ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഒരു പെണ്ണ് പതിനെട്ട് വയസ്സു കഴിഞ്ഞാൽ (പലപ്പോഴും അതിനുമുമ്പേ), മാതാപിതാക്കളുടെ മനസ്സിൽ കനലെരിഞ്ഞു തുടങ്ങും. അവളെ ആരുടെ തലയിലാണു വച്ചുകെട്ടേണ്ടത്. എത്ര ചെലവാക്കിയാലാണിവളെ ‘ഇറക്കി വിടാനാകുക’. പെണ്ണിനെ കയറ്റിക്കെട്ടേണ്ട ഒരിടമാണ് ഭർതൃഭവനം! ഈ ഭർതൃഭവനങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന അതിദാരുണവും ഭീഭത്സവുമായ പീഡനങ്ങളും ജീവഹാനിയും പുതുമയല്ല. എന്നാൽ വിഷപാമ്പിനെ കൊണ്ട് കൊത്തിച്ച് മരണം ഉറപ്പാക്കുകയും തുടർന്നും പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്നും പണം പറ്റാൻ ശ്രമിക്കുകയും ചെയ്യുന്ന ഭീകരമായ മാനസികാവസ്ഥ, അതിപൈശാചികമെന്നു തന്നെ പറയേണ്ടിയിരിക്കുന്നു.
പാമ്പ് കടിച്ചു എന്ന് പറയുന്ന നിസ്സഹായാവസ്ഥയേക്കാൾ എത്രയോ അകലെയാണ് ‘പാമ്പിനെ കൊണ്ട് കടിപ്പിച്ചു’ എന്ന് പറയുന്നതിലെ ക്രൂരത. ഈ കൊലപാതകം എങ്ങിനെയെന്നല്ല, എന്തിന് എന്തുകൊണ്ട് ഉത്ര കൊല്ലപ്പെട്ടു? മറ്റു കൊലപാതകങ്ങൾ പോലെ തന്നെ, ഇവിടെ ‘പാമ്പ്’ സ്ത്രീയെ കൊല്ലാനുപയോഗിച്ച ഒരായുധം മാത്രമാണ്. ധനാർത്തി, ലൈംഗിക ജീവിതത്തിലെ അസന്തുഷ്ടി, താളപ്പിഴകൾ, ആർഭാടമായ ജീവിതശൈലിയും ധൂർത്തും സ്ത്രീസൗന്ദര്യ സങ്കല്പം സംബന്ധിച്ച അബദ്ധധാരണകൾ എന്നിവ ഈ സാഹചര്യത്തിന് പ്രധാനപങ്കുവഹിക്കുന്നു. അവൾ വ്യക്ത്യാവശ്യങ്ങൾക്കുള്ള വെറുമൊരു ആയുധമോ, ഉപകരണമോ മാത്രമാണ് എന്ന ദുഷ്ടചിന്ത, ടെലിവിഷൻ സീരിയലുകളിൽ നിന്നും സിനിമകളിൽ നിന്നും ലഭിക്കുന്ന തെറ്റായ ധാരണകൾ എന്നിവയും അവഗണിക്കാവുന്നതല്ല. ഇതിലെല്ലാം സ്ത്രീകളെ വളരെ തരംതാഴ്‌ന്ന തരത്തിലുള്ള ചിത്രീകരണങ്ങളും പരാമർശങ്ങളും നടത്തുന്നത് തങ്ങളുടെ ജീവിതത്തിലും യാഥാർത്ഥ്യമാക്കിയാലേ പുരുഷനാകൂ എന്നുള്ള തെറ്റായ ധാരണ.
കുടുംബ ജീവിതത്തിന്റെ വിജയം തനിക്കവകാശപ്പെട്ടതും പരാജയം സ്ത്രീയുടെ കുറവു മൂലവുമാണെന്ന വീമ്പും സ്ത്രീയെ രണ്ടാംകിടക്കാരിയാക്കി ഒതുക്കാനുള്ള പ്രവണതയും നിലനിൽക്കുന്നു. സ്ത്രീയുടെ തലത്തിൽ നിന്ന് ചിന്തിക്കുമ്പോഴും കാരണങ്ങൾ വളരെ വിചിത്രമാണ്. വിവാഹം കഴിക്കലാണ് തന്റെ ഏക ജീവിതദൗത്യമെന്നും വിവാഹിതയെന്ന സൽപ്പേര് ഏതു വിധേനയും നിലനിർത്തണമെന്ന ഉത്തരവാദിത്വം തന്നിലധിഷ്ഠിതമാണെന്ന ബോധ്യവുമാണ് അവളെ നയിക്കുന്നത്.
തന്റെ സുരക്ഷിതത്വം പുരുഷ കേന്ദ്രീകൃതമാണെന്ന ധാരണ അത് കുടുംബ ഉത്തരവാദിത്വത്തിന് ഒന്നാം സ്ഥാനം നൽകുന്നു. സ്വന്തം ജീവിതത്തിൽ വിദ്യാഭ്യാസത്തിനും തൊഴിലിനും സ്വയം പര്യാപ്തതയ്ക്കും രണ്ടാം സ്ഥാനം മാത്രം നൽകി പരാജിതയുടെ റോൾ സ്വയം ചുമക്കുന്നു. ഇതിന്റെ ഫലമായി അവളുടെ നിലവിളികളും യാതനകളും സമൂഹം മനസ്സിലാക്കുകയില്ലെന്നും എല്ലാം അവളുടെ പ്രശ്നങ്ങളാണെന്നുമുള്ള കുറ്റപ്പെടുത്തലും ഭയവും ഉടലെടുക്കുന്നു. തൽഫലമായി സമൂഹം അവളെ ഒറ്റപ്പെടുത്തുമെന്നും കുറ്റപ്പെടുത്തുമെന്നുമുള്ള ഭയം അവളെ അലട്ടുന്നു. കുടുംബ ജീവിതപരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പെണ്ണിന്റെ തലയിലാണെന്ന മനോഭാവം ഇനിയും സ്ത്രീകള്‍ കൊണ്ടുനടക്കുന്നു. ബാഹ്യാവരണങ്ങളായ വസ്ത്രം, ആഭരണം, മേയ്ക്കപ്പ് എന്നിവയാണ് സുന്ദരിയാക്കുന്നതെന്ന മിഥ്യാധാരണ ഒട്ടനവധി പെണ്ണുങ്ങൾ ഇന്നും വച്ചുപുലർത്തുന്നു. അതിലൂടെ, അവളുടെ ആന്തരിക ഊർജ്ജം അവൾക്ക് വെളിപ്പെട്ടു കിട്ടുന്നില്ല, ഫലമോ അവളുടെ ആത്മവിശ്വാസവും മനോശക്തിയും ചോർന്നു പോകുന്നു.
അവളെ നിസ്സഹായാവസ്ഥയിലേക്ക് എത്തിക്കുന്നു. ഇതിലൂടെ ഒരു അടിമപ്പെടലിന്റെ മാനസികാവസ്ഥ സംജാതമാകുന്നു. ഈയൊരവസ്ഥയ്ക്ക് സമൂഹം കൂടി ഉത്തരവാദിയാണ്. തൽഫലമായി ഭർതൃഭവനം നരകമായാലും ആ കയത്തിൽ തുടരാന്‍ അവൾ നിർബന്ധിതയാകുന്നു. അവിടെ അവളെ ശ്വാസം മുട്ടിച്ചും ഒരു ചാൺ കയറിൽ തൂക്കിയും അഞ്ചു ലിറ്റർ മണ്ണെണ്ണയിലൊ പെട്രോളിലൊ തീനാളമാക്കിയും ബാത്ടബ്ബിലെ വെള്ളത്തിൽ മുക്കിയും റയിവേ ട്രാക്കിലേക്ക് തള്ളിയിട്ടും സയനൈഡ് പ്രയോഗത്തിലൂടെയും കൊലചെയ്യപ്പെടുന്നു.
ഇപ്പോഴിതാ പുതിയതായി വിഷ പാമ്പിനെ ബെഡ്റൂമിൽ കടത്തി കൊത്തിച്ചുള്ള കൊലപാതകവും. അന്നേവരെ അഡ്ജസ്റ്റ് ചെയ്യൂ, സഹിക്കൂ, മാറ്റം വരും എന്നെല്ലാം പറഞ്ഞു സമാശ്വസിപ്പിച്ച മാതാപിതാക്കളും സഹോദരങ്ങളും ബന്ധുമിത്രാദികളും അവളുടെ അന്ത്യശേഷം, ഭർത്താവിന്റെ അന്നുവരെയുള്ള എല്ലാ അപാകതകളും കുറവുകളും തിന്മകളും വൈകൃതങ്ങളും വല്ലാതെ പുറത്തേക്ക് ഛർദ്ദിക്കുന്നു. അന്നുവരെ പൊക്കി പിടിച്ചിരുന്ന കുടുംബപാരമ്പര്യം, മഹത്വം, കുലീനത്വം, തറവാടിത്തം എന്നിവയെല്ലാം ഉപ്പ് കടലിൽ ലയിച്ചലിഞ്ഞ് പോയതുപോലെ ഇല്ലാതാവും.
അന്നുവരെ അവളുടെ സങ്കട കരച്ചിലുകൾക്കൊന്നിനും ചെവി കൊടുക്കാതിരുന്നവർ, ഒന്നടങ്കം അവന്റെ കുറ്റങ്ങൾ കിലോമീറ്ററുകൾ നീളത്തിൽ അലക്കുന്നു. ഒരു കുടുംബ മഹത്വവും ഇപ്പോഴവർക്കില്ല. നഷ്ടബോധം മാത്രം അവരിൽ അലയടിക്കുന്നു; അലമുറകൂട്ടുന്നു. ഇത്തരത്തിലുള്ള അതീവ ക്രൂരകൃത്യങ്ങൾ ഇല്ലാതാക്കാൻ സമൂഹത്തിന് വലിയ ഉത്തരവാദിത്വമുണ്ട്. ജനിച്ച മക്കൾ പെണ്ണായാലും ആണായാലും മക്കളാണെന്നും ഇന്ത്യൻ ഭരണഘടന പ്രകാരം, ലിംഗവിത്യാസമില്ലാതെ തുല്യാവകാശികളും തുല്യ ഉത്തരവാദിത്വവുമുള്ളവരുമാണെന്ന്, മക്കളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു- ആണിനെയും പെണ്ണിനെയും. വിദ്യാഭ്യാസവും തുല്യമായി നൽകി സ്വന്തം കാലിൽ നിൽക്കുവാൻ പ്രാപ്തരാക്കുകയും വേണം. ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ പീനൽ കോഡും പ്രകാരം സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ്. ഇത്തരം നിയമങ്ങളെല്ലാം മത‑ജാതി ആചാരങ്ങൾക്കതീതമാണ്. ഇത് മാതാപിതാക്കളും മക്കളും അറിഞ്ഞിരിക്കേണ്ടതും പ്രായോഗികമാക്കേണ്ടതുമാണ്. എന്നിട്ടും കേരളം പോലുള്ള, എല്ലാ തലത്തിലും പുരോഗമനം നേടി എന്ന് ഊറ്റം കൊള്ളുന്ന ഈ മണ്ണിലും ഇത്തരം അജണ്ട അരങ്ങേറുന്നുവെങ്കിൽ ഈ സമൂഹം എത്രമാത്രം പ്രാകൃതമാണ്? കൊലപാതകം നടന്നുകഴിഞ്ഞതു കൊണ്ട്, എല്ലാ പഴുതുകളും അടച്ചു, ശരിയായ അന്വേഷണം നടത്തി കുറ്റവാളിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷ നൽകിയാൽ മാത്രമെ സമൂഹത്തിനേറ്റ കളങ്കം കഴുകാനായില്ലെങ്കിലും പീഡനങ്ങളേറ്റ് നാമവശേഷമായ ആ പെൺ ജീവിതത്തിന് നീതി ലഭികൂ. ഉചിതമായ ശിക്ഷ നൽകുന്നതിലൂടെ ഇത്തരത്തിലുള്ള മറ്റു ക്രിമിനലുകൾക്ക് അതൊരു മുന്നറിയിപ്പു കൂടിയായിക്കും. സമൂഹത്തിന് നിയമവാഴ്ചയിൽ വിശ്വാസവും നഷ്ടപ്പെടാതിരിക്കും. പെണ്ണിന്റെ ജീവന് സ്ത്രീധനത്തെക്കാൾ മൂല്യവും അർത്ഥവുമുണ്ടെന്നും അവൾ മനുഷ്യകുലത്തിലെ പകുതിയാണെന്നും എല്ലാത്തിനും തുല്യ അവകാശിയാണെന്നുമുള്ള അവബോധനം വളർത്തിയെടുക്കേണ്ടിയിരിക്കുന്നു.