ജനപ്രതിനിധികൾ ജനങ്ങൾക്ക് മുകളിലല്ല

കഴിഞ്ഞ നിയമസഭയിൽ ബാർ കോഴ ആരോപണത്തിൽ അന്നത്തെ പ്രതിപക്ഷം നടത്തിയ അക്രമങ്ങൾ സംബന്ധിച്ചകേസ് പിൻവലിക്കാൻ ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി വിസമ്മതിക്കുകയും ആ അക്രമസംഭവത്തെ അപലപിക്കുകയും ചെയ്തിരിക്കുകയാണല്ലോ. കോടതി പരാമർശിച്ച കാര്യങ്ങൾ നൂറു ശതമാനവും ശരിയാണ്.

വരട്ടെ നമുക്ക് നോക്കാമെന്ന് ഉമ്മൻചാണ്ടി; വി എസ് തന്റെ നേരെ വാളെടുത്ത് നിന്ന കാലം ഓർമിച്ച് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഉമ്മൻചാണ്ടിയെപ്പറ്റി ഓർക്കുമ്പോൾ മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയ്‌ക്ക് മനസിൽ അതിവേഗം ഓടിയെത്തുന്നത് 2011ലെ നിയമസഭ തിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപന…

നിയമസഭയുടെ തികച്ചും അഭിമാനകരമായ ചരിത്രത്തിന്മേൽ നാണക്കേടിന്റെയും നെറികേടിന്റെയും തീരാക്കളങ്കം വീഴ്‌ത്തിയതാണ് 2015ലെ ബഡ്ജറ്റ് അവതരണ ദിനത്തിൽ കേരള നിയമസഭയിൽ അരങ്ങേറിയ ജൂഗുപ്സാവഹമായ സംഭവങ്ങൾ.ജനപ്രതിനിധികൾക്ക് അനുവദിച്ചിട്ടുള്ള പ്രത്യേകാവകാശങ്ങൾ (പ്രിവിലേജസ്) സഭ സമ്മേളിക്കുന്ന അവസരങ്ങളിൽ മാത്രമുള്ളതാണ്. അല്ലാതെ സമ്മേളിക്കാതിരിക്കുമ്പോൾ സഭയ്ക്കകത്തുകയറി എന്തും കാട്ടിക്കൂട്ടാനുള്ളതല്ല.. നിയമ നിർമ്മാണ സഭകളും അവയിലെ സ്ഥാവരജംഗമ വസ്തുക്കളും ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. അവയ്ക്ക് കേടുവരുത്തുന്നതും അവ നശിപ്പിക്കുന്നതും മറ്റ് പൗരന്മാരെയുമെന്നപോലെ തന്നെ ജനപ്രതിനിധികളെയും സംബന്ധിച്ച് ശിക്ഷാർഹമായ ക്രിമിനൽ കുറ്റമാണ്. സഭാനാഥനായ സ്പീക്കർ സഭയിൽ വന്ന് സഭാ നടപടി തുടങ്ങുമ്പോഴാണ് നിയമപ്രകാരം സഭസമ്മേളിക്കുന്നതാകുന്നത്. അങ്ങനെ സമ്മേളിക്കുന്നതിനു മുമ്പായിരുന്നു അന്നത്തെ പ്രതിപക്ഷാംഗങ്ങൾ അദ്ധ്യക്ഷവേദിയിൽ കയറി പരാക്രമങ്ങൾ കാട്ടി അവിടുണ്ടായിരുന്ന ഉപകരണങ്ങൾ തകർത്തത്. അത് ചെയ്തവർക്കെതിരെ കോടതിയിൽ കേസ് ചാർജ് ചെയ്താൽ അവരെ രക്ഷിക്കാൻ അവർക്കുള്ള പ്രത്യേകാവകാശകൾ ഉതകുകയില്ല. അതു തന്നെയാണ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ഇപ്പോൾ നടത്തിയിരിക്കുന്ന പരാമർശങ്ങളുടെയും പൊരുൾ.

ഗവൺമെന്റിന്റെ ഭരണഘടനാപരമായ ബാദ്ധ്യതയാണ് സഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കുക എന്നത്.സൗകര്യമൊരുക്കുക എന്നത് സ്പീക്കറുടെ ഉത്തരവാദിത്വവും. അതാണ് അന്ന് സ്പീക്കർ ശക്തൻ പ്രതിപക്ഷത്തിന്റെ എതിർപ്പിനിടയിൽ നിർവഹിച്ചത്.

അഴിമതിക്കാരനെന്ന് തങ്ങൾ ആരോപിക്കുന്ന കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കാൻ പാടില്ലെന്നായിരുന്നല്ലോ അന്നത്തെ പ്രതിപക്ഷത്തിന്റെ നിർബന്ധം. അഴിമതിക്കാരനായ ഒരു വ്യക്തിയും മന്ത്രിയാകാൻ പാടില്ലെന്ന അന്നത്തെയും എന്നത്തെയും പ്രതിപക്ഷത്തിന്റെ ആദർശശുദ്ധി മാനിക്കപ്പെടേണ്ടതുതന്നെ. അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ എന്ന കണക്കെ ബാർ ഉടമകളിൽ നിന്നും അതുപോലുള്ള പണച്ചാക്കുകളിൽ നിന്നും കോഴയോ സംഭാവനയോ സ്വീകരിക്കാറുള്ള ചില നേതാക്കന്മാരുണ്ടാകും എല്ലാ പാർട്ടികളിലും. അങ്ങനെ ആരോപണവിധേയനാകുന്ന ഏതൊരാളും ആ ആരോപണം നേരാണെന്ന് നിയമപരമായ പ്രക്രിയയിലൂടെ കോടതിയിൽ സംശയലേശമന്യേ തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി കണക്കാക്കപ്പെടുമെന്നതാണ് നിയമ വ്യവസ്ഥയിലെ തത്വം. അതല്ലാതെ ആരോപണകർത്താവോ ആരോപണത്തെ അനുകൂലിക്കുന്നവരോ അല്ല വിധികർത്താക്കളാകേണ്ടത്. അപ്പോൾ പിന്നെ അന്ന് കെ.എം. മാണി ധനകാര്യമന്ത്രിയെന്ന നിലയിൽ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിൽ എന്താണ് നിയമവിരുദ്ധമായ തെറ്റ് എന്ന ചോദ്യം പ്രസക്തമാണ്.

ജനപ്രതിനിധികളിൽ നിന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും മാന്യമായ പെരുമാറ്റവും തങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള പരിശ്രമവുമാണ്. അതല്ലാതെ സംസ്ഥാനത്തിന്റെ ഭാവിഭാഗധേയം നിർണയിക്കേണ്ട നിയമസഭയുടെ അന്തസ് കെടുത്തുന്ന പെരുമാറ്റവും പ്രവൃത്തികളുമല്ല. അതെല്ലാം എന്തു ന്യായീകരണം പറഞ്ഞാലും പാർട്ടി അണികളും അനുഭാവികളുമല്ലാതെ ജനാധിപത്യബോധമുള്ളവർ അംഗീകരിക്കില്ല. നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ വിചിത്രമായ ഒരു പ്രകൃതമാണ് അധികാരത്തിലായിരിക്കുമ്പോൾ ജനാധിപത്യമൂല്യങ്ങളെപ്പറ്റി ബോധമുണ്ടാകുന്നതും പ്രതിപക്ഷത്താകുമ്പോൾ അത് വിസ്മരിക്കുന്നതും.

പ്രസ്തുത ദിവസം പ്രതിപക്ഷം സഭയുടെ അദ്ധ്യക്ഷവേദിയിൽ കടന്നുകയറി പരാക്രമങ്ങൾ നടത്തിയത് നടാടെ ഉണ്ടായ സംഭവമായിരുന്നില്ല. ആദ്യത്തെ അച്ചുതമേനോൻ മന്ത്രിസഭയുടെ കാലത്ത് അന്നത്തെ പ്രതിപക്ഷമായിരുന്നു നിരുത്തരവാദപരമായ ഈ പ്രവണതയ്ക്ക് തുടക്കം കുറിച്ചത്. 1970 ജനുവരി 27ന് ഒരു ക്രമസമാധാന പ്രശ്നത്തിന്റെ പേരിൽ അന്ന് പ്രതിപക്ഷത്തായിരുന്ന സി.പി.എം മെമ്പർമാരിൽ ചിലർ മുദ്രാവാക്യം വിളിയുമായി സഭയുടെ അദ്ധ്യക്ഷവേദിയിൽ ചാടിക്കയറി പരാക്രമങ്ങൾ നടത്തി. സ്പീക്കറുടെ മേശമേലുണ്ടായിരുന്ന ഫയലുകളും ടൈംപീസും അവർ വലിച്ചെറിഞ്ഞു. മൈക്ക് വലിച്ചൊടിച്ചു. (അന്ന് കമ്പ്യൂട്ടറും ആധുനിക ഉപകരണങ്ങളുമുണ്ടായിരുന്നില്ല). മുമ്പ് ഉണ്ടായിട്ടില്ലാത്തതും എന്നെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാത്തതുമായ ആ കോപ്രായങ്ങൾ കണ്ട് സഭ അന്ധാളിച്ചുപോയി.

അപ്പോൾ ചെയറിലായിരുന്ന സ്പീക്കർ ഡി. ദാമോദരൻപോറ്റി ഭയവിഹ്വലനായി എഴുന്നേറ്റ് തന്റെ ചേംബറിലേക്ക് പോയി. ആ പരാക്രമങ്ങൾ നടത്തിയതിന് സി.ബി.സി വാര്യർ, എ.വി. ആര്യൻ, ഇ.എം. ജോർജ്, ടി.എം. മീതിയൻ, പ്രഭാകര തണ്ടാർ എന്നീ സി.പി.എം മെമ്പർമാരെ സഭയുടെ ആ സമ്മേളനകാലം തീരും വരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അതിൽ പിന്നീടും യു.ഡി.എഫ് പ്രതിപക്ഷത്തായിരുന്നപ്പോഴും എൽ.ഡി.എഫ് പ്രതിപക്ഷത്തായിരുന്നപ്പോഴും ഇതേ പ്രവണത പലവട്ടം ആവർത്തിച്ചിട്ടുണ്ട്.

മുൻകാലങ്ങളിൽ പ്രതിപക്ഷത്ത് ഏത് ഏത് കക്ഷികളായിരുന്നാലും സർക്കാരിന്റെ വീഴ്ചകളെ കടന്നാക്രമിക്കുമ്പോൾ അക്കാര്യത്തിൽ ഒരു ലക്ഷ്മണരേഖ പാലിക്കുമായിരുന്നു. പ്രത്യേകിച്ച് സഭയുടെ അന്തസിന്റെ അതിര് അതിലംഘിക്കാതിരിക്കുന്ന കാര്യത്തിൽ. 1987 – 91ലെ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒരവസരത്തിൽ അന്ന് പ്രതിപക്ഷത്തായിരുന്ന യു.ഡി.എഫ് മെമ്പർമാരിൽ ചിലർ ഒരു പ്രശ്നത്തിന്മേൽ അദ്ധ്യക്ഷവേദിയിൽ കയറി കോപ്രായങ്ങൾ നടത്തുകയുണ്ടായി.

അങ്ങനെ ചെയ്യുന്നതാണോ ജനാധിപത്യം എന്ന ചോദ്യമായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ പ്രതികരണം. അങ്ങനെ ചോദിക്കാനും ചിന്തിക്കാനുമുള്ള അദ്ദേഹത്തിന്റെ ധാർമ്മിക ബോധം കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരത്താൽ ഇന്നത്തെ പല നേതാക്കന്മാർക്കും ഇല്ലാതായിരിക്കുന്നുവെന്നത് ഒരു ദുഃഖസത്യം മാത്രം.

LatestDaily

Read Previous

നിശബ്ദമായത് പാട്ടിന്റെ പാലാഴി

Read Next

ഫാഷൻ ഗോൾഡ് തെളിവെടുപ്പ് അനിശ്ചിതത്വത്തിൽ