ഷെയർ സർട്ടിഫിക്കറ്റിന് പകരം ഫാഷൻ ഗോൾഡ് നൽകിയത് മുദ്രപ്പത്ര റസീത്

കാഞ്ഞങ്ങാട്    :    കമ്പനി നിയമമനുസരിച്ച്  റജിസ്റ്റർ  ചെയ്ത ഫാഷൻ  ഗോൾഡ്  സ്വർണ്ണാഭാരണ ശാലയിൽ  ലക്ഷങ്ങൾ മുടക്കി ഷെയർ വാങ്ങിയവർക്ക് നൽകിയത് നൂറു രൂപയുടെ  മുദ്രപ്പത്രത്തിൽ  എഴുതിയുണ്ടാക്കിയ റസീത് .

റജിസ്ട്രാർ ഒാഫ് കമ്പനിയിൽ  റജിസ്റ്റർ ചെയ്ത്  പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ  പണം മുടക്കി  ഷെയറുകൾ വാങ്ങുന്നവർ  ആ കമ്പനിയുടെ  ഷെയർ ഹോൾഡർമാരാണ്.

ഫാഷൻ ഗോൾഡിൽ ഷെയർ വാങ്ങിയവർക്കെല്ലാം  ഈ ജ്വല്ലറി സ്ഥാപനം നൽകിയത് വെറും നൂറു രൂപയുടെ മുദ്രപ്പത്രത്തിൽ  പണം കൈപ്പറ്റിയെന്ന് എഴുതിയ രസീതാണ്.

ഇത് കമ്പനി ചട്ടങ്ങൾക്ക് തീർത്തും വിരുദ്ധവും  കമ്പനിയിൽ പണം മുടക്കിയ നിക്ഷേപകരെ  ബോധപൂർവ്വം വഞ്ചിക്കാനുള്ള ഗൂഢ പദ്ധതിയുമായിരുന്നുവെന്ന് ഇപ്പോൾ  പുറത്തു വന്നു.

കമ്പനിയിൽ ഷെയർ വാങ്ങണമെങ്കിൽ  ഇത്തരം ഷെയർ ഹോൾഡർമാർക്ക് ഷെയർ സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടു നൽകേണ്ടത്. കമ്പനിയുടെ  എം.ഡി.യാണ്.

ഈ ഷെയർ സർട്ടിഫിക്കറ്റുകളിൽ ഷെയർ വാങ്ങിയ ആൾ മുടക്കിയ  പണം എത്രയാണെന്ന്  വ്യക്തമായി  രേഖപ്പെടുത്തണം . സർട്ടിഫിക്കറ്റിൽ കമ്പനി റബ്ബർ സീലിന് പുറമെ കമ്പനിക്ക് മാത്രം പ്രത്യേകം  തയ്യാറാക്കുന്ന എംബോസിംഗ്  കോമൺ സീൽ കൂടി പതിച്ചിരിക്കണം.

ഇത്ര ലക്ഷം രൂപ അല്ലെങ്കിൽ ഇത്ര കോടി രൂപ ഷെയർ വാങ്ങാൻ ഉദ്ദേശിക്കുന്നുവെന്ന് പണം സ്വീകരിക്കും മുമ്പ്  സ്ഥാപനം കമ്പനി റജിസ്ട്രാർക്ക് എഴുതി അറിയിക്കണം.

അങ്ങിനെ കമ്പനി റജിസ്ട്രാർക്ക് ലഭിക്കുന്ന കമ്പനി മാനേജിംഗ് ഡയറക്ടറുടെ  അപേക്ഷയിൽ ഷെയർ പിരിക്കാൻ കമ്പനി  റജിസ്ട്രാർ രേഖാമൂലം അനുമതി നൽകിയാൽ മാത്രമേ കമ്പനി നിക്ഷേപം സ്വീകരിക്കാൻ പാടുള്ളു.

ഇങ്ങനെ കമ്പനി സ്വീകരിക്കുന്ന  നിക്ഷേപം വെള്ളപ്പണമായിരിക്കണം.

ചെക്കുകൾ വഴിയും, ബാങ്ക് ട്രാൻസ്ഥർ വഴിയും നിക്ഷപം സ്വീകരിക്കുന്നതല്ലാതെ റൊക്കം പണമായി കമ്പനി അക്കൗണ്ടിൽ ഒരു ചില്ലിക്കാശ് പോലും സ്വീകരിക്കാൻ പാടില്ലെന്ന നിയമവും കമ്പനി ആക്ടിൽ  കർശനമാണ്.

കേന്ദ്രസർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനി റജിസ്ട്രാറുടെ കേരളത്തിലെ ഒരേയൊരു ഒാഫീസ് എറണാകുളം തൃക്കാക്കരയിൽ  പ്രവർത്തിക്കുന്ന കമ്പനി ഭവൻ ആണ്.

ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്  എന്ന പേരിൽ   ഈ ജ്വല്ലറി കമ്പനിയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഫാഷൻ ഗോൾഡ്  പ്രവർത്തിച്ചതും ഷെയർ തുക പിരിച്ചതുമെല്ലാം  കമ്പനി ചട്ടങ്ങൾക്ക് തീർത്തും വിരുദ്ധമായിട്ടാണ്.

Read Previous

ഭാസ്ക്കരന്റെ ആത്മഹത്യ കടബാധ്യത മൂലം

Read Next

പോപ്പുലർ ഫിനാൻസിനെതിരായ കേസ് ഫാഷൻ ഗോൾഡിന് സമാനം