ഖമറുദ്ദീന് മഞ്ചേശ്വരം സീറ്റ് ലഭിക്കില്ല

കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ഇക്കുറി എം. സി. ഖമറുദ്ദീന് സീറ്റ് ലഭിക്കില്ലെന്ന് സൂചന. ഖമറുദ്ദീന് പകരം യൂത്ത് ലീഗ് നേതാവ്, ഏ. കെ. എം. അഷറഫിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. പി. ബി. അബ്ദുൾ റസാഖ് മരണപ്പെട്ടതിനെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ആദ്യം നിശ്ചയിച്ചിരുന്നത് ഏ. കെ. എം. അഷറഫിനെയായിരുന്നു.

ഇദ്ദേഹത്തെ കടത്തി വെട്ടിയാണ് എം. സി. ഖമറുദ്ദീൻ മഞ്ചേശ്വരം സീറ്റ് തരപ്പെടുത്തിയത്. മഞ്ചേശ്വരം സീറ്റ് ലഭിക്കാൻ ഖമറുദ്ദീൻ പാർട്ടിയിലെ ഉന്നതർക്ക് 2 കോടി നൽകിയെന്ന ആരോപണവുമുയർന്നിരുന്നു. ഖമറുദ്ദീന്റെ സീറ്റ് പേമെന്റ് സീറ്റാണെന്ന ആരോപണവുമായി മഞ്ചേശ്വരം മണ്ഡലത്തിലെ ഒരു വിഭാഗം പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന സിക്രട്ടറി കെ. സുരേന്ദ്രൻ 89 വോട്ടുകൾക്കാണ് മഞ്ചേശ്വരത്ത് പി. ബി. അബ്ദുൾ റസാഖിനോട് പരാജയപ്പെട്ടത്.

തെരഞ്ഞെടുപ്പ് അട്ടിമറിയാരോപിച്ച് കെ. സുരേന്ദ്രൻ കോടതിയിൽ നൽകിയ കേസ്സ് പിന്നീട് പിൻവലിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ആയിരത്തിലധികം വോട്ടുകൾക്കാണ് ഖമറുദ്ദീൻ മഞ്ചേശ്വരത്ത് നിന്നും ജയിച്ചു കയറിയതെങ്കിലും, ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിൽ പ്രതിയായതോടെ ഇദ്ദേഹത്തിന് കൂടുതൽ കാലം നിയമസഭയിലെത്താനായിട്ടില്ല. എംഎൽഏയുടെ അഭാവം മഞ്ചേശ്വരം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെയും ബാധിച്ചു. ഖമറുദ്ദീൻ മഞ്ചേശ്വരത്ത് നിന്നും ജയിച്ചത് ബിജെപിയുടെ കൂടി സഹായത്തോടെയായിരുന്നുവെന്നും ആരോപണമുണ്ട്. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർതഥിയായിരുന്ന രവീശതന്ത്രി കുണ്ടാറിന് വോട്ടുകൾ കുറഞ്ഞത് ബിജെപി വോട്ടുകൾ ഖമറുദ്ദീന് ലഭിച്ചത് മൂലമാണെന്നാണ് ആരോപണം.

രണ്ടാമൂഴത്തിന് വേണ്ടി ആഗ്രഹിച്ച എം. സി. ഖമറുദ്ദീന്റെ സ്ഥാനാർത്ഥി മോഹങ്ങൾക്ക് വിലങ്ങിട്ടാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏ. കെ. എം. അഷ്റഫിന്റെ പേര് ഉയർന്നുവരുന്നത്. ജ്വല്ലറിത്തട്ടിപ്പ് കേസ്സിൽ പ്രതിയായ എം. സി. ഖമറുദ്ദീനെ ചുമക്കാൻ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടർമാർ തയ്യാറല്ലെന്നാണ് ജനവികാരം.  മണ്ഡലത്തിന് പുറത്തു നിന്നെത്തി മഞ്ചേശ്വരം മണ്ഡലത്തിന് നാണക്കേടുണ്ടാക്കിയ എംഎൽഏയെ തങ്ങൾക്ക് സ്ഥാനാർത്ഥിയായി വേണ്ടെന്നാണ് ലീഗ് അനുഭാവികൾ പറയുന്നത്. ഏ. കെ. എം. അഷ്റഫിന് മണ്ഡലത്തിലുള്ള ജനസ്വാധീനം വഴി ലീഗിന് നിഷ്പ്രയാസം ജയിച്ചു കയറാനാകുമെന്നാണ് അണികൾ പറയുന്നത്. സീറ്റ് നിഷേധിക്കപ്പെട്ടാൽ, ഖമറുദ്ദീൻ എങ്ങിനെ പെരുമാറുമെന്നതും ലീഗ് നേതൃത്വം ഉറ്റുനോക്കുന്നുണ്ട്.

ഇത്തവണ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടാൽ, ഖമറുദ്ദീന്റെ രാഷ്ട്രീയഭാവി തന്നെ ഇല്ലാതാകും. വഞ്ചനാക്കേസ്സുകളിലുൾപ്പെട്ട് ലീഗിന് നാണക്കേടുണ്ടാക്കിയ ഇദ്ദേഹത്തിന് പാർട്ടി ടിക്കറ്റ് ലഭിക്കാൻ സാധ്യത തീരെ കുറവാണ്. സീറ്റ് ലഭിച്ചില്ലെങ്കിൽ ഖമറുദ്ദീൻ പാർട്ടിക്കെതിരെ പ്രതികരിക്കാനും സാധ്യതയുണ്ട്. മഞ്ചേശ്വരം സീറ്റ് ലഭിക്കാൻ നൽകിയ തുകയുടെ വിവരങ്ങളും, ആർക്കൊക്കെ കൊടുത്തതെന്നും ഇദ്ദേഹം വെളിപ്പെടുത്തിയാൽ ലീഗിന് അത് തിരിച്ചടിയാകും. ജ്വല്ലറി നിക്ഷേപം വഴി ലഭിച്ച തുകയാണ് ഖമറുദ്ദീൻ മഞ്ചേശ്വരം നിയമസഭാ സീറ്റിന് വേണ്ടി ചെലവഴിച്ചതെന്ന് സംശയമുണ്ട്. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ഇദ്ദേഹം വ്യക്തമാക്കിയ സാഹചര്യത്തിൽ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരുടെ പേര് വിവരങ്ങൾ ഇദ്ദേഹം പുറത്തുവിടാനും സാധ്യതയുണ്ട്.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനിരയായ ലീഗ് അനുയായികൾ പാണക്കാട്ട് പരാതി പറയാെനത്തുന്നത് ലീഗിെല ചില ഉന്നത നേതാക്കൾ ചേർന്ന് തടഞ്ഞിരുന്നു. ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അറിയാത്ത പല രഹസ്യങ്ങളും നിക്ഷേപകർ നേരിട്ട് അദ്ദേഹത്തെ അറിയിച്ചാൽ നേതാക്കൾ കുടുങ്ങും. നിക്ഷേപകർ ഹൈദരലി ശിഹാബ് തങ്ങളെ നേരിൽക്കാണുന്നത് വിലക്കിയ നേതാക്കളാണ് ഖമറുദ്ദീനോട് പണം വാങ്ങി മഞ്ചേശ്വരം സീറ്റ് കൊടുത്തതെന്നും സംശയമുണ്ട്.

LatestDaily

Read Previous

നൗഷീറയ്ക്ക് ബന്ധുവീട്ടിലും കാറിലും ക്രൂര മർദ്ദനമേറ്റു ആത്മഹത്യ ചെയ്ത അമ്പലത്തറയിലെ വീട് പോലീസ് സർജൻ പരിശോധിച്ചു

Read Next

ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു