ഖമറുദ്ദീൻ നിഷ്കളങ്കൻ ചമയുന്നു

തൃക്കരിപ്പൂർ: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ചന്തേര പോലീസിൽ ഇന്നലെ രണ്ട് കേസ്സുകൾ കൂടി റജിസ്റ്റർ ചെയ്തു.  നീലേശ്വരം കോട്ടപ്പുറത്തെ പി. അബൂബക്കർ, എൻ.പി. റംല എന്നിവരുടെ പരാതികളിലാണ് കേസ്. കോട്ടപ്പുറത്തെ പി. അബൂബക്കർ 2017 മുതൽ വിവിധ ഘട്ടങ്ങളിലായാണ് ഫാഷൻ ഗോൾഡിൽ 5,75,000 രൂപ നിക്ഷേപിച്ചത്. എൻ.പി. റംല 2014 മുതൽ വിവിധ തവണകളായി 7,50,000 രൂപയാണ് ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചത്.

തനിക്കെതിരെയുള്ള കേസ്സുകൾ റദ്ദാക്കണമെന്നും കേസ്സിൽ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നുമുള്ള വാദങ്ങൾ ഹൈക്കോടതി തള്ളിയതോടെ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ തുടരന്വേഷണത്തിന് ഹൈക്കോടതി സർക്കാരിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്.  ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും, ഹൈക്കോടതിയിലുമായി ഇന്നലെ നടന്ന രണ്ട് കേസ്സുകളിലും എം. സി. ഖമറുദ്ദീന് തിരിച്ചടി നേരിട്ടു.

ഖമറുദ്ദീനെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് സമാനമായ തട്ടിപ്പാണ് ഫാഷൻ ഗോൾഡിന്റേതുമെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഇന്നലെ ഹൈക്കോടതി ഖമറുദ്ദീന്റെ ഹരജി തള്ളിയത്.  കേസ്സിൽ തുടരന്വേഷണമാകാമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
നാല് കാരണങ്ങളാലാണ് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി ഇന്നലെ ഖമറുദ്ദീന്റെ ജാമ്യാപേക്ഷ തിരസ്ക്കരിച്ചത്. എംഎൽഏ എന്ന നിലയിൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്നതാണ് ഇതിൽ പ്രധാനം.

70-ൽ അധികം കേസ്സുകളിൽ പ്രതിയായ എംഎൽഏയ്ക്ക് ജാമ്യം അനുവദിച്ചാൽ, സാക്ഷികളെ സ്വാധീനിച്ച് തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന സർക്കാർ വാദവും, കോടതി അംഗീകരിച്ചു. കേസ്സിലെ മറ്റ് പ്രതികൾ ഒളിവിലായതും ഖമറുദ്ദീന് ജാമ്യം ലഭിക്കുന്നതിന് വിലങ്ങു തടിയായി. കൂടുതൽ കേസ്സുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയതോടെ എം.സി. ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ സാധ്യതയുണ്ട്. രണ്ട് ദിവസത്തേയ്ക്ക് മാത്രമാണ് കോടതി എംഎൽഏയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്.

കൂടുതൽ കേസ്സുകൾ റജിസ്റ്റർ ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് ഖമറുദ്ദീനെ ഇനിയും ചോദ്യം ചെയ്യേണ്ടിവരും. അന്വേഷണ സംഘത്തിന് ലഭിച്ച കേസ്സുകളിൽ പരാതിക്കാരുടെ മൊഴിയെടുക്കുന്നതടക്കമുള്ള തുടർ പ്രക്രിയകൾ നടന്നു കൊണ്ടിരിക്കുകയാണ്. അതേസമയം, മുഴുവൻ കുറ്റവും കൂട്ടുപ്രതിയായ ടി.കെ. പൂക്കോയ തങ്ങളുടെ തലയിൽ കെട്ടിവെച്ച് ഖമറുദ്ദീൻ നിഷ്ക്കളങ്കത്വം നടിക്കുകയാണ്.

Read Previous

കാഞ്ഞങ്ങാട്ട് ഒന്നേകാൽ കോടിയുടെ കശ്മീർ സിഗരറ്റ് പിടികൂടി

Read Next

നഗരസഭ വാർഡ് 17-ലും 18-ലും പോരാട്ടം തീപാറും