ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ല കലാപമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സമരം അവസാനിച്ചാലും ഇല്ലെങ്കിലും പദ്ധതി പൂർത്തിയാകും. വർഗീയ തീവ്രവാദ ശക്തികളാണ് കലാപത്തിന് പിന്നിൽ. അവരോട് വഴങ്ങി പ്രോജക്റ്റ് അവസാനിപ്പിക്കില്ല. ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാനെതിരായ വർഗീയ പരാമർശത്തിന്റെ പേരിൽ തുറമുഖ വിരുദ്ധ സമരസമിതി കൺവീനർ ഫാ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ എം.വി.ഗോവിന്ദൻ രൂക്ഷ വിമർശനമാണ് ഉയർത്തിയത്.
“പുരോഹിതന്റേത് നാക്കുപിഴയല്ല. വർഗീയ മനസുള്ള ആൾക്കേ അത്തരം പദപ്രയോഗം നടത്താൻ കഴിയൂ. വികൃതമായ മനസാണ് പുരോഹിതൻ പ്രകടിപ്പിച്ചത്. ലത്തീൻ അതിരൂപത തന്നെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ തുടക്കത്തിൽ ഇറങ്ങിയത്.” അദ്ദേഹം പറഞ്ഞു.
“തുറമുഖം അദാനിക്ക് കൈമാറുന്നതിനെ സി.പി.എം നേരത്തെ എതിർത്തിരുന്നു. തുറമുഖത്തിന് പിന്നിലെ അഴിമതിയിൽ സി.പി.എമ്മും പ്രതിഷേധം ഉയർത്തി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് തുറമുഖത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഇടതുസർക്കാർ അധികാരത്തിൽ വന്നപ്പോൾ പദ്ധതി വിലയിരുത്തി. ഓരോ സർക്കാരും അതിനു മുൻപത്തെ സർക്കാരിന്റെ തുടർച്ചയായതിനാൽ പദ്ധതി തുടരാൻ തീരുമാനിച്ചു. സർക്കാർ ഫലപ്രദമായ പിന്തുണ നൽകി.
മത്സ്യത്തൊഴിലാളികളാണ് വിഴിഞ്ഞത്ത് സമരം ആരംഭിച്ചത്. ഇവരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിഹരിക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. പുനരധിവാസം, വീടുകളുടെ നിർമ്മാണം, മണ്ണെണ്ണ സബ്സിഡി എന്നിവയുൾപ്പെടെ തൊഴിലാളികളുമായി ബന്ധപ്പെട്ട ആറ് പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സർക്കാർ സമ്മതിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം നിർത്തിവയ്ക്കണമെന്നായിരുന്നു ഏഴാമത്തെ ആവശ്യം. അതിനോട് യോജിക്കാൻ കഴിയില്ല. തലസ്ഥാനത്തിന്റെ വികസനത്തിന് ഈ പദ്ധതി അനിവാര്യമാണ്. നിർമ്മാണം നിർത്തണമെന്ന ഒരൊറ്റ പ്രശ്നത്തെ കേന്ദ്രീകരിച്ചാണ് കലാപങ്ങൾ നടക്കുന്നത്. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവസരമുണ്ട്.” എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.