ഫാഷൻഗോൾഡ് തട്ടിപ്പിനിരയായ പ്രവാസികൾ യുഏഇയിൽ സംഘടിച്ചു

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനിരയായ പ്രവാസികൾ യുഏഇയിൽ യോഗം ചേർന്നു.  തട്ടിപ്പിനിരയായ ഇരുപതോളം പ്രവാസികളാണ് ഭാവിപരിപാടികളാലോചിക്കാൻ ഗൾഫിൽ യോഗം വിളിച്ചത്. ഇവരിൽ ഭൂരിഭാഗം പേരും മുസ്്ലീം ലീഗ് അനുഭാവികളാണ്. കമ്പനി ചെയർമാൻ എം.സി. ഖമറുദ്ദീൻ എം.എൽഏയുടെയും, മാനേജിംഗ് ഡയരക്ടർ ടി.കെ. പൂക്കോയയുടെയും നിരന്തരം സമ്മർദ്ദത്തെത്തുടർന്നാണ് ഇവർ ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ചത്.

വിദേശത്തുള്ള പ്രവാസികൾ പത്ര വാർത്തയിലൂടെയാണ് ഫാഷൻ ഗോൾഡ് സ്ഥാപനങ്ങൾ പൂട്ടി ഉടമകൾ മുങ്ങിയ വിവരമറിഞ്ഞത്. ഇതേത്തുടർന്ന് ഇവർ ചെയർമാനെയും, എം.ഡി.യേയും, നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും, അവധി പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. സമ്പാദ്യം മുഴുവനും ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചവരാണ് ഇവരിൽ ഭൂരിഭാഗവും. സമ്പാദ്യം നഷ്ടമായ ഇവർക്ക് നാട്ടിലേക്ക് വരാൻ കഴിയാത്ത അവസ്ഥയിലാണ്.

നിക്ഷേപ ത്തട്ടിപ്പിനിരയായ പ്രവാസികൾ ലീഗ് നേതൃത്വത്തെ വിവരമറിയിച്ചിരുന്നെങ്കിലും, ഇവരുടെ സങ്കടം കേൾക്കാൻ ലീഗ് നേതൃത്വവും തയ്യാറായില്ല. ഇതേത്തുടർന്നാണ് പ്രവാസികൾ യുഏഇയിൽ യോഗം ചേർന്ന് ഭാവി പരിപാടികളെക്കുറിച്ച് ആലോചിച്ചത്. തട്ടിപ്പിനിരയായവരുടെ ബന്ധുക്കൾ ടി.കെ. പൂക്കോയയുടെ ചന്തേരയിലെ വീടിന് മുന്നിൽ പന്തൽകെട്ടി സത്യാഗ്രഹമിരിക്കാനാണ് ഒരുങ്ങുന്നത്.

യുഏഇയിലുള്ള ഇരുപതോളം പേരുടെ നാട്ടിലുള്ള ബന്ധുക്കളെ പൂക്കോയയുടെ വീടിന് മുന്നിൽ സത്യാഗ്രഹമിരുത്താനാണ് തീരുമാനം. ഗൾഫിൽ നടന്ന യോഗത്തിൽ ജമാൽ പറമ്പത്ത് ആധ്യക്ഷം വഹിച്ചു. സഫീർ നീലേശ്വരം, ശിഹാബ് പി. കാടങ്കോട്, സുരേഷ് പയ്യന്നൂർ, മുജീബ് മാട്ടൂൽ എന്നിവർ യോഗത്തിൽ സംസാരിച്ചു. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനിരയായവർ കാലിക്കടവിൽ ഏകദിന സത്യാഗ്രഹം സംഘടിപ്പിച്ചതിന് പിന്നാലെയാണ് യുഏഇയിലുള്ള പ്രവാസികൾ പുതിയ സമരമുറ പ്രഖ്യാപിച്ചിരിക്കുന്നത്.

നിക്ഷേപത്തട്ടിപ്പിനിരയായവർ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിട്ടും, കേസിലെ പ്രധാന പ്രതിയായ ടി.കെ. പൂക്കോയയെയും, മകൻ ഇഷാമിനെയും ഇതുവരെ പോലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം കാലിക്കടവിൽ സംഘടിപ്പിച്ച നിക്ഷപകരുടെ സത്യാഗ്രഹത്തിൽ കോൺഗ്രസ്, ലീഗ് നേതാക്കളെ ക്ഷണിച്ചിരുന്നെങ്കിലും, അവരാരും തന്നെ യോഗത്തിൽ പങ്കെടുത്തില്ല.

LatestDaily

Read Previous

പിതാവ് ആദ്യം കൊന്നത് മകനെ; എതിർത്തപ്പോൾ മകളെയും കൊന്നു

Read Next

മോഷ്ടാവ് മഠത്തിൽ മണി പിടിയിൽ