ഓൺലൈൻ ക്ലാസുകൾ സ്കൂളിന് ബദലല്

കോവിഡ് മഹാമാരിമൂലം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന ഒന്നാണ് വിദ്യാഭ്യാസ മേഖല. കഴിഞ്ഞ മാർച്ച് 10 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതമായി അടഞ്ഞുകിടക്കുകയാണ്.

അമേരിക്ക പോലുള്ള ലോകരാഷ്ട്രങ്ങൾ ഇടക്കാലത്ത് സ്കൂളുകൾ തുറന്നുവെങ്കിലും തിരിച്ചടികിട്ടി വീണ്ടും അടച്ചുപൂട്ടലിലേക്ക് പോയത് നമുക്കറിയാം. കോവിഡിന് ശേഷം വിദ്യാഭ്യാസ മേഖലകളിലും പഠന രീതികളിലും ഉണ്ടായ മാറ്റം രാജ്യത്തെ കുട്ടികളെ വലിയ തോതിൽ ബാധിച്ചു.

കേരളത്തിൽ ഏകദേശം 80 ലക്ഷത്തോളം കുട്ടികൾ ഈ അധ്യയന വർഷം തുടങ്ങിയപ്പോൾ വിക്ടർ ചാനലിലെ ഓൺലൈൻ ക്ലാസിനെ ആശ്രയിക്കുകയാണ്. കേരളത്തിൽ ഇന്ന് നടന്നുവരുന്ന ഓൺലൈൻ ക്ലാസുകൾ സ്കൂൾ വിദ്യാഭ്യാസത്തിന് ബദൽ സംവിധാനം അല്ല. നമ്മുടെ സ്കൂൾ അധ്യാപനത്തിന്റെ ചങ്ങലക്കണ്ണി അറ്റുപോകാതെ സൂക്ഷിക്കാനുള്ള ഒരു പോംവഴി മാത്രമായി ഇതിനെ കണ്ടാൽ മതി.

വീട്ടിൽ ടെലിവിഷൻ, സ്മാർട്ട്ഫോൺ, ഇന്റർനെറ്റ് എന്നിവ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കുപോലും ക്ലാസ് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് സർക്കാർ ഉത്തരവ്. ഓൺലൈൻ ക്ലാസുകളിൽ തുടക്കത്തിലുണ്ടായ താല്പര്യവും കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തവും കുറഞ്ഞുവരുന്നുണ്ടെന്നാണ് ചില സർവ്വേകൾ സൂചിപ്പിക്കുന്നത്.

കോവിഡ് കാലഘട്ടം പിന്നിടുംവരെ ഓൺലൈൻ സംവിധാനം നിലനിർത്തേണ്ടത് സമൂഹത്തിന്റെ കടമയാണ്. അതിന് പൊതുവിദ്യാഭ്യാസ സംവിധാനവും അധ്യാപകരും പിടിഎയും സർവ്വോപരി സമൂഹവും പിന്തുണ നൽകേണ്ടതുണ്ട്.

കഴിഞ്ഞമാസം എസ്ഇആർടി ഡയറ്റുകളുടെ സഹായത്താൽ കേരളത്തിലെ അധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരിൽ നടത്തിയ സർവ്വേയിൽ കുട്ടികളിൽ ഗുരുതരമായിട്ടുള്ള സാമൂഹ്യ‑ആരോഗ്യ‑വിദ്യാഭ്യാസ പ്രശ്നങ്ങൾ കോവിഡിന് ശേഷം ഉടലെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ദൈനംദിന ജീവിതത്തിന്റെ തലം ആകെ മാറിയിരിക്കുന്നു.

കോവിഡ് കാലത്ത് കുട്ടികളിൽ രൂപപ്പെട്ട സ്വഭാവവ്യതിയാനങ്ങൾ

കോവിഡ് കാരണം കുട്ടികളുടെ നൈസർഗ്ഗിക കളികളും പ്രവർത്തനങ്ങളും പാടെ താളംതെറ്റുന്നു. ഹൈപ്പർ ആക്റ്റിവ് സ്വഭാവം കാണിക്കുന്ന കുട്ടികളുടെ എണ്ണം കേരളത്തിൽ വർധിക്കുന്നു. ചില കുട്ടികളിൽ അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെ ഭാഗമായുള്ള ശാരീരിക‑ആരോഗ്യ പ്രശ്നങ്ങളും കൂടുന്നു. ചില കുട്ടികൾ അമിതമായി ഉറങ്ങുന്നു. ചിലർ അമിതമായി ഉറക്കമൊഴിയുന്നു.

ഇതുമൂലം കുട്ടികളടെ ജൈവഘടനയുടെ ഘടികാരം തെറ്റായി ചലിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്.

ദിനചര്യകളിലെ കൃത്യത ഇല്ലായ്മ, കുട്ടികളുടെ സ്വഭാവം, ആരോഗ്യശീലങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുകയാണ്.

വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്തതിനാൽ കുട്ടികളുടെ കായിക ആരോഗ്യത്തെ ഉത്തേജിപ്പിക്കുന്ന ഒരു പ്രവർത്തനവും ലഭ്യമാകുന്നില്ല. കുട്ടികളിൽ രൂപപ്പെടേണ്ട സാമൂഹിക പ്രക്രിയ നടക്കാതെ പോകുന്നു.

അമിത മൊബൈൽ ഉപയോഗം കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഒപ്പം കണ്ണിന് ഹ്രസ്വദൃഷ്ടി പോലുള്ള വൈകല്യത്തിനും ഇടയാക്കുന്നുവെന്നാണ് പഠന റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നത്.

അധ്യാപകരും കുട്ടികളും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ തീവ്രത കുറഞ്ഞുവന്നിട്ടുണ്ട്. ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ പ്രശ്നങ്ങൾ കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസവും വീട്ടിൽ കുട്ടികളുടെ സ്ഥിരമായ സാന്നിധ്യവും രക്ഷിതാക്കളിൽ പല മാനസിക സമ്മർദ്ദങ്ങളും വരുത്തിവച്ചിട്ടുണ്ട്.

സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ രക്ഷിതാവിന് നേരിടേണ്ടിവരുന്നു. എങ്കിലും കുട്ടിയുടെ വീട്ടിലെ അധ്യാപകരായി രക്ഷിതാക്കൾ മാറുന്നുണ്ട്. ഓരോ കുട്ടിക്കും ഓൺലൈൻ ഡിജിറ്റൽ സാമഗ്രികൾ നൽകുക എന്നത് രക്ഷിതാക്കൾക്ക് അധിക ബാധ്യത ഉണ്ടാക്കുന്നു. ജോലിക്ക് പോകുന്ന രക്ഷിതാക്കൾ കുട്ടികളെ ഓൺലൈൻ ക്ലാസുകൾക്ക് സജ്ജമാക്കാനാവാതെ പ്രയസപ്പെടുന്നു.

ലാസുകളിൽ കുട്ടികളെ ശ്രദ്ധയോടെ പിടിച്ചിരുത്തുവാൻ ജോലിക്ക് പോകുന്ന രക്ഷിതാക്കൾക്ക് സാധിക്കാറില്ല. മൊബൈൽ പോലുളള ഡിജിറ്റൽ സാമഗ്രികളിൽ കുട്ടികൾ അടിമപ്പെട്ടുപോകുന്നത് നിസ്സഹായരായി നോക്കിനിൽക്കേണ്ട അവസ്ഥയാണ് രക്ഷിതാക്കൾക്ക്. ചില രക്ഷിതാക്കൾ കുട്ടികളുടെ പഠനകാര്യങ്ങളിൽ അമിതമായി ഇടപെടുന്നതും വിനയാവുന്നു.

അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾ

ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമൊപ്പം അധ്യാപകർ നേരിടുന്ന പ്രതിസന്ധികളും കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രതീക്ഷിക്കാതെ, വേണ്ടത്ര പരിശീലനം ലഭിക്കാതെ മതിയായ അനുഭവ സമ്പത്ത് ഇല്ലാതെയാണ് കേരളത്തിലെ അധ്യാപകർ ഓൺലൈൻ ക്ലാസിനു മുന്നിൽ ചെന്നുചാടുന്നത്. ബഹുഭൂരിപക്ഷം അധ്യാപകരും പുതിയ സാങ്കേതിക വിദ്യകൾ അനായാസേന ഉപയോഗിക്കുന്നതിൽ പ്രയാസം നേരിടുന്നു. ചില സ്കൂളുകളിൽ രാവിലെ മുതൽ വൈകുന്നേരംവരെ ഓൺലൈൻ ക്ലാസുമായി കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നു എന്ന പരാതിയും ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്. അക്കാദമിക് നിലവാരം നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രസ്തുത സ്കൂൾ ഇങ്ങനെ ചെയ്തതെങ്കിൽ രക്ഷിതാക്കൾ മനഷ്യാവകാശ കമ്മിഷനെ സമീപിക്കുകയാണ് ഉണ്ടായത്. അങ്ങനെ ഒരു ദിവസത്തെ ഓൺലൈൻ ക്ലാസുകളുടെ ആകെ ദൈർഘ്യം രണ്ട് മണിക്കൂറാക്കി ബാലവകാശ കമ്മിഷൻ ഉത്തരവ് ഇറക്കി. അധ്യാപകർക്ക് കുട്ടികളുമായി സംവദിക്കാൻ ഒരുപാട് പരിമിതികൾ നേരിടുന്നു. വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസിന് പിന്തുണച്ചുകൊണ്ടുള്ള അധിക പഠന സഹായികൾ ഓൺലൈനിൽ നൽകുന്നതിന് അധ്യാപകർ ബുദ്ധിമുട്ടുന്നുണ്ട്. കുട്ടികളുടെ പഠനം ഉറപ്പുവരുത്തുവാനുള്ള അവസരം അധ്യാപകർക്ക് ലഭിക്കുന്നില്ല. വീഡിയോ ക്ലാസുകൾ, ഓൺലൈൻ മീറ്റിങ്ങുകൾ തുടങ്ങിയവ സംഘടിപ്പിക്കാനുള്ള ഡിജിറ്റൽ നോളജിൽ പല അധ്യാപകരും പരിമിതി നേരിടുന്നു. ക്ലാസ് പിടിഎ യോഗങ്ങൾ വിളിച്ചുചേർക്കാനോ ഓരോ പാഠഭാഗങ്ങൾക്ക് ശേഷം വിലയിരുത്തൽ നടത്തുവാനോ അധ്യാപകർക്ക് പരിമിതികൾ നേരിടുന്നുവെന്നതും വാസ്തവമാണ്.

മികച്ച പിന്തുണ നൽകൽ സമൂഹത്തിന്റെ കടമ

ഓൺലൈൻ ക്ലാസുകൾ നാലാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഗവൺമെന്റ് ഒരുക്കിയ ഓൺലൈൻ ക്ലാസുകൾ മികച്ച നിലവാരം നിലനിർത്തുവാൻ നന്നായി ശ്രമിക്കുന്നുണ്ട്. എസ്‌സിഇആർടിയും എസ്എസ്‌കെയും ഇതിന് ശക്തമായ അക്കാദമിക് പിന്തുണ നൽകിവരുന്നു. നേരിട്ടുള്ള ബോധനമില്ലാതെ, അധ്യാപകനില്ലാതെ ഒരു വിദ്യാഭ്യാസവും പൂർണമാകില്ല എന്നറിയാം. കോവിഡ് കാലം പിന്നിടുംവരെ അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾക്ക് ഒരു മാധ്യമം അത്യാവശ്യമാണ്. അതിനാൽ നമ്മുടെ സമൂഹം മുഴുവനും ശക്തമായ പിന്തുണ ഓൺലൈൻ വിദ്യാഭ്യാസത്തിന് നൽകേണ്ടതുണ്ട്.

അധ്യാപകരുടെ ചുമതലകൾ

ഓരോ അധ്യാപകനും തന്റെ ക്ലാസിലെ മുഴുവൻ കുട്ടികളും ഓൺലൈൻ ക്ലാസിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ചും ദിനചര്യകളെ സംബന്ധിച്ചും അതുപോലെ വിഷയ അധ്യാപകന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചും കൃത്യമായ ടൈംടേബിൾ തയ്യാറാക്കണം. ഓരോ കുട്ടിയുടെയും പഠനത്തിൽ രക്ഷിതാവിന്റെ പിന്തുണ അത്യാവശ്യമാണ്. കുട്ടികൾ ഓരോരുത്തരും അവന്റെ കഴിവുകളിലും സർഗ്ഗാത്മകതയിലും ജൈവികതയിലും വ്യത്യസ്തരാണെന്നുള്ള ബോധം രക്ഷിതാക്കളിൽ ഉണ്ടാക്കണം. അതിനായി അധ്യാപകർ രക്ഷിതാക്കളുമായും കുട്ടികളുമായും നിരന്തര ബന്ധം നിലനിർത്തണം. ഇവർ തമ്മിലുള്ള വൈകാരിക ബന്ധം മെച്ചപ്പെടുത്തണം. മാസത്തിൽ ഒരിക്കലെങ്കിലും ഗൃഹസന്ദർശനം നടത്തണം. ഓൺലൈൻ ക്ലാസിന്റെ സജീവത നിലനിർത്താൻ ആഴ്ചയിലൊരിക്കൽ അധ്യാപകൻ കുട്ടിയുമായി സംസാരിക്കണം. അധ്യാപകനെ കാണുവാനും കേൾക്കുവാനും കുട്ടികളുടെ പ്രയാസങ്ങൾ പങ്കുവെയ്ക്കുവാനും അവസരം ഒരുക്കണം. ഓരോ ക്ലാസിനുശേഷവും കൃത്യമായ തുടർ പ്രവർത്തനം നൽകുക. കുട്ടി അയയ്ക്കുന്ന ഉല്പന്നങ്ങൾ വിലയിരുത്തി ഗുണാത്മക കുറിപ്പ് നൽകുക. ആഴ്ചയിലൊരിക്കൽ യോഗം ചേർന്ന് കുട്ടികളുടെ മികവ് വിലയിരുത്തുക. മാസത്തിൽ ഒരിക്കൽ പിടിഎ വിളിച്ചുചേർത്ത് രക്ഷിതാക്കൾക്ക് പറയാനുള്ളത് കേൾക്കുക. രക്ഷിതാക്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ സ്വീകരിക്കുക. കൃത്യമായ ഇടവേളകളിൽ ക്ലാസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വർക്ക്ഷീറ്റുകൾ നൽകുക. കുട്ടികളുടെ മാനസിക- കായിക ഉല്ലാസത്തിനാവശ്യമായ പ്രവർത്തനങ്ങളും ഉൾപ്പെടുത്തുക.

വീടെന്ന പഠനമുറി

കോവിഡ് കാലത്ത് കുട്ടികളുടെ വീട് തന്നെയാണ് അവരുടെ ക്ലാസ് മുറി. രക്ഷിതാക്കൾ അവരുടെ അധ്യാപകരും. എന്റെ കുട്ടി ക്ലാസിൽ നന്നായി പ്രവർത്തനങ്ങൾ ചെയ്യുന്ന, പഠിക്കുന്ന കുട്ടിയാകണം എന്ന് ചില രക്ഷിതാക്കളെങ്കിലും ആഗ്രഹിക്കാതിരിക്കില്ല. അതിനുവേണ്ടി കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ് ബഹു ഭൂരിപക്ഷം രക്ഷിതാക്കളും. കുട്ടികളുടെ ഓൺലൈൻ ക്ലാസ്സ്, ദിനചര്യകൾ, സ്കൂൾ പ്രവർത്തനങ്ങൾ, വിനോദ പ്രവർത്തനങ്ങൾ, എന്നിവയുടെ ഒരു ദിവസത്തെ ടൈംടേബിൾ കൃത്യമായി നൽകി, കുട്ടി അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ദിനചര്യകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. അമിത ഭക്ഷണം, അമിത ഉറക്കം, വൈകി ഉറങ്ങുന്ന ശീലം ഇവ ഒഴിവാക്കണം. അമിതമായ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കണം. ഓൺലൈൻ ക്ലാസുകൾ ടെലിവിഷനിലോ കമ്പ്യൂട്ടറിലോ കാണാൻ പ്രോത്സാഹിപ്പിക്കുക. ഓൺലൈൻ പഠനസമയത്തും മറ്റ് ക്ലാസ് പ്രവർത്തനങ്ങളിലും രക്ഷിതാവ് കുട്ടിയുടെ കൂടെത്തന്നെ ഉണ്ടാകാൻ ശ്രദ്ധിക്കണം. അവർക്ക് വേണ്ട തത്സമയ പിന്തുണ കൊടുത്തുകൊണ്ടേയിരിക്കണം. മൊബൈൽ ഫോൺ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഉപയോഗിക്കാൻ അനുവദിക്കുക. ക്ലാസ് കഴിഞ്ഞാൽ തിരിച്ച് വാങ്ങണം. ക്ലാസ് കാണുവാൻ ഡിജിറ്റൽ സംവിധാനത്തോടുകൂടിയ പഠനമുറി രക്ഷിതാക്കൾ ഒരുക്കി കൊടുക്കുക. കുട്ടികളുടെ പഠനോല്പന്നങ്ങൾ പഠനമുറിയിൽ ഒരുക്കിവയ്ക്കാം. ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആവശ്യമുള്ള പഠന കിറ്റുകൾ കുട്ടികൾക്ക് വാങ്ങി നൽകണം. കുട്ടികളുടെ പാഠപുസ്തകങ്ങൾ, നോട്ട്ബുക്കുകൾ, പഠനോപകരണങ്ങൾ എന്നിവ അടുക്കും ചിട്ടയോടുകൂടി പഠനമുറിയിൽ ഒരുക്കിവയ്ക്കാൻ രക്ഷിതാക്കൾ ശീലിപ്പിക്കണം. ആവശ്യമായ ചാർട്ടുകൾ, മാർക്കർ പേനകൾ, പഠനോപകരണങ്ങൾ നിർമ്മിക്കാനാവശ്യമായ അനുബന്ധ സാധനങ്ങൾ എന്നിവ പഠനമുറിയിൽ ഒരുക്കിക്കൊടുക്കണം.

ഓൺലൈൻ ക്ലാസുകൾക്ക് ഒരു കാസർകോടൻ മാതൃക

വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സമഗ്രശിക്ഷ കാസർകോട് ഓൺലൈൻ ക്ലാസുകൾക്ക് മാതൃകപരമായ പിന്തുണയാണ് നൽകിവരുന്നത്. ഓരോ ക്ലാസിലെയും ഓൺലൈൻ ക്ലാസുകൾക്ക് സമാനമായ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന വർക്ക്ഷീറ്റുകൾ തയ്യാറാക്കി എല്ലാ ദിവസവും ബിആർസി അധ്യാപകർക്ക് ഷെയർ ചെയ്യുന്നു. കാസർകോട് ഡയറ്റിന്റെ നേതൃത്വത്തിൽ “അമ്മക്കിളിക്കൂട്’ എന്ന പേരിൽ പ്രീ പ്രൈമറി അധ്യാപകർക്കുള്ള ഓൺലൈൻ പരിശീലനം നൽകിവരുന്നു. സമഗ്ര ശിക്ഷ കാസർകോടിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനകേന്ദ്രങ്ങളിൽ ടാലന്റ് ലാബുകൾ ഒരുക്കിവരുന്നു. ജില്ലയിൽ 110ഓളം സ്പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിച്ച് കുട്ടികൾക്കായി കലാകായിക പ്രവർത്തി പഠനക്ലാസുകൾ ഓൺലൈനായി നൽകുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. സമഗ്ര ശിക്ഷ കേരള തയ്യാറാക്കിയ ഒന്നുമുതൽ നാലുവരെ ക്ലാസുകളിലേക്കുള്ള വർക്ക് ഷീറ്റുകൾ വിതരണം ചെയ്തുതുടങ്ങി. പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വൈറ്റ് ബോർഡ് എന്ന പേരിൽ ജില്ലയിലെ റിസോഴ്സ് അധ്യാപർ ഓൺലൈൻ ക്ലാസുകൾ തയ്യാറാക്കി നൽകിവരുന്നു. രക്ഷിതാക്കളുടെയും കുട്ടികളുടെയും താല്പര്യത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് കുട്ടികളുടെ ഓൺലൈൻ പഠനം ചിട്ടപ്പെടുത്തുവാനുള്ള വിവിധ പ്രവർത്തനങ്ങൾ ജില്ലയിൽ നടക്കുന്നുണ്ട്. ഇന്ന് നടന്നുവരുന്ന ഓൺലൈൻ ക്ലാസുകൾ ഇതുവരെ നടന്നുവന്നിരുന്ന സ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ബദലല്ല. മറിച്ച് സ്കൂൾ വിദ്യാഭ്യസത്തിന്റെ ചങ്ങലക്കണ്ണി അറ്റുപോകാതിരിക്കാനുളള പോംവഴി മാത്രമാണ്. നിലവിലുള്ള സാഹചര്യത്തിൽ അധ്യാപകർ, രക്ഷിതാക്കൾ, പിടിഎ എല്ലാറ്റിനും ഉപരിയായി നമ്മുടെ സമൂഹം മികച്ച രീതിയിൽ പിന്തുണ നൽകിയാൽ മാത്രമേ വിജയപ്രദമായി നമുക്ക് കോവിഡ് കാലം പിന്നിടുംവരെ ഓൺലൈൻ വിദ്യാഭ്യാസത്തെ മുന്നോട്ടുനയിക്കാൻ കഴിയൂ.

LatestDaily

Read Previous

കോവിഡ്: കെഎസ്്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോ അടച്ചു

Read Next

മുസ്ലീംലീഗ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു