ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് ഡയറക്ടർമാരെ എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ ഡയരക്ടർമാരെക്കൂടി നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതികളാക്കണമെന്ന നിക്ഷേപകരുടെ ആവശ്യത്തിന് ശക്തിയേറുന്നു. ജ്വല്ലറി അടച്ചിടുമ്പോൾ ഡയരക്ടർമാരായിരുന്ന 6 പേരെക്കൂടി കേസിൽ പ്രതി ചേർക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.
ഇ.എം അബ്ദുൾ അസീസ്, ഹമീദ് മൊയ്തീൻ, ഷമീർ കൊടുവള്ളി, ഫൈസൽ ഏ.ജി, ഹനീഫ, ഹാരിസ് അബൂബക്കർ പഴയങ്ങാടി എന്നിവരാണ് ഫാഷൻ ഗോൾഡ് സ്ഥാപനങ്ങൾ പൂട്ടുന്ന സമയത്ത് കമ്പനി ഡയരക്ടർമാരായുണ്ടായിരുന്നത്. ഇവരിൽ ഹാരിസ് അബൂബക്കർ പയ്യന്നൂർ ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ മാനേജരും, ഹനീഫ കാസർകോട് ജ്വല്ലറിയിലെ മാനേജരുമായിരുന്നു.
ഹജ്ജ് തീർത്ഥാടനത്തിനായി ഹാരിസ് അബൂബക്കർ ചുമതലയൊഴിയുമ്പോൾ പയ്യന്നൂർ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ 18 കിലോ സ്വർണ്ണം ബാക്കിയുണ്ടായിരുന്നു. ഇതിൽ അഞ്ചരക്കിലോ സ്വർണ്ണവും വജ്രക്കല്ലുകളും, വില പിടിപ്പുള്ള വാച്ചുകളും ഡയരക്ടർമാരായ ഇ.എം അബ്ദുൾ അസീസ്, ഹമീദ് മൊയ്തീൻ, ഷമീർ കൊടുവള്ളി, ഏ.ജി. ഫൈസൽ എന്നിവർ കടത്തിക്കൊണ്ടു പോയി. ബാക്കിയുണ്ടായിരുന്ന 12.5 കിലോ സ്വർണ്ണം എവിടെപ്പോയെന്നതിൽ വ്യക്തതയില്ല.
കാസർകോട് ഫാഷൻ ഗോൾഡ് മാനേജരായ ഹനീഫ ജ്വല്ലറിയിൽ നിന്നും കടത്തിക്കൊണ്ടു പോയ സ്വർണ്ണമുപയോഗിച്ച് കർണ്ണാടക പുത്തൂരിൽ ജ്വല്ലറി ആരംഭിച്ചിട്ടുണ്ട്. ഇവരെയെല്ലാം നിക്ഷേപത്തട്ടിപ്പുകേസിൽ പ്രതിയാക്കണമെന്നാണ് തട്ടിപ്പിനിരയായവരുടെ ആവശ്യം. ഫാഷൻ ഗോൾഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കാസർകോട്ടെ കെട്ടിടം ജ്വല്ലറിയിൽ പണം നിക്ഷേപിച്ച പടന്ന സ്വദേശി അഫി അഹമ്മദിന് കൈമാറിയിരുന്നു.
ഫാഷൻ ഗോൾഡ് നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത പണമുപയോഗിച്ച് ബംഗളൂരുവിൽ വാങ്ങിയ ഭൂമിയിലെ പ്ലോട്ട് മറ്റൊരു നിക്ഷേപകനായ പടന്നയിലെ അസീസിനും കൈമാറിയിട്ടുണ്ട്. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിക്ക് മുൻവശമുണ്ടായിരുന്ന കെട്ടിട വിൽപ്പന നടത്തിയതിന്റെ തുകയെക്കുറിച്ചും അന്വേഷണം വേണമെന്ന് നിക്ഷേപകർ ആവശ്യപ്പെടുന്നു. കേസിലെ മുഖ്യ പ്രതിയായ ടി.കെ. പൂക്കോയയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചും, ഡയരക്ടർമാരെ കേസിൽ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടും സെക്രട്ടറിയേറ്റ് സമരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനിരയായവർ. നീതി കിട്ടുന്നതുവരെ സമരരംഗത്തു നിന്നും പിൻമാറില്ലെന്നാണ് ഇവർ പറയുന്നത്. അതേ സമയം, ജ്വല്ലറിത്തട്ടിപ്പിൽ എം.സി ഖമറുദ്ദീൻ എംഎൽഏയ്ക്ക് 14 കേസുകളിൽക്കൂടി ജാമ്യം കിട്ടി. ഇതോടെ 71 കേസുകളിൽ ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇനിയും കേസുകളുള്ളതിനാൽ ഖമറുദ്ദീന് ജയിലിൽ നിന്ന് ഉടൻ പുറത്തിറങ്ങാനാകില്ല.