ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പൂക്കോയ തങ്ങൾ മന്ത്രവാദിയും, തൃക്കരിപ്പൂർ മുസ്ലീം ജമാഅത്ത് മുൻ പ്രസിഡണ്ടും
എം. സി. ഖമറുദ്ദീൻ എംഎൽഏ, 4 പതിറ്റാണ്ടായി പൊതുപ്രവർത്തകൻ
കാഞ്ഞങ്ങാട്: നിക്ഷേപകരിൽ നിന്ന് 100 കോടിയിലധികം രൂപ അതിസമർത്ഥമായി തട്ടിയെടുത്ത ഫാഷൻ ഗോൾഡ് പട്ടാപ്പകൽ നടത്തിയത് ആത്മീ യ-രാഷ്ട്രീയ തട്ടിപ്പ്.
കാസർകോട് ജില്ലയിലെമ്പാടും, പുറമെ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കേന്ദ്രമാക്കിയും ഫാഷൻ ഗോൾഡ് നടത്തിയ ആത്മീയ തട്ടിപ്പിന് മുഖ്യ നേതൃത്വം വഹിച്ചത് ചന്തേരയിലെ തായലക്കണ്ടി പൂക്കോയ തങ്ങൾ എന്ന ആത്മീയാചാര്യൻ ടി. കെ. പൂക്കോയ തങ്ങളാണ്.
മുമ്പ് പൂക്കോയ തങ്ങളുടെ മുഖ്യ തൊഴിൽ മന്ത്രവാദമായിരുന്നു. മുസ്ലീം കുടുംബങ്ങളിലുണ്ടാകുന്ന പലതരം എടങ്ങേറുകൾക്കും, സ്ത്രീപുരുഷ ഭേദമന്യേ പരിഹാരം തേടി നിത്യവും ചന്തേരയിലുള്ള പൂക്കോയ തങ്ങളുടെ വീട്ടിലെത്തിയിരുന്ന പാവങ്ങളെ മന്ത്രിച്ചൂതിയ കോഴിമുട്ട നൽകിയാണ് പൂക്കോയ തങ്ങൾ ഇന്നു കാണുന്ന സ്വന്തം ആത്മീയ പരിവേഷം സമ്പാദിച്ചത്.
തങ്ങളുടെ മന്ത്രിച്ച മുട്ടകൾക്ക് അന്ധവിശ്വാസികൾ പെരുകി വന്നതോടെ പൂക്കോയ തങ്ങൾ നാട്ടുകാർക്ക് മുട്ടത്തങ്ങളായി മാറുകയും ചെയ്തു. പത്തു വർഷം മുമ്പ് തലശ്ശേരി കേന്ദ്രീകരിച്ച് ജ്വല്ലറി ആരംഭിച്ചതോടെയാണ്, പൂക്കോയ തങ്ങളും, ഇപ്പോഴത്തെ മഞ്ചേശ്വരം യുഡിഎഫ് എംഎൽഏ, എം. സി. ഖമറുദ്ദീനും ഒത്തു ചേർന്ന് ആത്മീയ – രാഷ്ട്രീയ തട്ടിപ്പുകൾക്ക് തുടക്കമിട്ടത്.
മാർജാൻ ഗോൾഡ് എന്ന നാമത്തിൽ തലശ്ശേരിയിൽ ആരംഭിച്ച ജ്വല്ലറി പട്ടാപ്പകൽ ഗുണ്ടകളെ ഇറക്കി കൊള്ളയടിച്ച സംഭവം പോലീസിനെയും ഭരണക്കാരെയും ഉപയോഗിച്ച് അന്ന് ഒതുക്കുകയായിരുന്നു.
മാർജാൻ ഗോൾഡ് കൊള്ളയടിച്ചതിന് കൊയിലാണ്ടി കോടതിയിൽ എം. സി. ഖമറുദ്ദീനെതിരെ അന്യായം നിലവിലുണ്ട്.
മാർജ്ജാനിൽ നിന്ന് തട്ടിയെടുത്ത സ്വർണ്ണാഭരണങ്ങൾ മൊത്തമായും അന്ന് പയ്യന്നൂരിലെയും, ചെറുവത്തൂരിലെയും, കാസർകോട്ടെയും ഫാഷൻ ഗോൾഡ് ജ്വല്ലറികളിലേക്ക് കടത്തുകയായിരുന്നു.
ഫാഷൻ ഗോൾഡിന്റെ മാനേജിംഗ് ഡയറക്ടർ മന്ത്രവാദി, ടി. കെ. പൂക്കോയ തങ്ങളായതുകൊണ്ടു തന്നെ ഫാഷൻ ഗോൾഡ് തട്ടിപ്പ് തീർത്തും ആത്മീയത്തട്ടിപ്പിന്റെ പട്ടികയിൽ ഉൾപ്പെടും. രേഖകളിൽ ഫാഷൻ ഗോൾഡിന്റെ ചെയർമാൻ മഞ്ചേശ്വരം എംഎൽഏ, എം. സി. ഖമറുദ്ദീനാണ്. ഖമറൂദ്ദീൻ എംഎസ്എഫ് കാലം തൊട്ട് രാഷ്ട്രീയ പ്രവർത്തകനും, നിലവിൽ പൊതു പ്രവർത്തകന്റെ പട്ടികയിൽപ്പെടുന്ന നിയമസഭാ സാമാജികനുമാണ്.
ഇക്കാരണങ്ങൾ കൊണ്ടു തന്നെ ഫാഷൻഗോൾഡ് വഞ്ചനയ്ക്ക് രാഷ്ട്രീയ തട്ടിപ്പിന്റെ കടും പച്ച നിറവും കലർന്നു കഴിഞ്ഞു.
എംഎൽഏ എന്ന പരിവേഷം ഒന്നു കൊണ്ടു മാത്രമാണ് 100 കോടിയുടെ സ്വർണ്ണത്തട്ടിപ്പിന് കരുക്കൾ നീക്കിയ എം. സി. ഖമറുദ്ദീൻ ഇപ്പോൾ നാട്ടിലിറങ്ങി നടക്കുന്നത്.
ഫാഷൻ ഗോൾഡ് തട്ടിപ്പിൽ കുടുങ്ങി, ഉള്ളതെല്ലാം നഷ്ടപ്പെട്ട സ്ത്രീകളടക്കമുള്ള നിക്ഷേപകർ ഖമറുദ്ദീൻ ഇപ്പോൾ താമസിച്ചുവരുന്ന ഉപ്പളയിലെ വീട്ടുമുറ്റത്ത് നിത്യവും വാവിട്ടു കരയുന്നുണ്ടെങ്കിലും, പൂക്കോയ തങ്ങളുടെ വീട്ടിൽ ചെല്ലാനാണ് ഇവരോടുള്ള ഖമറുദ്ദീന്റെ നിർദ്ദേശം.
ചന്തേര മുസ്ലീം പള്ളിക്കടുത്തുള്ള സ്വന്തം വീട് പൂട്ടി പൂക്കോയ തങ്ങൾ ഒളിവിൽപ്പോയിട്ട് മാസം 5 കഴിഞ്ഞു. കണ്ണൂർ ജില്ലയിലെ ഏതോ രഹസ്യ കേന്ദ്രത്തിൽ തങ്ങൾ കുടുംബത്തോടൊപ്പം സുഖ ജീവിതം നയിക്കുകയാണ്. ഫാഷൻ ഗോൾഡ് സ്ഥാപനം പ്രൈവറ്റ് ലിമിറ്റഡാണ്. കേന്ദ്ര സർക്കാരിന്റെ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഫാഷൻ ഗോൾഡിന്റെ കോ- ചെയർമാൻ അന്തരിച്ച മെട്രോ മുഹമ്മദ് ഹാജിയായിരുന്നു.
രാഷ്ട്രീയ- ആത്മീയ തട്ടിപ്പിൽ കുടുങ്ങി പണവും സ്വർണ്ണവും നഷ്ടപ്പെട്ട ധാരാളം പേർ കാസർകോട് മുതൽ പയ്യന്നൂർ വരെയുള്ള പ്രദേശങ്ങളിൽ കണ്ണീരിൽ കഴിയുകയാണ്.
തട്ടിപ്പുകാർക്കെതിരെ പോലീസിൽ പരാതി നൽകിയാൽ, മുടക്കിയ പണം ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് നിക്ഷേപകർക്കിടയിൽ വ്യാജ പ്രചാരണം നടത്താനും തട്ടിപ്പു മുതലാളിമാർ നേരത്തെ തന്നെ ഗൂഢനീക്കം നടത്തിയിരുന്നു.
ഫാഷൻ ഗോൾഡിൽ ലാഭവിഹിതം പ്രതീക്ഷിച്ച് 3 കോടി രൂപ വരെ ഒറ്റയടിക്ക് മുടക്കിയവർ മാത്രം പത്തോളം പേരുണ്ട്. ഈ പണം മാത്രം 30 കോടി വരും. ഇവരിൽ ചിലരെല്ലാം എംഎൽഏയ്ക്കെതിരെ രഹസ്യമായി ഭീഷണി ഉയർത്തുകയും ചെയ്തിട്ടുണ്ട്.