ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: ചെറുവത്തൂരിൽ ഇന്നലെ നടന്ന ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനിരയായവരുടെ സംഗമം കോൺഗ്രസ്- ലീഗ് പ്രതിനിധികൾ ബഹിഷ്ക്കരിച്ചു. പരിപാടിയിലേക്ക് ക്ഷണിച്ചിട്ടും, കോൺഗ്രസ്- ലീഗ് നേതാക്കൾ നിക്ഷേപത്തട്ടിപ്പിനിരയായവരുടെ പരാതി കേൾക്കാൻ തയ്യാറാകാതെ വിട്ടുനിൽക്കുകയായിരുന്നു.
ഇന്നലെ പകൽ 3 മണിക്ക് ചെറുവത്തൂർ ഞാണങ്കൈ തിമിരി ബാങ്ക് ഓഡിറ്റോറിയത്തിലാണ് നിക്ഷേപത്തട്ടിപ്പിനിരയായവരുടെ സംഗമം നടന്നത്. യോഗത്തിൽ സിപിഎം, കോൺഗ്രസ്, ലീഗ് നേതാക്കളെ ക്ഷണിച്ചിരുന്നെങ്കിലും, സിപിഎം നേതാക്കൾ മാത്രമാണ് യോഗത്തിനെത്തിയത്. 50 പേരെ മാത്രം പ്രതീക്ഷിച്ച് സംഘടിപ്പിച്ച നിക്ഷേപകരുടെ സംഗമത്തിൽ ഇറുന്നൂറിലധികം നിക്ഷേപകർ പങ്കെടുത്തത് സംഘാടകരെപ്പോലും അമ്പരപ്പിച്ചു. നിക്ഷേപകരുടെ സംഗമം സിപിഎം ജില്ലാ സിക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തട്ടിപ്പിനിരയായവർക്ക് നീതി ലഭിക്കുന്നതുവരെ സർക്കാരും, പാർട്ടിയും ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
സംഗമത്തിൽ അഡ്വ. സി. ഷുക്കൂർ ആദ്ധ്യക്ഷം വഹിച്ചു. സിപിഎം ജില്ലാ സിക്രട്ടറിയേറ്റംഗം ഡോ. വിപിപി. മുസ്തഫ, ചെറുവത്തൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട് മാധവൻ മണിയറ എന്നിവർ പ്രസംഗിച്ചു. ലത്തീഫ് ഹാജി സ്വാഗതം പറഞ്ഞു. ഏത് പാതാളത്തിലൊളിച്ചാലും നിക്ഷേപത്തട്ടിപ്പ് കേസ്സിലെ മുഖ്യപ്രതി ടി.കെ. പൂക്കോയയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് എം. വി. ബാലകൃഷ്ണൻ മാസ്റ്റർ നിക്ഷേപകർക്ക് ഉറപ്പ് നൽകി. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സുകൾ പരിഗണിക്കാൻ പ്രത്യേക കോടതി ആരംഭിക്കണമെന്ന് നിക്ഷേപകരുടെ സംഗമം ആവശ്യപ്പെട്ടു. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സുകളിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള പ്രത്യേകാധികാരം കാസർകോട് ജില്ലാ കലക്ടർക്ക് നൽകണമെന്നും, ഒളിവിലുള്ള ടി.കെ. പൂക്കോയയെയും കൂട്ടാളികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. തട്ടിപ്പിനിരയായ നിരവധി സ്ത്രീകളടക്കം ഇന്നലെ നടന്ന സംഗമത്തിൽ പങ്കെടുത്തു.
നിക്ഷേപകരുടെ സംഗമത്തിലേക്ക് ക്ഷണിച്ചിട്ടും പോകാത്ത കോൺഗ്രസ്, ലീഗ് നേതാക്കളുടെ നിലപാടിനെതിരെ നിക്ഷേപകർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും ലീഗ് അനുഭാവികളാണ്. ഇവരുടെ സങ്കടങ്ങൾക്ക് ചെവി കൊടുക്കാൻപോലും തയ്യാറാകാതെ കോൺഗ്രസിന്റെയും, ലീഗിന്റെയും പ്രതിനിധികൾ വിട്ടുനിന്നത് തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ പ്രതിഫലിക്കും.
ജില്ലയിൽ ലീഗ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന എല്ലാ വാർഡുകളിലും നിക്ഷേപത്തട്ടിപ്പിനിരയായവരുടെ ക്യാമ്പയിൻ സംഘടിപ്പിക്കാൻ അണിയറയിൽ ഒരുക്കങ്ങളാരംഭിച്ചു. ലീഗ് നേതാക്കളായ എം. സി. ഖമറുദ്ദീൻ, ടി.കെ. പൂക്കോയ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ജ്വല്ലറിത്തട്ടിപ്പ് ജില്ല മുഴുവൻ തുറന്നു കാട്ടാനാണ് നിക്ഷേപത്തട്ടിപ്പിനിരയായവരുടെ ശ്രമം. കച്ചവടത്തകർച്ച മൂലമാണ് ഫാഷൻ ഗോൾഡ് സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ തട്ടിപ്പിനിരയായവർക്ക് പ്രതിഷേധമുണ്ട്. 150 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിലെ പ്രതികളെ ന്യായീകരിക്കുന്ന കോൺഗ്രസിന്റെയും, ലീഗിന്റെയും നിലപാട് ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽതിരിച്ചടിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഇക്കുറി ലീഗ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യില്ലെന്നാണ് തട്ടിപ്പിനിരയായ ലീഗ് അനുഭാവികളിൽ പലരുടെയും നിലപാട്.