ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പരാതി സ്വീകരിച്ചത് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പ
ചന്തേര: നിക്ഷേപകരിൽ നിന്ന് ആറുകോടി രൂപ പിരിച്ചെടുക്കുകയും, അതിവിദഗ്ധമായി പൂട്ടിയിടുകയും ചെയ്ത ഫാഷൻ ഗോൾഡ് സ്വർണ്ണാഭരണശാലയുടമകൾക്കെതിരെ പണം നഷ്ടപ്പെട്ട പത്തുപേർ സംഘടിച്ച് ജില്ലാപോലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് പരാതി നൽകി.
തൃക്കരിപ്പൂർ, ചന്തേര, മാണിയാട്ട്, െചറുവത്തൂർ, അജാനൂർ, മുക്കൂട്, വലിയപറമ്പ, മാവിലാക്കടപ്പുറം തുടങ്ങിയ പ്രദേശങ്ങളിൽ താമസക്കാരായ നിക്ഷേപകരാണ് പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയത്.
ഫാഷൻ ഗോൾഡിന്റെ മാനേജിംഗ് ഡയറക്ടർ ചന്തേരയിലെ ടി. കെ. പൂക്കോയ തങ്ങൾ, ചെയർമാൻ പടന്ന എടച്ചാക്കൈ സ്വദേശി എം. സി. ഖമറുദ്ദീൻ, എംഎൽഏ എന്നിവക്കെതിരെയാണ് പരാതി. ഹൊസ്ദുർഗ്ഗ് കടപ്പുറം റമീസ മൻസിലിൽ സി. കുഞ്ഞബ്ദുള്ളയുടെ മകൻ സി. ഖാലിദ്, മുക്കൂട് ദാറുൽ അബ്റത്തിലെ കെ. അബ്ദുൾ റഹ്മാന്റെ മകൻ മുഹമ്മദ്. കെ. ഏ 39, പെരിയാട്ടടുക്കം മമ്മൂഞ്ഞിയുടെ മകൻ എം. ജമാലുദ്ദീൻ 40, പയ്യന്നൂർ വെള്ളൂർ നട്ടിയിൽ ഹൗസിൽ എം. എൻ. മുഹമ്മദിന്റെ മകൻ എം.ടി.പി അബ്ദുൾ ബഷീർ 48, മാവിലാക്കടപ്പുറം ഇ. കെ. വീട്ടിൽ എൻ. ടി. മുഹമ്മദിന്റെ മകൾ ആരിഫ. ഇ. കെ. 38, തളിപ്പറമ്പ് നട്ടിയിൽ വീട്ടിൽ അബ്ദുൾറഹ്മാന്റെ ഭാര്യ എം.ടി.പി സുഹറ 55, പടന്ന വടക്കേപ്പുറത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൻ. പി. നസീമ 37, മാണിയാട്ട് ടി. കെ. ഹൗസിൽ അബ്ദുൾ ഖാസിമിന്റെ മകൻ എം. ടി. അബ്ദുൾ നാസർ 54, ആയിറ്റി പള്ളിയത്ത് ഹൗസിൽ കെ. കെ. സൈനുദ്ദീൻ എന്നിവരാണ് പരാതിക്കാർ.
ഫാഷൻഗോൾഡിൽ ലക്ഷങ്ങൾ പണമായും സ്വർണ്ണമായും ലാഭവിഹിതം പ്രതീക്ഷിച്ച് നിക്ഷേപിച്ചവരാണ് ജ്വല്ലറി പൂട്ടി മുങ്ങിയ മാനേജിംഗ് ഡയറക്ടറെയും, ചെയർമാനെയും എതിർകക്ഷി ചേർത്ത് പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയത്.
പരിഹാരമുണ്ടാക്കാമെന്ന് പോലീസ് മേധാവി, ഡി. ശിൽപ്പ, പരാതിക്കാരെ പറഞ്ഞ് സമാധാനിപ്പിക്കുകയും, പണം നഷ്ടപ്പെട്ട പത്തുപേരുടെയും പരാതി, കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് കൈമാറുകയും, സംഭവത്തിൽ അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട്ടേക്കയക്കുകയും ചെയ്തിട്ടുണ്ട്.
ചന്തേര പോലീസ് പരിധിയിൽ വരുന്ന പരാതികൾ ചന്തേര ഐപി, എസ്. നിസ്സാമിനാണ് ഡിവൈഎസ്പി അന്വേഷണച്ചുമതല ഏൽപ്പിച്ചിട്ടുള്ളത്.
ഐപി, പരാതിക്കാരിൽ ഏതാനും പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ശേഷിച്ചവരുടെ മൊഴി ജുലായ് 15, 16 ദിവസങ്ങളിൽ രേഖപ്പെടുത്തും. പരാതികളെല്ലാം ഓരോരുത്തരും പ്രത്യേകമായാണ് നൽകിയിട്ടുള്ളത്. ഇവയിൽ ഒരു പരാതി ഹൊസ്ദുർഗ്ഗ് ഐപിക്കും കൈമാറിയിട്ടുണ്ട്. അജാനൂർ മുക്കൂട് സ്വദേശി സി. ഖാലിദിന്റെ പരാതിയാണിത്.