ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മലയോരജനതയുടെ തലയ്ക്ക് മുകളിൽ തൂങ്ങിയാടുന്ന ഡെമോക്ലീസിന്റെ വാളാണ് ഒരിക്കലും അവസാനിക്കാത്ത ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ.
ഗാഡ്ഗിലും കസ്തൂരിരംഗനും പട്ടയപ്രശ്നങ്ങളുമായി അത് അനന്തമായി നീളുകയാണ്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇടുക്കിയിലെ സാധാരണക്കാരുടെ അതിജീവനത്തിന് വെല്ലുവിളിയുയർത്തുന്നത് ചില സർക്കാർ ഉത്തരവുകളാണ്. 2019 ആഗസ്റ്റ് മുതലിറങ്ങി തുടങ്ങിയ വിവിധ ഭൂവിനിയോഗ ഉത്തരവുകളാണ് കർഷകരെ ഭീതിയിലാക്കുന്നത്.
പട്ടയഭൂമിക്കു നൽകുന്ന കൈവശാവകാശ രേഖയിൽ ഭൂമി എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നു വ്യക്തമാക്കണം എന്നാണ് 2019 ആഗസ്റ്റിലെ ഉത്തരവ്. ശക്തമായ ജനരോഷമുണ്ടായപ്പോൾ സർക്കാർ ഈ നിയന്ത്രണങ്ങൾ മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലേക്ക് ചുരുക്കി.
എന്നാൽ ഇടുക്കിയിലെ എട്ട് വില്ലേജുകളിൽ മാത്രമുള്ള ഈ നിയന്ത്രണങ്ങൾ വിവേചനമാണെന്നു വാദിച്ച് പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് സംസ്ഥാന വ്യാപകമായി കെട്ടിട നിർമാണ ചട്ടത്തിൽ മാറ്റം വരുത്തണമെന്നു ഹൈക്കോടതി നിർദേശിച്ചു.
എല്ലാ വില്ലേജ് ആഫീസർമാരും കൈവശ സർട്ടിഫിക്കറ്റിൽ ഭൂമിയുടെ വിശദാംശം രേഖപ്പെടുത്താനും നിർമാണ പെർമിറ്റ് നൽകും മുമ്പ് തദ്ദേശസ്ഥാപനങ്ങൾ ഇതു വിലയിരുത്താനും നിർദേശിച്ച് റവന്യൂ, തദ്ദേശ വകുപ്പുകളുടെ സെക്രട്ടറിമാർ ഒരു മാസത്തിനകം ഉത്തരവിറക്കണമെന്ന് ഈ വർഷം ജൂൺ 25ന് കോടതി നിർദേശിച്ചു.
ഇനി മുതൽ, ഭൂമി പതിച്ചു നൽകിയത് എന്താവശ്യത്തിനാണെന്നു പരിശോധിച്ചു രേഖപ്പെടുത്തിയ ശേഷം മാത്രം റവന്യൂ ഉദ്യോഗസ്ഥർ കൈവശ സർട്ടിഫിക്കറ്റ് നൽകാവൂ എന്നും കോടതി നിർദേശിച്ചു.
കഴിഞ്ഞ 12 ന് ഈ ഉത്തരവ് ഇടുക്കി മുഴുവൻ നടപ്പാക്കാനായി ജില്ലാ കളക്ടർ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കെട്ടിടനിർമാണ ചട്ടം ഭേദഗതി ചെയ്യാത്ത സാഹചര്യത്തിൽ കൈവശാവകാശ രേഖയിൽ ഭൂമി എന്താവശ്യത്തിനാണ് പതിച്ചു നൽകിയതെന്ന് രേഖപ്പെടുത്തണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്.
ഫലത്തിൽ 2019ൽ പുറത്തു വന്ന നിർമാണ നിയന്ത്രണം ജില്ലയിൽ വീണ്ടും പ്രാബല്യത്തിലായി. കഴിഞ്ഞ 20ന് ഇടുക്കിയിലെ പട്ടയ ഭൂമിയിലെ നിർമാണങ്ങൾക്കു റവന്യൂ എൻ.ഒ.സി നിർബന്ധമാക്കിയത് മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലേക്കു ചുരുക്കി സർക്കാർ വീണ്ടും പുതിയ ഉത്തരവിറക്കി.
കണ്ണൻദേവൻ ഹിൽസ്, ചിന്നക്കനാൽ, ശാന്തൻപാറ, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി, വെള്ളത്തൂവൽ, ആനവിലാസം എന്നീ എട്ട് വില്ലേജുകളിലാണ് നിലവിൽ നിയന്ത്രണം. കെട്ടിട നിർമാണ ചട്ടത്തിൽ സംസ്ഥാനമാകെ ഭേദഗതി കൊണ്ടുവരണമെന്ന ഹൈക്കോടതി നിർദേശം പാലിക്കാതെ കോടതിയലക്ഷ്യ നടപടികൾ നേരിടുന്നതിനിടെയാണ് വിചിത്രമായ പുതിയ ഉത്തരവ്.
പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്ന മൂന്നാറിലെ നിർമാണ നിരോധനം മൂന്നാറുമായി പുലബന്ധം പോലും ഇല്ലാത്ത ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, ബൈസൺവാലി വില്ലേജുകളിലും ഏർപ്പെടുത്തി.
ഇതിൽ ആനവിലാസം മൂന്നാറിൽ നിന്നു 100 കിലോമീറ്ററിലധികം അകലെയാണ്. കൃഷിക്കും വീട് വയ്ക്കാനുമല്ലാതെ ഇവിടങ്ങളിലെ പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവില്ല. ഉപജീവനത്തിന് ആവശ്യമായ ചെറിയ കെട്ടിടങ്ങൾക്കു പോലും റവന്യൂ വകുപ്പിന്റെ അനുമതി ലഭിക്കില്ല, ഇത് ജനങ്ങളെ ദുരിതത്തിലാക്കും.
വാണിജ്യ സാമ്പത്തിക മേഖലയെ ഉത്തരവ് കാര്യമായി ബാധിച്ചിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങൾക്കായുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളും നിലച്ചമട്ടാണ്. പുതിയ കെട്ടിടനിർമാണത്തിനൊന്നും അനുമതി ലഭിക്കാത്ത സ്ഥിതിയാണ്.
വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടനിർമാണത്തിന് വില്ലേജ് ഓഫീസറുടെ എൻ.ഒ.സി ലഭിക്കുന്നില്ല. സ്ഥലകച്ചവടങ്ങളും ഹൈറേഞ്ചിൽ പകുതിയായി കുറഞ്ഞു. എന്തിന് നല്ലൊരു വിവാഹ ആലോചന പോലും മല കയറി വരുന്നില്ലെന്നാണ് ജനങ്ങളുടെ സങ്കടം.