ഖമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളി

കാഞ്ഞങ്ങാട് : ഫാഷൻ ഗോൾഡ് തട്ടിപ്പു കേസ്സിൽ റിമാന്റിലുള്ള എം. സി. ഖമറുദ്ദീൻ എംഎൽഏയുടെ ജാമ്യാപേക്ഷ ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ബി. കരുണാകരൻ തള്ളിക്കളഞ്ഞു. രാവിലെ 11-ന് കോടതി നടപടികൾ ആരംഭിച്ച ഉടൻ എം. സി. ഖമറുദ്ദീന്റെ ജാമ്യാപേക്ഷയിൻമേലുള്ള ഹരജി മജിസ്ട്രേറ്റിന്റെ പരിഗണനക്കെത്തി.

അഡ്വ. സി. കെ. ശ്രീധരൻ മുഖേനയാണ് ഖമറുദ്ദീൻ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. കാസർകോട് ജില്ലാ ജയിലിൽ റിമാന്റിലുള്ള ഖമറുദ്ദീന് ഇതോടെ കുരുക്ക് മുറുകി. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ 11 പുതിയ കേസ്സുകളിൽ കൂടി പ്രതി ചേർത്ത് ഖമറുദ്ദീനെതിരെ ഇന്ന് ക്രൈബ്രാഞ്ച് അന്വേഷണസംഘം ഹൊസ്ദുർഗ്ഗ കോടതിയിൽ പുതിയ റിപ്പോർട്ട് നൽകി. ജയിലിൽ ചോദ്യം ചെയ്ത് എംഎൽഏയെ നിരുപാധിക അറസ്റ്റിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂർ പോലീസ് ഇന്ന് പയ്യന്നൂർ കോടതിയെ സമീപിച്ചു.

22 കേസ്സുകളിൽ ഖമറുദ്ദീനെ ജയിലിൽ അറസ്റ്റിന് വിധേയമാക്കാമെന്ന് ഇന്നലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിരുന്നു. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ ഹാജരാക്കിയ ഖമറുദ്ദീനെ വീണ്ടും റിമാന്റ് ചെയ്തതിന് പിന്നാലെ ജാമ്യാപേക്ഷ പരിഗണിക്കമെന്നാവശ്യപ്പെട്ട് എംഎൽഏയുടെ അഭിഭാഷകൻ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ മാറ്റിവെച്ച ജാമ്യാപേക്ഷയിലാണ്ഹൊസ്ദുർഗ്ഗ് കോടതി ഇന്ന് വിധി പറഞ്ഞത്. 70 ഓളം കേസ്സുകളിൽപ്പെട്ടിട്ടുള്ള പ്രതി എംഎൽഏയാണ്. എംഎൽഏ പദവി ദുരുപയോഗം ചെയ്ത കേസ്സിൽ സ്വാധീനം ചെലുത്താൻ ഖമറുദ്ദീന് സാധിക്കുമെന്ന് സർക്കാർ ഹൊസ്ദുർഗ്ഗ് കോടതിയിൽ വാദിച്ചു.

നിരവധി കേസ്സുകളിൽ ഇപ്പോഴും അന്വേഷണം നടന്നു വരികയാണ്. കേസ്സുകളുടെ ഗൗരവം പരിഗണിച്ച് പ്രതിക്ക് ജാമ്യം നൽകരുതെന്ന സർക്കാർ വാദഗതി അംഗീകരിച്ചാണ് മജിസ്ട്രേറ്റ് ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഇന്ന് തള്ളിയത്. ഒരു കേസ്സിൽ ജാമ്യം ലഭിച്ചാൽ മറ്റ് കേസ്സുകളിൽ ഖമറുദ്ദീനെ അറസ്റ്റ് ചെയ്തുകൊണ്ടേയിരിക്കുമെന്നതിനാൽ എംഎൽഏക്ക് അത്ര പെട്ടെന്ന് ജയിൽമോചിതനാകാൻ കഴിയില്ല.

LatestDaily

Read Previous

വി.വി.രമേശന്റെ സ്ഥാനാർത്ഥിത്വം ഐഎൻഎല്ലിന് ചങ്കിടിപ്പ്

Read Next

പെൺകെണിക്കേസ്സിൽ ലാലാ കബീറിന്റെ ഭാര്യ സബീന റിമാന്റിൽ