ചെറുവണ്ണൂര്‍ ഗോഡൗണിലെ തീ നിയന്ത്രണ വിധേയം; ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കും

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്‍റ് ഗോഡൗണിലെ തീ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ നിയന്ത്രണ വിധേയമാക്കി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒമ്പത് യൂണിറ്റ് ഫയർഫോഴ്സും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡിസിപി ശ്രീനിവാസ് പറഞ്ഞു.

ഫറൂക്ക് ചെറുവണ്ണൂരിലെ ഗോഡൗണിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ടർപെന്‍റൈൻ, ടിന്നർ എന്നിവയുൾപ്പെടെ പെയിന്‍റുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ഗോഡൗണിൽ ഉണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഗോഡൗണിൽ ലോഡ് ഇറക്കാൻ വന്ന ടാങ്കറിൽ നിന്നാണ് തീ പടർന്നതെന്നാണ് സൂചന. ഫോറൻസിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. തീപിടുത്തത്തിന്‍റെ കാരണം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന മൂന്ന് തൊഴിലാളികളിൽ രണ്ട് പേർക്ക് പൊള്ളലേറ്റു. സുഹൈല്‍ എന്ന തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മീഞ്ചന്ത, ബീച്ച്, എയർപോർട്ട് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് തീ അണച്ചത്.

K editor

Read Previous

മാന്ത്രിക മോതിരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ കേസ്

Read Next

അലോപ്പതിയെ വിമര്‍ശിക്കുന്നത് എന്തിന്? ബാബാ രാംദേവിനെ വിമർശിച്ച് സുപ്രീം കോടതി