സാമ്പത്തിക ക്രമക്കേട് ജില്ലയിലെ സഹ. ബാങ്കുകളിൽ പാർട്ടി ഇടപെടും

നീലേശ്വരം: കാസർകോട് ജില്ലയിലെ സഹകരണ ബാങ്കുകളിൽ നടന്ന സാമ്പത്തിക തിരിമറികളിൽ സിപിഎം ഇടപെടും. സഹകരണ ബാങ്കുകളിലും, സഹകരണ സ്ഥാപനങ്ങളിലും ഇതിനകം നടന്നിട്ടുള്ള സാമ്പത്തിക കൊള്ളകൾ കണ്ടെത്താൻ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ചാണ് പുതിയ ഇടപെടൽ.

ഇതിന് സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളുടെയും, സഹകരണ സ്ഥാപനങ്ങളുടെയും പോയ പത്തു വർഷക്കാലത്തെ ഓഡിറ്റ് റിപ്പോർട്ടുകൾ അതാതു പാർട്ടി ജില്ലാനേതൃത്വങ്ങൾ  ശേഖരിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും, സഹകരണ സ്ഥാപനങ്ങളിലും ഇതിനകം നടന്നിട്ടുള്ള വൻ സാമ്പത്തിക അഴിമതികൾ കണ്ടെത്തുകയാണ് പാർട്ടി ലക്ഷ്യം.

പാർട്ടി ഘടകങ്ങൾക്ക് ഇതിനകം ചർച്ച ചെയ്യാൻ നൽകിയിട്ടുള്ള സർക്കുലറിൽ സഹകരണ ബാങ്കുകളിലും, സഹകരണ സ്ഥാപനങ്ങളിലും അരങ്ങേറിയിട്ടുള്ള സാമ്പത്തിക കൊള്ളകൾ കണ്ടെത്തണമെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. ഓരോ സഹകരണ സ്ഥാപനത്തിന്റെയും പാർട്ടി സബ് കമ്മിറ്റികൾ വിളിച്ചു ചേർക്കണം.

സാമ്പത്തിക അഴിമതികൾ പരിശോധിച്ച് കണ്ടെത്തി സപ്തംബർ 20-ന് മുമ്പ് വിശദമായ റിപ്പോർട്ട് ജില്ലാ കമ്മിറ്റിക്ക് സമർപ്പിക്കാനും നിർദ്ദേശമുണ്ട്. അന്വേഷണ സംഘത്തിൽ സബ് കമ്മിറ്റി അംഗമല്ലാത്ത ഒരു പാർട്ടിയംഗം നിർബ്ബന്ധമായും ഉണ്ടായിരിക്കണമെന്നും പാർട്ടി സർക്കുലറിൽ പറയുന്നു.

LatestDaily

Read Previous

പി. കെ. നിഷാന്തിനെ ബാലസംഘം ജില്ലാ കൺവീനറാക്കിയതിൽ പ്രതിഷേധം

Read Next

സീരിയൽ ഭ്രാന്ത് യുവതി മുംബൈയിലെത്തിയത് ശിവ ഭഗവാൻ സീരിയൽ നായകനെ കാണാൻ