പൂക്കോയയെ തേടിപ്പോയ പോലീസ് വെറും കൈയ്യോടെ മടങ്ങി

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിലെ ഒന്നാം പ്രതിയും, ജില്ലാ മുസ്്ലീം ലീഗ് ഭാരവാഹിയുമായ ചന്തേരയിലെ ടി. കെ. പൂക്കോയ തങ്ങളെ തിരഞ്ഞ് കർണ്ണാടകയിലേക്ക് പോയ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് പൂക്കോയയെ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രത്യേക അന്വേഷണ സംഘത്തിലുൾപ്പെട്ട 7 ഉദ്യോഗസ്ഥരാണ് ഇരു ബാച്ചുകളായി ബംഗളൂരുവിലും, മംഗളൂരുവിലും ടി.കെ. പൂക്കോയയ്ക്കുവേണ്ടി കഴിഞ്ഞ ദിവസം തെരച്ചിൽ നടത്തിയത്.

പൂക്കോയയുണ്ടെന്ന് സംശയമുണ്ടായിരുന്ന എല്ലായിടത്തും അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും, ഫലമുണ്ടായില്ല. ടി.കെ. പൂക്കോയയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്താനായില്ല.

അതിനിടെ, 150 കോടിയുടെ നിക്ഷേപത്തട്ടിപ്പ് കേസ്സിലെ ഒന്നാം പ്രതി ടി.കെ. പൂക്കോയയെ ഒളി സങ്കേതത്തിലെത്തിക്കാൻ സഹായിച്ചവരെക്കുറിച്ച് ക്രൈെബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ ക്രൈംബ്രാഞ്ച് നിരീക്ഷത്തിലാണ്. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിൽ 3 പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്. ടി.കെ. പൂക്കോയയ്ക്ക് പുറമെ മകൻ ഇഷാം, ജ്വല്ലറി മാനേജരും, ടി.കെ. പൂക്കോയയുടെ മരുമകനുമായ സൈനുൽ ആബിദ് എന്നിവരെയാണ് ഇനി പിടി കിട്ടാനുള്ളത്.

ഇതിൽ ഇഷാം വിദേശത്തേയ്ക്ക് കടന്നു. ഗൾഫിലുള്ള ഇഷാമിനെ നാട്ടിലെത്തിക്കാൻ ക്രൈംബ്രാഞ്ച് നടപടികൾ ആരംഭിച്ചിട്ടുണ്ട്. എം.സി. ഖമറുദ്ദീനെ കസ്റ്റഡിയിലാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കണ്ണൂർ ഡിവൈഎസ്പി, എം.വി. പ്രദീപ്കുമാർ ഹൊസ്ദുർഗ് കോടതിയിൽ നൽകിയ അപേക്ഷ കോടതി നിരസിച്ചിരുന്നു.

ഖമറുദ്ദീനെ ജയിലിലെത്തി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് ബി. കരുണാകരൻ അനുമതി നൽകിയിരുന്നു.
എം.സി. ഖമറുദ്ദീൻ എംഎൽഏയുടെ റിമാന്റ് കാലാവധി നവംബർ 30-ന് അവസാനിക്കും. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീരുമാനവും വരാനിരിക്കുകയാണ്.

LatestDaily

Read Previous

അറസ്റ്റിന് വഴങ്ങാതെ പ്രദീപ് പിടിച്ചുനിന്നു സംഭ്രമ ജനകമായ 4 മണിക്കൂർ ∙ ഒടുവിൽ പുലർച്ചെ 4-30-ന് അറസ്റ്റ്

Read Next

ഗതാഗത കുരുക്കിൽ വീർപ്പ് മുട്ടി കാഞ്ഞങ്ങാട്