സർക്കാർ അഭിഭാഷകൻ പോക്സോ ഇരയെ ചൂഷണം ചെയ്തതായി പരാതി

കൊച്ചി: പോക്സോ കേസ്സിൽ ഇരയായ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർക്കെതിരെ വനിതാ അഭിഭാഷകയുടെ പരാതി. ലക്ഷദ്വീപ് അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജിബിൻ ജോസഫിനെതിരെയാണ് വനിത അഭിഭാഷകയായ ലക്ഷദ്വീപ് കൽപ്പേനി ദ്വീപ് സ്വദേശിനി കവരത്തി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി കൊടുത്തത്. ലക്ഷദ്വീപ് വർക്കിങ്ങ് വിമൻസ് ഹോസ്റ്റലിൽ താമസിച്ചിരുന്ന പോക്സോ കേസ്സിൽ ഇരയായ പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്നും കാണാതായതിന് പിന്നിൽ ജിബിൻ ജോസഫാണെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം.

ലക്ഷദ്വീപ് ജില്ലാ സെഷൻസ് കോടതിയിലെ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടറായ ജിബിൻ ജോസഫിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസ്സെടുക്കണമെന്നാണ് അഭിഭാഷകയുടെ പരാതി. ജില്ലാ സെഷൻസ് കോടതിയുടെ നിർദ്ദേശ പ്രകാരം കവരത്തി വർക്കിങ്ങ് വിമൻസ് ഹോസ്റ്റലിൽ പാർപ്പിച്ചിരുന്ന പെൺകുട്ടിക്ക് ജിബിൻ ജോസഫ് മൊബൈൽ ഫോൺ നൽകുകയും, അതുവഴി ഫോണിൽ നിരന്തരം ബന്ധപ്പെട്ട് ഹോസ്റ്റലിന് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തുവെന്നാണ് പരാതിക്കാരുടെ ആരോപണം.

പോക്സോ കേസ്സിലെ ഇരയുടെ മാതാവും അതേ കേസ്സിൽ പ്രതിയുമായ സ്ത്രീയെ ഇദ്ദേഹം ഇതിനായി ഉപയോഗിക്കുകയും ചെയ്തെന്ന് പരാതിയിൽപ്പറയുന്നു. പോക്സോ കേസ്സിൽ ഇരയെ ദുരുപയോഗം ചെയ്തതിനെതിരെ പോലീസ് സൂപ്രണ്ടിനും പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും പരാതി നൽകിയിരുന്നു. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ലക്ഷദ്വീപ് പോലീസ് സൂപ്രണ്ടിന് കത്തെഴുതിയതായും, കത്ത് അധികാരികൾ അവഗണിച്ചതായും ഇവർ പറഞ്ഞു. ഇതിന് പിന്നിൽ ജിബിൻ ജോസഫിന്റെ സ്വാധീനമുണ്ടെന്നാണ് ഇവരുടെ ആരോപണം.

2020 നവംബർ 20-ന് പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പോലീസിൽ പരാതിയുണ്ടായിരുന്നതായും പരാതിപ്രകാരമുള്ള കേസ്സിൽ പോലീസ് പെൺകുട്ടിയെ കണ്ടെത്തി ഹോസ്റ്റലിൽ തിരികെ എത്തിച്ചതായും ഇവർ പറയുന്നു. ജിബിൻ ജോസഫിനെതിരെ പോക്സോ നിയമത്തിലെ 11(4) വകുപ്പ്, ബാല നീതി നിയമത്തിലെ 75 -ാം വകുപ്പ് പ്രകാരവും നടപടിയെടുക്കണമെന്നാണ് കവരത്തി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകിയ പരാതിയിൽപ്പറയുന്നത്.  ലക്ഷദ്വീപ് ആന്ത്രോത്ത് പോലീസ് റജിസ്റ്റർ ചെയ്ത 26/2019 നമ്പർ പോക്സോ കേസ്സിൽ ഇരയെയാണ് കവരത്തിയിലെ വർക്കിങ്ങ് വിമൻസ് ഹോസ്റ്റലിൽ നിന്ന് കാണാതായത്.

ഇരയുടെ സുരക്ഷയെക്കരുതിയാണ് കോടതി പെൺകുട്ടിയെ വിമൻസ് ഹോസ്റ്റലിലാക്കിയത്. ഇവിടെ നിന്നും കുട്ടിയെ കാണാതായതായി സ്പെഷ്യൽ പബ്ലിക്ക് പ്രോസ്ക്യൂട്ടർ പോക്സോ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.  നീതി ലഭ്യമാക്കി കൊടുക്കാൻ ബാധ്യതയുള്ള അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ തന്നെ കുട്ടിയെ ചൂഷണം ചെയ്തുവെന്നാണ് അഭിഭാഷകയുടെ ആരോപണം.

LatestDaily

Read Previous

ജ്വല്ലറിയുടമയെ ഗൾഫിൽ നിന്ന് വിളിച്ചു പണം തട്ടിയ കേസ്സ് ഒതുക്കണമെന്നാവശ്യം

Read Next

കാഞ്ഞങ്ങാട്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം; 6 പേർക്ക് ഗുരുതരം