ഫാഷൻ ഗോൾഡ് തട്ടിപ്പിൽ പ്രതിഷേധം കടുത്തു

തൃക്കരിപ്പൂർ: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ലക്ഷങ്ങളും കോടികളും നഷ്ടപ്പെട്ടവരുടെ പ്രതിഷേധങ്ങൾ കടുത്തു തുടങ്ങി.

ഫാഷൻ ഗോൾഡ് കമ്പനി ചെയർമാൻ എം.സി. ഖമറുദ്ദീൻ എംഎൽഏയുടെയും മാനേജിംഗ് ഡയരക്ടർ ടി.കെ. പൂക്കോയ തങ്ങളുടെയും പേരിൽ പോലീസ് അമ്പതിലധികം ക്രിമിനൽ കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടും, ഖമറുദ്ദീനെയും, പൂക്കോയയേയും അറസ്റ്റ് ചെയ്യാനും കേസ്സുകൾക്ക് കൂടുതൽ തെളിവുകൾ ശേഖരിക്കാനും  ക്രൈംബ്രാഞ്ച്  തയ്യാറാകാത്ത സാഹചര്യത്തിൽ നാട്ടിലും ഗൾഫിലുമുള്ള നിക്ഷേപകർ ഏറെക്കുറെ ഇളകിയ നിലയിലാണ്.

ലക്ഷങ്ങളും കോടികളും ഫാഷൻ ഗോൾഡിൽ നിക്ഷപിച്ചവരിൽ ഭൂരിഭാഗം പേരും ഇപ്പോൾ ഗൾഫ് നാടുകളിലാണ്.

ഇവർ നിത്യവും ഫാഷൻ ഗോൾഡ് ആക്ഷൻ കമ്മിറ്റിയുടെ ഗ്രൂപ്പുകളിലേക്കയക്കുന്ന ശബ്ദ സന്ദേശങ്ങൾ ഖമറുദ്ദീനും പൂക്കോയയ്ക്കുമെതിരെയുള്ള കടുത്ത പ്രതിഷേധമാണ്. വഞ്ചിക്കപ്പെട്ട നാട്ടിലുള്ള നിക്ഷേപകരുടെ പ്രതിഷേധങ്ങളും ചെറുതല്ല ഒന്നുകിൽ ഖമറുദ്ദീൻ, എംഎൽഏ പദവി സ്വയം രാജി വെച്ചൊഴിയണം.

അതല്ലെങ്കിൽ കേസ്സന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് അധികൃതർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം. ഇരു കാര്യങ്ങളിലും നിലവിലുള്ള അനിശ്ചിതത്വം ഇന്നത്തെ നിലയിൽ നീണ്ടു പോവുകയാണെങ്കിൽ നിക്ഷേപകർ കൂടുതൽ രോഷാകുലരാകാനാണ് സാധ്യത. അതിനിടയിൽ ആരെങ്കിലും, സ്വയം മറന്ന് അവിവേകം വല്ലതും കാണിച്ചാൽ ആ ഉത്തരവാദിത്വം സിപിഎമ്മിന്റെ തലയിലും, ഇപ്പോൾ കേസ്സന്വേഷണം ഏറ്റെടുത്ത് നടത്തുന്ന ക്രൈംബ്രാഞ്ചിന്റെ തലയിലുമായിരിക്കും.

Read Previous

പതിനൊന്നുകാരി തൂങ്ങി മരിച്ച നിലയിൽ

Read Next

സിപിഎമ്മിന് എംഎൽഏയോട് മൃദുസമീപനം