലീസ് സ്റ്റേഷൻ മാർച്ചിന്