പൂക്കോയ ഖമറുദ്ദീന്റെ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: ഫാഷൻഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ പ്രതികളുടെ അറസ്റ്റ് ആവശ്യത്തിലധികം നീണ്ടുപോയ സാഹചര്യത്തിൽ ഈ സ്വർണ്ണാഭരണത്തട്ടിപ്പ് സങ്കീർണ്ണമായി.

ഇന്ത്യൻ ശിക്ഷാനിയമം 420, 406 ചതിയും,  വഞ്ചനയും ചുമത്തി ഏതൊരാൾക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്താലും, ചതിയും വഞ്ചനയും നടന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പ്രഥമ ദൃഷ്ട്യാ  ബോധ്യപ്പെട്ടാൽ, ഉടൻ കേസ്സിലെ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കലാണ് നാളിതുവരെയുള്ള പോലീസിന്റെ ക്രിമിനൽ നടപടിച്ചട്ടം.

നൂറ്റിഅമ്പതുകോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടന്നുവെന്ന് നൂറു ശതമാനം ബോധ്യപ്പെട്ട ഫാഷൻ ഗോൾഡ് കേസ്സിൽ പോലീസും,  ഇപ്പോൾ കേസ്സന്വേഷണം ഏറ്റെടുത്തിട്ടുള്ള ക്രൈംബ്രാഞ്ചും പ്രതികളുടെ അറസ്റ്റിനെക്കുറിച്ച് ആലോചിക്കുന്നേയില്ല.

ഫാഷൻ ഗോൾഡിന്റെ മാനേജിംഗ് ഡയറക്ടർ ചന്തേരയിലെ പൂക്കോയ തങ്ങൾ ഒളിവിലാണെന്ന് തട്ടിപ്പുമായി ബന്ധപ്പെട്ടവർ പ്രചരിപ്പിക്കുമ്പോഴും, പൂക്കോയ ഫാഷൻ ഗോൾഡ് ചെയർമാൻ എം. സി. ഖമറുദ്ദീന്റെ കസ്റ്റഡിയിലാണുള്ളതെന്ന് രഹസ്യവിവരമുണ്ട്.

ഇനി എവിടെ ഒളിവിൽക്കഴിഞ്ഞാലും, ഈ തട്ടിപ്പു കേസ്സന്വേഷണം മുന്നോട്ടു നീക്കണമെങ്കിൽ, കേസ്സിലെ ഒന്നും രണ്ടും പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം, വിശദമായ മൊഴി രേഖപ്പെടുത്തണം. പൂക്കോയ അറസ്റ്റിലായാൽ തന്നെ ഫാഷൻ ഗോൾഡ് ശാഖകൾ പൂട്ടുന്നതിന് തൊട്ടു മുമ്പ് പയ്യന്നൂരിലും, കാസർകോട്ടും, ചെറുവത്തൂരിലും ശാഖകളിൽ സ്റ്റോക്കുണ്ടായിരുന്ന കിലോ കണക്കിന് സ്വർണ്ണം പോയ വഴികൾ കണ്ടെത്താൻ കഴിയും.

കാസർകോട് ഖമർ ഗോൾഡിൽ നിന്ന് ഒരു ഞായറാഴ്ച ദിവസം ആരും കാണാതെ കടയുടെ ഷട്ടർ തുറന്ന് 1. 5 കിലോ സ്വർണ്ണം കടത്തിയ ചെർക്കള നൗഷാദിനെ കണ്ണൂരിൽ നിക്ഷേപകർ ചോദ്യം ചെയ്തപ്പോൾ, 250 ഗ്രാം സ്വർണ്ണമാണ് താൻ കൊണ്ടു പോയതെന്നാണ് നൗഷാദ് പറഞ്ഞത്.

ഞായറാഴ്ച പൂട്ടിയിട്ട ജ്വല്ലറി തുറന്ന് സ്വർണ്ണം നൗഷാദ് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിരുന്നു.

മന്ത്രിമാരായിരുന്ന ചെർക്കളം അബ്ദുല്ലയുടെയും, ഇ. ടി. മുഹമ്മദ് ബഷീറിന്റെയും പേഴ്സണൽ സ്റ്റാഫംഗമായി ജോലി നോക്കിയിരുന്ന നൗഷാദ്, ഞായറാഴ്ച ദിവസം പൂട്ടിയ ജ്വല്ലറി തുറന്ന് സ്വർണ്ണം കൊണ്ടുപോയ സംഭവം ഖമർ ഗോൾഡിന്റെ ചെയർമാൻ എം. സി. ഖമറുദ്ദീന് അറിയാമെങ്കിലും, നൗഷാദിനെതിരെ യഥാർത്ഥത്തിൽ സ്വർണ്ണാഭരണം മോഷ്ടിച്ചതിന് പോലീസിൽ പരാതി കൊടുക്കാൻ വിസമ്മതിച്ചത് ഖമറുദ്ദീനാണ്. അതുകൊണ്ട് തന്നെ ഖമറുദ്ദീന് വേണ്ടിയാണ് നൗഷാദ് 1.5 കിലോ സ്വർണ്ണം ഞായറാഴ്ച ദിവസം പൂട്ടിയ ജ്വല്ലറി തുറന്ന് മോഷ്ടിച്ചതെന്ന് ഉറപ്പായിട്ടുണ്ട്.

മഞ്ചേശ്വരത്ത് ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുന്ന വേളയിലാണ് പൂട്ടിയ ജ്വല്ലറി  ഞായറാഴ്ച ദിവസം തുറന്ന് നൗഷാദ് തനിച്ച് സ്വർണ്ണം കൊണ്ടുപോയത്.

1. 5 കിലോ സ്വർണ്ണം ആ ദിവസം ജ്വല്ലറിയിൽ നിന്ന് നഷ്ടപ്പെട്ടിട്ടും, ഖമറുദ്ദീൻ ഈ സംഭവം അത്ര ഗൗരവത്തിലെടുക്കാതിരുന്നതിന് പിന്നിൽ,  1.5 കിലോ സ്വർണ്ണം നൗഷാദ് രഹസ്യമായി എടുത്തത് ഖമറുദ്ദീന്റെ നിർദ്ദേശത്താലാണെന്ന് ഫാഷൻ ഗോൾഡ് തട്ടിപ്പു സംബന്ധിച്ച് തൃക്കരിപ്പൂർ കേന്ദ്രമാക്കി രൂപീകരിച്ച ആക്ഷൻ കമ്മറ്റി ആരോപിച്ചിരുന്നു.

കണ്ണൂർ അതിഥിമന്ദിരത്തിൽ 3 മാസം മുമ്പ് ആക്ഷൻ കമ്മിറ്റി വിളിച്ചു ചേർത്ത യോഗത്തിൽ, ഞായറാഴ്ച ജ്വല്ലറി തുറന്ന് സ്വർണ്ണം കടത്തിയതിനുള്ള തെളിവുകൾ കമ്മിറ്റിയംഗങ്ങൾ നൗഷാദിന് മുന്നിൽ നിരത്തിയപ്പോൾ, 250 ഗ്രാം സ്വർണ്ണം താൻ ജ്വല്ലറി തുറന്ന് കടത്തിയ കാര്യം നൗഷാദ് സമ്മതിച്ചത് നൗഷാദിനെ മൂന്ന് പേർ ചേർന്ന് മർദ്ദിച്ചതിന് ശേഷമാണ്.

ഖമർ ഗോൾഡിൽ നിന്ന് സ്വർണ്ണം കടം വാങ്ങിയ ഒരാൾ പണം നൽകാൻ കഴിയാതെ വന്നപ്പോൾ, 10 സെന്റ് ഭൂമി ഖമർ ഗോൾഡിന് എഴുതി നൽകിയിരുന്നു.

ഈ ഭൂമി അന്ന് താൽക്കാലികമായി നൗഷാദിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും, ജ്വല്ലറി അടച്ചു പൂട്ടുന്നതിന് മൂന്ന് മാസം മുമ്പ് ഈ ഭൂമി നൗഷാദ് സ്വന്തം സഹോദരൻ അഷ്റഫിന്റെ  പേരിൽ മാറ്റി രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ഭൂമി മാറ്റി രജിസ്റ്റർ ചെയ്ത കാര്യവും നൗഷാദ് ആക്ഷൻ കമ്മിറ്റിക്ക് മുന്നിൽ  സമ്മതിച്ചതാണ്.

ഖമർ ഗോൾഡിൽ നിന്ന് 2 കിലോ സ്വർണ്ണം കൊണ്ടുപോയ മറ്റൊരു ജീവനക്കാരൻ കർണ്ണാടക പുത്തൂരിൽ സ്വന്തമായി ജ്വല്ലറി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇരുവരും ഖമർ ഫാഷൻ ഗോൾഡിലെ ജീവനക്കാരായിരുന്നു. ടി. കെ. പൂക്കോയ തങ്ങൾ പുറത്തു വന്നാൽ  മൂന്ന് ജ്വല്ലറി ശാഖകളിൽ നിന്നും സ്വർണ്ണം  അടിച്ചു മാറ്റിയവർ ആരാണെന്ന് പുറത്തു വരും. 

അക്കൂട്ടത്തിൽ എം. സി. ഖമറുദ്ദീന്റെ പേരും  പൂക്കോയക്ക് പുറത്തു വിടേണ്ടി വരുമെന്നതിനാൽ, പൂക്കോയയെ ഖമറുദ്ദീൻ ഒളി സങ്കേതത്തിൽ പാർപ്പിച്ചതാണെന്ന രഹസ്യമാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.

ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച് തട്ടിപ്പിനിരയായവർ ഇന്നലെയും പരാതികളുമായി പോലീസ്സ്റ്റേഷനിലെത്തിക്കൊണ്ടിരിക്കുകയാണ്.

LatestDaily

Read Previous

ഉദുമ പീഡനം: കുരുക്കഴിയാത്ത ദുരൂഹതകൾ

Read Next

കരിപ്പൂരിന് പറക്കണം