അപരവത്കരിക്കപ്പെടുന്ന പ്രവാസി

വെറുക്കപ്പെടേണ്ട ഒരു അപരനെ പലരും മനസ്സിൽ കൊണ്ടുനടക്കാറുണ്ട്. ആ അപരൻ അയൽവാസിയാകാം. അയൽവാസിയെ അപരനാക്കുന്ന പ്രവണത തിരിച്ചറിഞ്ഞ ഒരു പ്രവാചകൻ പറഞ്ഞു:

അയൽക്കാരനെ സ്നേഹിക്കുക. അയൽക്കാരനെ സ്നേഹിക്കാൻ തുടങ്ങിയവർ അയൽപക്കത്തിനപ്പുറം അപരനെ കണ്ടെത്തി. അത് തിരിച്ചറിഞ്ഞ പ്രവാചകൻ പറഞ്ഞു: നീ നി​​ന്റെ ശത്രുവിനെ സ്നേഹിക്കുക.

മനുഷ്യസമൂഹത്തി​​ന്റെ ചരിത്രത്തിലുടനീളം അപരത്വബോധത്തെ മറികടന്നുകൊണ്ട് മനുഷ്യരെ സമാധാനത്തോടെ,  സോദരത്വേന വാഴാൻ പ്രേരിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. മനുഷ്യർ ഒരു കുടുംബമാണെന്ന ആശയവും  ഒന്നിപ്പിക്കൽ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു.

അനുയായികൾ  ഉപദേശങ്ങൾ തത്ത്വത്തിൽ സ്വീകരിച്ചു. പക്ഷേ, അവ പ്രാവർത്തികമാക്കാൻ  പലർക്കും കഴിഞ്ഞില്ല. അതിനാൽ അപരത്വബോധം ഇന്നും നിലനിൽക്കുന്നു. അധികാരിവർഗത്തിലും അത് നിലനിൽക്കുന്നതുമൂലം പാർശ്വവത്‌കൃത വിഭാഗങ്ങൾ ദുരിതമനുഭവിക്കുന്നത് ലോകമൊട്ടുക്ക് കാണാം.

അപരന്മാരുടെ പട്ടികയിൽ ചിലർ സ്ഥിരമായുണ്ടാകും. സനാതനഹിന്ദുവി​​െൻറ പട്ടികയിലെ ‘തീണ്ടൽ ജാതി’ക്കാരനും വെള്ളമൂരാച്ചിയുടെ പട്ടികയിലെ കറുത്തവനും ഉദാഹരണങ്ങൾ. പട്ടിക കാലാകാലങ്ങളിൽ ആവശ്യാനുസരണം പുതുക്കപ്പെടാറുണ്ട്.

ഭരണഘടന എല്ലാവരും തുല്യരാണെന്ന്  പ്രഖ്യാപിച്ചാലും വിവേചനം നിയമംമൂലം നിരോധിച്ചാലും മനസ്സി​​െൻറ ഉള്ളിൽ അപരത്വബോധം  കാത്തുസൂക്ഷിക്കുന്നവർ ഭേദചിന്ത നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരിക്കും.

അവരെ സംരക്ഷിക്കാൻ  അധികാരിവർഗം തയാറുമാകും. കഴിഞ്ഞ ദിവസമാണ് മകൾ പ്രേമിച്ച് വിവാഹം കഴിച്ച ദലിത്​യുവാവിനെ കൊന്ന അച്ഛനെ ഒരു ഹൈകോടതി തൂക്കുകയറിൽനിന്ന് രക്ഷപ്പെടുത്തിയത്. ചില സമീപകാലസംഭവങ്ങൾ കേരളത്തിലെ വളരുന്ന അപരത്വബോധത്തെക്കുറിച്ച്  ആശങ്കയുണർത്തുന്നു. ഈ നാടിനെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റിയ   പ്രവാസിസമൂഹത്തെ അപരവത്കരിച്ച് വെറുക്കപ്പെടേണ്ടവരാക്കാൻ ചിലർ നടത്തുന്ന കുത്സിതശ്രമം പ്രത്യേക ശ്രദ്ധയർഹിക്കുന്നു.

അപരത്വബോധത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ കുട്ടിക്കാലത്തെ ഒരു സംഭവം ഓർമവരും. ആരോ വീട്ടി​​െൻറ ഗേറ്റിൽ വന്നു തട്ടിവിളിച്ചു. ശബ്​ദംകേട്ട് ആരാണെന്ന് നോക്കാൻ അമ്മ ജോലിക്കാരനോട് പറഞ്ഞു. തട്ടിവിളിച്ചത് ഭിക്ഷക്കാരനാണ്‌.  അയാൾ തമിഴനായിരുന്നു.

പക്ഷേ, ജോലിക്കാരൻ അമ്മയോട് പറഞ്ഞത് തമിഴനെന്നല്ല, പാണ്ടിക്കാരൻ എന്നാണ്.  തെക്കൻപ്രദേശം ചേരപാണ്ഡ്യചോള രാജ്യങ്ങളായിരുന്ന കാലത്ത് ചേരനാട്ടുകാരല്ലാത്തവരെയെല്ലാം  നാം പാണ്ടിക്കാരായി കണ്ടിരുന്നോയെന്ന് പിൽക്കാലത്ത് ഞാൻ ചിന്തിച്ചിട്ടുണ്ട്.

വിന്ധ്യക്കിപ്പുറമുള്ളവരെല്ലാം വടക്കർക്ക് മദ്രാസികൾ ആയതുപോലെ ഇവിടെ ചേരനല്ലാത്തവരെല്ലാം പാണ്ഡ്യന്മാരായിരുന്ന ഒരു കാലമുണ്ടായിരുന്നിരിക്കാം. ആ പാണ്ടിപ്രയോഗത്തിലും വടക്കേ ഇന്ത്യക്കാര​​െൻറ  മദ്രാസിപ്രയോഗത്തിലും ഉണ്ടായിരുന്നത് അവജ്ഞ കലർന്ന അപരത്വബോധമായിരുന്നില്ലേ?

ഇന്ന് മലയാളികൾ വിദ്യാഭ്യാസവും ഉയർന്ന സാമൂഹിക  അവബോധവും രാഷ്​ട്രീയ പ്രബുദ്ധതയുമുള്ള, അതിലൊക്കെ അഭിമാനിക്കുന്ന, ഒരു വിഭാഗമാണ്. ഇന്ത്യയിലെയും ലോകത്തെയും ഇതര ജനവിഭാഗങ്ങളുമായി ഏറെ ഇടപഴകിയിട്ടുള്ളവരും. ഇത്തരം ഇടപഴകൽ മാനസിക ചക്രവാളം  വികസിപ്പിക്കേണ്ടതാണ്. എന്തുകൊണ്ടോ അത് വേണ്ട അളവിൽ ഉണ്ടായിട്ടില്ല. അൽപം ചികഞ്ഞാൽ പലരും  മനസ്സി​​െൻറ പല തലങ്ങളിലും അപരത്വബോധം വെച്ചുപുലർത്തുന്നതായി കാണാം.

ഓരോ  വ്യക്തിക്കും പല അസ്തിത്വങ്ങളുണ്ട്. ജാതി, മതം, രാഷ്​ട്രീയം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്തതകൾക്ക്  പൊതുവെ കൂടുതൽ പ്രാധാന്യം കൽപിക്കപ്പെടുന്നു. ഓരോ വ്യത്യസ്തതയുടെ അടിസ്ഥാനത്തിലും  ഓരോ അപരനെ സൃഷ്​ടിക്കാനാകും.

അങ്ങനെ പല അപരന്മാരെയുണ്ടാക്കി  അവരെ ഇട്ട്​ അമ്മാനമാടി കളിക്കുന്നവർ നമ്മുടെ ഇടയിലുണ്ട്. ഓരോ സന്ദർഭത്തിലും അപ്പോഴത്തെ ആവശ്യം മുൻനിർത്തി ഒരു അപരനെ മുന്നോട്ടുകൊണ്ടുവന്ന്​ അവർ അതി​​െൻറ അടിസ്ഥാനത്തിൽ കൂട്ടായ്‌മയുണ്ടാക്കുന്നു.

ആ ആവശ്യം കഴിയുമ്പോൾ മറ്റൊരു അപരനെ ഉയർത്തിക്കാട്ടി മറ്റൊരു കൂട്ടായ്മ രൂപപ്പെടുത്തുന്നു. ഈ പ്രവണത ഏറ്റവുമധികം പ്രകടമാകുന്നത് രാഷ്​ട്രീയരംഗത്താണ്.

ജാതിമത അപരത്വത്തെയും രാഷ്​ട്രീയ അപരത്വത്തെയും ഒരുപോലെ കാണാമോ എന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവും. ഭേദചിന്ത വളർത്തുന്നവയെന്ന നിലയിലാണ് രണ്ടും സമാനമാകുന്നത്. ജാതിമതഭേദചിന്തയേക്കാൾ രാഷ്​ട്രീയഭേദചിന്തയാണ് കേരളത്തിൽ ജീവനുകൾ അപഹരിക്കുന്നത്.

മലയാളികളുടെ അപരത്വബോധം ഇന്ന് ഏറ്റവുമധികം പ്രകടമാകുന്നത്  സമൂഹമാധ്യമങ്ങളിലാണ്. അവിടെ വീണ്ടുവിചാരമില്ലാതെ  ഭേദചിന്ത പ്രകടിപ്പിച്ചതി​​െൻറ ഫലമായി ജോലി നഷ്​ടപ്പെട്ടവരുണ്ട്‌.

പ്രവാസികളെ അപരന്മാരാക്കുന്നതിനു പിന്നിലെ ചേതോവികാരങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല.

പക്ഷേ, അതിലെ അനീതി ചൂണ്ടിക്കാണിക്കാതിരിക്കാനാകില്ല. നാട്ടിൽ ജോലിയെടുക്കുന്നവരെപ്പോലെ അവരും അടിസ്ഥാനപരമായി കുടുംബം  പുലർത്താൻ പോയവർതന്നെ. പക്ഷേ, അവർ നാട്ടിലേക്കയച്ച പണം കേരളജീവിതത്തിൽ  ഗുണകരമായ മാറ്റം വരുത്തിയെന്നത് മറന്നുകൂടാ.

അതിവേഗം പടർന്നുകൊണ്ടിരുന്ന കൊറോണ വൈറസി​​ന്റെ വ്യാപനം തടയുന്നതിന് നടപടി സ്വീകരിച്ചപ്പോൾ വിദേശത്തായിരുന്നവരെ നാട്ടിൽ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ കേന്ദ്രവും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും സ്വീകരിച്ചത് അലംഭാവപൂർണ്ണമായ സമീപനമായിരുന്നു.

ഒരാൾക്ക് ഏതവസരത്തിലും  തിരികെവരാനുള്ള അവകാശം അവർ പാടെ അവഗണിച്ചു. പ്രവാസികളുടെ വരവ് മൂലമുണ്ടാകാവുന്ന രോഗവ്യാപനം തടയാൻ നടപടിയെടുക്കാനുള്ള ചുമതല തീർച്ചയായും സർക്കാറിനുണ്ടായിരുന്നു. പക്ഷേ, അവരെ എത്രയുംവേഗം നാട്ടിലെത്തിക്കാഞ്ഞത് അക്ഷന്തവ്യമായ അപരാധമാണ്. ഗൾഫ്‌  പ്രവാസികൾ ഇപ്പോഴും  പല ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്.

ഇതുസംബന്ധിച്ച് വിവിധ സംഘടനകൾ സർക്കാറിന് നേരിട്ട് പരാതികൾ നൽകിയിട്ടുണ്ട്. അവ അടിയന്തരമായി പരിശോധിച്ച് അനുഭാവപൂർവം നടപടികളെടുക്കാൻ കേരള സർക്കാർ തയ്യാറാകണം.

LatestDaily

Read Previous

കണ്ണാടി തല്ലിപ്പൊട്ടിക്കുന്നവർ

Read Next

മ​ല​യാ​ള സി​നി​മ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ