ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മാവുങ്കാൽ കല്ല്യാൺ റോഡിൽ വീട് കുത്തിത്തുറന്ന് എട്ട് ലക്ഷം രൂപ വില വരുന്ന സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കവർച്ചാ സംഘത്തിന്റെ ഏഴ് വിരലടയാളങ്ങൾ ലഭിച്ചു. കല്ല്യാൺ റോഡിലെ മേബിൾ കെ റോസിന്റെ വീട് കുത്തിത്തുറന്ന് 18 പവൻ സ്വർണ്ണാഭരണങ്ങളും, ഒന്നര ലക്ഷം രൂപ വില വരുന്ന വജ്രാഭരണവും കവർച്ച ചെയ്ത പ്രതികളുടെ വിരലടയാളമാണ് ലഭിച്ചത്. കവർച്ചക്കാർ കുത്തിത്തുറന്ന മുൻവശത്തെ വാതിൽ പിടിയിലും, ആഭരണം സൂക്ഷിച്ചിരുന്ന അലമാരയിലും പതിഞ്ഞ പ്രതികളുടെ വിരലടയാളങ്ങളാണ് വിരലടയാള വിദഗ്ധർ ശേഖരിച്ചത്.
പ്രതികളുടെ വിരലടയാളം ലഭിച്ചത് പോലീസിന് നേട്ടമായി. എന്നാൽ, പ്രതികളെക്കുറിച്ച് യാതൊരു സൂചനയും അന്വേഷണ സംഘത്തിനില്ല. മകൻ പ്രമിത്തിന്റെ ചികിൽസാർത്ഥം കുടുംബം ആശുപത്രിയിലേക്ക് പോയി മണിക്കൂറുകൾക്കകമാണ് വീട് കുത്തിത്തുറന്ന് കവർച്ച നടന്നതെന്നതിനാൽ, കുടുംബം ആശുപത്രിയിലാണെന്നറിയുന്നവരുടെ സഹായമില്ലാതെ കവർച്ച നടക്കില്ലെന്ന് പോലീസ് ഉറപ്പാക്കി.
സമീപപ്രദേശത്തെ സിസിടിവി ക്യാമറ പരിശോധിക്കുന്നുണ്ട്. സൈബർസെൽ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടക്കുന്നു. സ്വർണ്ണാഭരണങ്ങൾ, വജ്രാഭരണങ്ങൾ കൂടാതെ വീട്ടിൽ നിന്നും വിലപിടിപ്പുള്ള ക്യാമറയും, കുളിക്കാൻ ഉപയോഗിക്കുന്ന നാല് സോപ്പുകളും കവർച്ച ചെയ്തിട്ടുണ്ട്. ഇന്നലെ വീട്ടുകാർ വിശദമായി നടത്തിയ അന്വേഷണത്തിലാണ് ക്യാമറയും സോപ്പുകളും മോഷണം പോയ വിവരം അറിയുന്നത്. അടച്ചിട്ട ഇരുനില വീടിന്റെ അടുക്കള ഭാഗത്തെ ഗ്രിൽ തകർത്ത ശേഷം അടുക്കള വാതിലിന്റെയും പ്രധാന വാതിലിന്റെയും പൂട്ട് തകർത്താണ് കവർച്ചക്കാർ വീടിനകത്ത് പ്രവേശിച്ചത്.