എം.സി.ഖമറുദ്ദീനെ ചോദ്യം ചെയ്യുന്നു

കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിൽ പ്രതിയായ എം.സി. ഖമറുദ്ദീൻ എംഎൽഏയെ തട്ടിപ്പ് കേസ്സുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ കാസർകോട്ട്  ചോദ്യം ചെയ്തു വരികയാണ്.

ജില്ലാ പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് എംഎൽഏയെ ഐ.പി.എസ്  ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന  പ്രത്യേക അന്വേഷണസംഘം ഇന്ന് രാവിലെ മുതൽ ചോദ്യം ചെയ്യാൻ തുടങ്ങിയത്. എംഎൽഏയുടെ അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടായേക്കും.

നിലവിൽ 116 കേസ്സുകളാണ് കണ്ണൂർ, കാസർകോട് ജില്ലാകളിൽ എം.സി. ഖമറുദ്ദീനും പൂക്കോയക്കുമെതിരെ  റജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസ്സുകളുടെ ബാഹുല്ല്യം മൂലം ചോദ്യം ചെയ്യൽ  ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. വിവിധ പോലീസ് സ്റ്റേഷനുകളിലായി എം.സി. ഖമറുദ്ദീൻ എംഎൽഏക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള ചതി, വഞ്ചനാക്കേസ്സുകൾ  100 തികച്ച് മുന്നേറുന്നതിനിടെയാണ് ഖമറുദ്ദീനെ ചോദ്യം ചെയ്യാൻ എസ്ഐടി ടീം ഇന്ന് വിളിച്ചുവരുത്തിയത്. ചന്തേരയിൽ കഴിഞ്ഞ ദിവസം റജിസ്റ്റർ ചെയ്യപ്പെട്ട 3 കേസ്സുകളോടെ ഇദ്ദേഹത്തിനെതിരെയുള്ള കേസ്സുകളുടെ എണ്ണം 116 ആയി  ഉയർന്നു.

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ  എംഎൽഏയ്ക്കെതിരെ ദിവസവും പരാതികൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗം പേരും പരാതി നൽകാതെ മടിച്ചിരിക്കുകയാണ്.

എണ്ണൂറോളം പേരെ എംഎൽഏയുടെ നേതൃത്വത്തിൽ നിക്ഷേപത്തട്ടിപ്പിനിരയാക്കിയതായി ഇതിനകം വ്യക്തമായിട്ടുണ്ട്. 150 കോടിയോളം രൂപ തട്ടിയെടുത്ത ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ നിക്ഷേപകർക്ക് പണം തിരികെ കിട്ടുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല.

Read Previous

മാസ്ക്ക് ധരിച്ച് പുല്ലരിഞ്ഞ നാരായണിയമ്മയ്ക്ക് പോലീസിന്റെ പൊന്നാട

Read Next

ഖമറുദ്ദീനെതിരെ 116 കേസ്സുകൾ