ഫാഷൻ ഗോൾഡ് പരാതിയുറക്കം പോലീസ് ഉന്നതർ ഉറ്റുനോക്കുന്നു

കാസർകോട്:ഫാഷൻ ഗോൾഡ് സ്വർണ്ണാഭരണശാല തട്ടിപ്പിൽ വഞ്ചിക്കപ്പെട്ടവരുടെ ഇപ്പോഴത്തെ അവസ്ഥ സംസ്ഥാന പോലീസിലുള്ള ഉന്നതർ ഉറ്റുനോക്കുകയാണ്.

ചതിയും വഞ്ചനയും ഐപിസി 420, 406 വകുപ്പുകൾ നിലനിൽക്കുന്ന ഈ പരാതികളിൽ കേസ്സ് റജിസ്റ്റർ ചെയ്യാൻ പോലീസ് മടിക്കുന്നത് എന്തിനാണെന്നാണ്  പോലീസ് മേധാവികളായി സർവ്വീസിൽ നിന്ന് പിരിഞ്ഞവരും സർവ്വീസിലുള്ളവരുമായ  ഐപിഎസ് ഉദ്യോഗസ്ഥരുടെ മുഴുവൻ ചോദ്യം.

നിലവിൽ പോലീസ് തലപ്പത്തുള്ള ഐപിഎസ് ഉദ്യോഗസ്ഥരും ഒരേ സ്വരത്തിൽ ചോദിക്കുന്ന ചോദ്യം ഇതു തന്നെയാണ്.

പരാതിയിൽ കഴമ്പും തെളിവുകളുമുണ്ടെന്ന് പോലീസുദ്യോഗസ്ഥന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടാൽ,  എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പ്രോസിക്യൂട്ടറുടെ ഉപദേശം തേടുന്നത് പോലീസ് സേനയുടെ നിലയും വിലയും കളഞ്ഞു കുളിക്കലാണെന്ന് ഐപിഎസ് വൃത്തങ്ങൾ ലേറ്റസ്റ്റിനോട്  വെളിപ്പെടുത്തി.

കേസ്സ് അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അത്തരം കേസ്സുകളുടെ എഫ്ഐആർ  റദ്ദാക്കി കോടതിക്ക് റിപ്പോർട്ട് നൽകാനുള്ള അധികാരവും അന്വേഷണ ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണെന്നിരിക്കെ ”കേസ്സ് റജിസ്റ്റർ ചെയ്യുകയേ ഇല്ല ” എന്ന പിടിവാശിക്ക് പിന്നിൽ മറ്റെന്തോ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് പ്രമാദമായ നിരവധി ക്രിമിനൽ കേസ്സുകൾ അന്വേഷിച്ച് തെളിയിച്ച ശേഷം പ്രതികൾക്ക് ജയിൽ ശിക്ഷ ഉറപ്പാക്കിക്കൊടുത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

തട്ടിപ്പിനിരയായവരുടെ 12 സങ്കടപ്പരാതികൾ ഏറ്റുവാങ്ങിയ പോലീസ് മേധാവി അപ്പോൾ തന്നെ പരാതിയുടെ പുറത്ത് ”കേസ്സെടുത്ത് അന്വേഷണം നടത്തണമെന്ന് ” എഴുതാതിരുന്നതാണ് ഫാഷൻ ഗോൾഡ് പരാതികളിൽ ഇപ്പോഴുണ്ടായിട്ടുള്ള സങ്കീർണ്ണതയെന്നും  ഇപ്പോൾ ഐപിഎസ് പദവി ലിസ്റ്റിലുള്ള പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

LatestDaily

Read Previous

കാസർകോട്ടെ സമ്പന്നരെ ഉയർത്തിക്കാട്ടി ഓൺലൈൻ തട്ടിപ്പ്

Read Next

സീറോഡ് പെൺകുട്ടി കേസ്സിൽ വനിതാ ഡോക്ടറെ പ്രതിചേർത്തു