ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മാഡം,
അങ്ങ്, കാസർകോട് ജില്ലയുടെ പോലീസ് അധികാരിയായി ചുമതലയേറ്റിട്ട് അധികം നാളായിട്ടില്ല. ഇന്ത്യൻ പോലീസ് സർവ്വീസിൽ നിന്ന് ഒരു വനിത അതും, ചോര തിളയ്ക്കുന്ന ചെറുപ്രായക്കാരി, കാസർകോട് ജില്ലയുടെ പോലീസ് മേധാവിയായി ചുമതലയേൽക്കുമ്പോൾ, കർണ്ണാടകയോട് തൊട്ടുരുമ്മി നിൽക്കുന്ന ഈ അതിർത്തി ദേശത്തെ ജനങ്ങൾ, താങ്കളിൽ ഒരുപാട് പ്രതീക്ഷകൾ വെച്ചു പുലർത്തിയിരുന്നു.
ഒരുവേള കാസർകോടിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ജില്ലയുടെ പോലീസ് തലപ്പത്ത് അവരോധിക്കപ്പെടുന്നത്.
ഇപ്പോൾ, താങ്കൾക്ക് ഏറെ സ്നേഹപൂർവ്വം ഈ മുഖക്കുറിപ്പെഴുതാനുണ്ടായ മുഖ്യകാരണം, നാടിനെ അമ്പരപ്പിച്ചു കൊണ്ട് ഈ ജില്ലയിൽ നടന്ന ഫാഷൻഗോൾഡ് ജ്വല്ലറിത്തട്ടിപ്പിന്റെ ഗുരുതരാവസ്ഥ ശ്രദ്ധയിൽപ്പെടുത്താനാണ്.
നൂറു കോടി രൂപ ഇടപാടുകാരിൽ നിന്ന് തട്ടിയെടുത്തുകൊണ്ട് ഫാഷൻ ഗോൾഡിന്റെ ജില്ലയിലെ രണ്ട് വൻ ഷോറൂമുകൾ അടച്ചു പൂട്ടിയിട്ട് മാസം ആറ് കഴിഞ്ഞു.
ഒരു ലക്ഷം രൂപ മുതൽ 3 കോടി രൂപ വരെ നിക്ഷേപകരെ മാടി വിളിച്ച് പണം വാങ്ങി തട്ടിപ്പു നടത്തിയ അതിസമർത്ഥന്മാരും, സമൂഹത്തിന്റെ ഉന്നത സ്രേണിയിൽ വിലസുന്നവരുമായ പ്രമുഖർക്കെതിരെ സ്ത്രീകളടക്കമുള്ളവർ കൊടുത്ത റൊക്കം പണം തിരിച്ചു കിട്ടാതെ കണ്ണീർ വാർത്തു കഴിയുകയാണ്.
പണം തിരിച്ചുകിട്ടാൻ, തട്ടിപ്പ് നടത്തിയ പ്രഖരുടെ വാതിലുകളിൽ എത്രയോ തവണകൾ മുട്ടിയിട്ടും, ആ വാതിലുകളെല്ലാം, സ്ത്രീകളടക്കമുള്ള നിക്ഷേപകർക്ക് മുന്നിൽ കൊട്ടിയടക്കപ്പെട്ട പ്രത്യേക സാഹചര്യത്തിലാണ് പരാതിയുമായി പലരും നിരന്തരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങിയത്.
ഇവരിൽ നിന്ന് പരാതി വാങ്ങി വായിച്ചു നോക്കി കീറിക്കളഞ്ഞ പോലീസ് യജമാനന്മാർ പരാതിക്കാരെ സ്റ്റേഷനിൽ നിന്ന് തിരിച്ചയച്ച സങ്കീർണ്ണമായ സാഹചര്യത്തിലാണ്, ഇവരിൽ 12 പേർ കൂട്ടത്തോടെ ജ്വല്ലറിയുടമകൾക്കെതിരെ തയ്യാറാക്കിയ പരാതികളും തെളിവുകളുമായി അങ്ങ് കാസർകോട് പാറക്കട്ടയിലിരിക്കുന്ന താങ്കളെ നേരിട്ടു വന്നു കണ്ട് തൊഴുതു വണങ്ങിയത്.
പുര നിറഞ്ഞു നിൽക്കുന്ന പെൺകുട്ടികളുടെ കല്ല്യാണത്തിന് കരുതിവെച്ച പൊന്നും പണവുമാണ് ഇവരിൽ പലരും ജ്വല്ലറിയിൽ നിക്ഷേപിച്ചതെന്ന് നീല ജലാശയത്തിലെ തെളിനീരുപോലെ താങ്കൾക്ക് കൂടി അറിയാവുന്ന പരമസത്യമാണ്.
എന്നിരുന്നാലും, താങ്കളെ ഏറെ വിശ്വസിച്ച് നേരിൽക്കണ്ട് സങ്കടം തുറന്നു പറഞ്ഞ് കണ്ണീരൊഴുക്കി വിറയാർന്ന കൈകളോടെ നീതി ലഭിക്കുമെന്ന പ്രത്യാശയിൽ സമർപ്പിച്ച പരാതികളിൽ ഒരു മാസം പിന്നിട്ടു പോയിട്ടും യാതൊരു നടപടികളും ഇല്ലാതെ താളിന് പുറത്തുവീണ വെള്ളംപോലെ ആ പരാതികൾ വഴുതി വഴുതി നിലത്തു വീണുകിടക്കുന്നത് മഹാ കഷ്ടമാണ് മാഡം.
നിക്ഷേപകരെ മയക്കി കോടികൾ തട്ടിയെടുത്ത കശ്മലന്മാരുടെ മഹാവിജയമാണിത്. അവരെല്ലാം ഇടതു ഭരണത്തിൽ കേരളാ പോലീസിന്റെ കഴിവുകേടുകൾ പങ്കുവെച്ച് കൊഞ്ഞനം കുത്തുകയാണിപ്പോൾ.
മാഡം, താങ്കൾ കേരളത്തിന്റെ അയൽജില്ലയായ കർണ്ണാടകയിൽ നിന്ന് നീതിയും, നിയമവും ഉറപ്പാക്കാൻ കേരളത്തിലെത്തിയ ഐപിഎസ് ഉദ്യാഗസ്ഥയാണ്.
പാവപ്പെട്ടവരുടെ കണ്ണീരൊപ്പുമെന്ന് പ്രതിജ്ഞ ചെയ്തശേഷമാണ് താങ്കൾക്ക് ഭാരത സർക്കാർ സ്വന്തം കാക്കിയുടുപ്പിൽ ചുമലിലും തൊപ്പിയിലും , ഭാരതത്തിന്റെ അഖണ്ഢതയുടെയും ഐക്യത്തിന്റെയും നീതിയുടേയും പ്രതീകമായ 24 അരക്കാലുകൾ കൊത്തിയ അഭിമാനമായ അശോക ചക്രം ഏൽപ്പിച്ചു തന്നിട്ടുള്ളത്.
ഈ ഓരേയൊരു വിശ്വാസത്തിലും, ആത്മബോധത്തിലും തന്നെയാണ് ജില്ലയിൽ പ്രമുഖരാൽ വഞ്ചിക്കപ്പെട്ട, സഹോദരിമാരടക്കമുള്ള 12 പേർ നീതിക്കുവേണ്ടി താങ്കളെ നേരിൽ വന്നു കണ്ട് സങ്കടമറിയിച്ചത്.
ആ സങ്കടങ്ങൾക്ക്, കണ്ണുനീർ തുള്ളികൾക്ക്, യാതൊരു വിലയുമില്ലാതെ പോവുകയാണെങ്കിൽ ധർമ്മം പരാജയപ്പെടുകയും, അധർമ്മം കറുത്ത കുതിരകളായി പാവപ്പെട്ട മനുഷ്യരുടെ മേൽ ചവിട്ടിക്കയറുകയും ചെയ്യുന്നിടത്താണ് അങ്ങയുടെ കീഴിലുള്ള പോലീസ് സേനാംഗങ്ങൾ ഇപ്പോൾ ഫാഷൻ ഗോൾഡ് പരാതിയിൽ എന്തൊക്കെയോ കാട്ടിക്കൂട്ടലുകൾ നടത്തിയിട്ടുള്ളത്.
വലിയ കാറ്റും മഴയും ആഞ്ഞടിക്കുമ്പോൾ, പക്ഷികളെല്ലാം മരപ്പൊത്തിൽ ഒളിക്കും, എന്നാൽ പരുന്ത് മഴമേഘങ്ങൾക്കും ഉയരത്തിൽ പറന്ന് കാറ്റിനേയും മഴയേയും അതിജീവിക്കും. ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ഡോ.ഏപിജെ. അബ്ദുൾകലാമിന്റെ ശ്രദ്ധേയമായ ഉദ്ധരണിയാണിത്.
മാഡം, ചെങ്കോലും, കിരീടവും, സിംഹാസനവും കൈയ്യിലുണ്ടായിട്ടും, മഴ വരുമ്പോൾ , ചെറു പക്ഷികളെപ്പോലെ നാമെന്തിന് മാളത്തിലൊളിക്കണം? ജീവിതത്തിൽ ഒരിക്കലെങ്കിലും നമുക്ക് ധീരമായ ചില നടപടികളലൂടെ കൂർത്ത കൊക്കുകളും, കരുത്തുള്ള ചിറകുകളുമുള്ള സത്യത്തിന്റെ പരുന്തുകളായി കറുത്ത മഴമേഘങ്ങൾക്ക് മുകളിലേക്ക് ചിറകിട്ട് പറന്ന് കാറ്റിനേയും പെരുമഴയേയും അതിജീവിക്കാമല്ലോ… മാഡം-? അതിന് താങ്കൾക്ക് കഴിയുമെന്നു തന്നെ ഈയുള്ളവൻ ഉറച്ചു വിശ്വസിക്കുകയാണ്. സത്യമേവ ജയതേ..
-എന്ന്,
അരവിന്ദൻ മാണിക്കോത്ത്
എഡിറ്റർ