ഫെഡറല്‍ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി ഹോർമിസിന്‍റെ സ്മരണാർത്ഥം സ്ഥാപിച്ച ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്, എഞ്ചിനീയറിംഗ്, ബി.എസ്.സി നഴ്സിംഗ്, എം.ബി.എ എന്നിവയ്ക്ക് പുറമെ ബി.എസ്.സി അഗ്രികൾച്ചർ, ബി.എസ്.സി (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ് വിത്ത് അഗ്രികൾച്ചറൽ സയൻസസ് വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.

അപേക്ഷകർ 2022-2023 അധ്യയന വർഷത്തിൽ സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ കോളേജുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയവരായിരിക്കണം. കുടുംബത്തിന്‍റെ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. സർവീസിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതർക്ക് വാർഷിക വരുമാന വ്യവസ്ഥ ബാധകമല്ല.

കേരളം, കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ സ്ഥിര താമസക്കാരായ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ പ്രതിവർഷം പരമാവധി ഒരു ലക്ഷം രൂപ വരെ സ്കോളർഷിപ്പ് നൽകും.

ഓരോ കോഴ്സിലും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി ഒരു സ്കോളർഷിപ്പ് സംവരണം ചെയ്തിട്ടുണ്ട്.  കാഴ്ച, കേൾവി, സംസാരം എന്നിവയിൽ ബുദ്ധിമുട്ടുള്ളവരെ പ്രത്യേക വിഭാഗമായി പരിഗണിക്കും. അപേക്ഷകർ ഡിഎംഒ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നോ ബാങ്ക് അംഗീകരിച്ച മെഡിക്കൽ ഓഫീസറിൽ നിന്നോ സാക്ഷ്യപത്രം തെളിവായി ഹാജരാക്കണം.  ഭിന്നശേഷി അപേക്ഷകരുടെ അഭാവത്തിൽ ഈ സ്കോളർഷിപ്പ് പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തും.

K editor

Read Previous

എഡിജിപി എം.ആർ അജിത് കുമാറിന് ക്രമസമാധാന ചുമതല നൽകി ഉത്തരവ്

Read Next

തലസ്ഥാനത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നേരെ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ആക്രമണം