ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പു കേസ്സിൽ പ്രതി ചേർക്കപ്പെട്ട എം. സി. ഖമറുദ്ദീൻ എംഎൽഏയുടെ വെളിപ്പെടുത്തലുകൾ ഒന്നിനൊന്ന് പരസ്പര വിരുദ്ധം.
ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച് വഞ്ചിതരായവർ പരാതികളുമായി ചന്തേര പോലീസിലെത്തിയപ്പോൾ, എംഎൽഏ, കാസർകോട്ട് നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞത് ഫാഷൻ ഗോൾഡ് കമ്പനി നിയമത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നും, കമ്പനിക്കെതിരെ കേസ്സെടുക്കാൻ പോലീസിന് അധികാരമില്ലെന്നുമാണ്.
എംഎൽഏയെ പ്രതി ചേർത്ത് ചന്തേര പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തപ്പോൾ, എംഎൽഏ ചാനലുകളോട് പറഞ്ഞത് കേസ്സ് രാഷ്ട്രീയപ്രേരിതമാണെന്നാണ്.
ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി, കെപിഏ. മജീദ് ഫാഷൻ ഗോൾഡ് തട്ടിപ്പുകേസ്സുമായി ബന്ധപ്പെട്ട് മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിൽ എം. സി. ഖമറുദ്ദീനെ പൂർണ്ണമായും വെള്ളപൂശാനുള്ള ശ്രമമാണ് നടത്തിയത്.
കോവിഡ് പ്രതിസന്ധി മൂലമാണ് ഫാഷൻഗോൾഡ് പൂട്ടിയതെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം, എംഎൽഏ കാസർകോട്ടെ പത്രസമ്മേളനത്തിൽ പുറത്തുവിട്ടത് നോട്ടുനിരോധനം മൂലമാണ് ഫാഷൻഗോൾഡ് ജ്വല്ലറി പൂട്ടിയതെന്നാണ്.
പയ്യന്നൂർ, ചെറുവത്തൂർ, കാസർകോട് എന്നിവിടങ്ങളിലുള്ള ഫാഷൻ ഗോൾഡ് സ്ഥാപനങ്ങൾ പൂട്ടിയത് 2020 ജനുവരിയിലാണ്. രാജ്യത്ത് കോവിഡ് വൈറസുകൾ നുഴഞ്ഞുകയറിയത് 2020 മാർച്ച് 23-ന് ശേഷമാണ് എംഎൽഏയുടെ ഫാഷൻഗോൾഡിൽ പണം നഷ്ടപ്പെട്ടവർ ആരും പാർട്ടിക്ക് പരാതി നൽകിയിട്ടില്ലെന്നും, കെപിഏ മജീദ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞുവെങ്കിലും, പടന്ന എടച്ചാക്കൈ സ്വദേശിയായ പ്രവാസി കാസിം, ജ്വല്ലറികൾ പൂട്ടിയിട്ട ഉടൻ പാണക്കാട്ട് നേരിട്ട് ചെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾക്ക് പരാതി നൽകിയിരുന്നു.
പരാതിയിൽ പരിഹാരമുണ്ടാക്കാമെന്ന് കാണിച്ച് ഹൈദരലി തങ്ങൾ, കാസിമിന് എഴുതിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. കാസിം ഒരു കോടിക്ക് മുകളിലുള്ള പണം ഫാഷൻഗോൾഡിൽ ലാഭവിഹിതം പ്രതീക്ഷിച്ച് മുടക്കിയ പ്രവാസിയാണ്. ഇദ്ദേഹം ഇപ്പോൾ താമസം പടന്നയിലാണ്.
ഈ രീതിയിൽ ഫാഷൻഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് എംഎൽഏ എം. സി. ഖമറുദ്ദീൻ പുറത്തുവിട്ട കാര്യങ്ങളെല്ലാം വസ്തുതയ്ക്ക് നിരക്കാത്തതും കളവായതുമാണ്.
കമ്പനിക്കെതിരെ പോലീസിന് കേസ്സെടുക്കാൻ അധികാരമില്ലെന്ന ഖമറുദ്ദീന്റെ വെളിപ്പെടുത്തൽ മാത്രം മതി, കഴിഞ്ഞ 16 വർഷമായി കമ്പനി നിയമത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഫാഷൻഗോൾഡിന്റെ ചെയർമാനായ ഖമറുദ്ദീൻ കമ്പനിയെക്കുറിച്ചുള്ള സാമാന്യ വിവരം പോലും പഠിച്ചിട്ടില്ലെന്ന് ഉറപ്പിക്കാൻ.
2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പത്തനംതിട്ട കോന്നിയിലുള്ള പോപ്പുലർ ഫിനാൻഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ കോന്നി പോലീസ് രജിസ്റ്റർ ചെയ്തത് 45 കേസ്സുകളാണ്.
കേസ്സ് വന്നപ്പോൾ ആസ്ത്രേലിയയിലേക്ക് മുങ്ങാൻ ദൽഹി വിമാനത്താവളത്തിലെത്തിയ കമ്പനി ചെയർമാൻ റോയിയുടെ രണ്ട് പെൺമക്കളെ ലുക്ക് ഔട്ട് നോട്ടീസിന്റെ ബലത്തിൽ തടഞ്ഞുനിർത്തുകയും, കോന്നി പോലീസ് ഐപി, സജീഷ്കുമാറും വനിതാ സബ്ഇൻസ്പെക്ടറും മറ്റും നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനമാർഗ്ഗം ദൽഹിയിലെത്തിയാണ്, പോപ്പുലർ കമ്പനിയുടെ ഡയറക്ടർമാരായ റോയി ഡാനിയേലിന്റെ രണ്ടുെപൺമക്കളെ അറസ്റ്റ് ചെയ്ത് കോന്നി കോടതിയിൽ ഹാജരാക്കി ജയിലിലേക്കയച്ചത്.
മക്കൾ ദൽഹിയിൽ കുടുങ്ങിയ വിവരമറിഞ്ഞ ഡാനിയേലും, ഭാര്യയും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ. ജി. സൈമൺ മുമ്പാകെ ഉടൻ കീഴടങ്ങുകയും ചെയ്തു.
ഡാനിയേലടക്കം ഈ കേസ്സിൽ നാലുപ്രതികളും ഇപ്പോൾ ജയിലിലാണ്. റോയി ഡാനിയേലിന്റെ ഡോക്ടറായ ഒരു മകൾ ഇപ്പോഴും ഒളിവിലാണ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടറാണ് ഒളിവിൽപ്പോയ മകൾ.
പത്തനംതിട്ടയിൽ വെറും 5 ദിവസത്തിനകം 45 കേസ്സുകൾ പോപ്പുലർ ഫിനാൻസിനെതിരെ രജിസ്റ്റർ ചെയ്തിട്ടും, ആ കേസ്സന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നില്ല.
ഫാഷൻഗോൾഡ് ജ്വല്ലറി തട്ടിപ്പിൽ ചന്തേര പോലീസ് 12 കേസ്സുകൾ രജിസ്റ്റർ ചെയ്തപ്പോൾത്തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതിലും സംശയങ്ങൾ ഉയർന്നിട്ടുണ്ട്.
പോപ്പുലർ ഫിനാൻസ് കേസ്സുകളുടെ അന്വേഷണച്ചുമതലയുള്ള പോലീസ് മേധാവി കെ. ജി. സൈമൺ, മുൻ കാസർകോട് ജില്ലാ പോലീസ് മേധാവിയായിരുന്നു. പ്രമാദമായ കൂടത്തായി കൊലക്കേസ്സുകൾ അന്വേഷിച്ച് പുറത്തുകൊണ്ടുവന്ന പോലീസ് മേധാവിയാണ് കെ. ജി. സൈമൺ.