ഫാഷൻ ഗോൾഡ് തട്ടിപ്പിൽ എംഎൽഏ കള്ളം പറയുന്നു

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പു കേസിൽ മഞ്ചേശ്വരം എംഎൽഏ, എം.സി. ഖമറുദ്ദീൻ കള്ളം പറയുന്നു.

ഫാഷൻ ഗോൾഡ് ജ്വല്ലറി, കമ്പനി നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നും, ഈ സ്ഥാപനത്തിനെതിരെ കേസ്സെടുക്കാനുള്ള അധികാരം പോലീസിനില്ലെന്നുമാണ് എംഎൽഏ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.

100 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഫാഷൻഗോൾഡിന്റെ ചെയർമാനായ ഖമറുദ്ദീൻ എംഎൽഏ, ഈ കേസ്സിൽ ഒന്നാം പ്രതിയും, ഫാഷൻഗോൾഡിന്റെ മാനേജിംഗ് ഡയരക്ടർ ചന്തേരയിലെ തായലക്കണ്ടി പൂക്കോയ തങ്ങൾ ഈ വഞ്ചനാക്കേസിൽ രണ്ടാം പ്രതിയുമാണ്.

തനിക്കെതിരായ തട്ടിപ്പുകേസ്സ് രാഷ്ട്രീയ  പ്രേരിതമാണെന്ന് പറഞ്ഞ എംഎൽഏ, ഖമറുദ്ദീൻ ഫാഷൻ ഗോൾഡ് കമ്പനി നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നും, ഈ സ്ഥാപനത്തിനെതിരെ കേസ്സെടുക്കാനുള്ള അധികാരം കോടതിക്ക് മാത്രമാണെന്നും പറഞ്ഞത്, കമ്പനി നിയമം പോലും എംഎൽഏ പഠിച്ചിട്ടില്ലെന്നതിനുള്ള തെളിവാണ്.

കമ്പനിക്കെതിരെ കേസ്സെടുക്കാനും കമ്പനി ഡയരക്ടർമാരെ കേസ്സിൽ  പ്രതി ചേർക്കാനും, പോലീസിന്  അധികാരമുണ്ടെന്നതിനുള്ള തെളിവാണ്, പത്തനംതിട്ട ജില്ലയിൽ കോന്നിയിൽ  പോപ്പുലർ ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിന് എതിരെ കോന്നി പോലീസ്  രജിസ്റ്റർ ചെയ്ത കേസ്സും തുടർനടപടികളും.

2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പോപ്പുലർ ഫിനാൻസ് ഉടമകളായ ഡാനിയേലിന്റെയും, ഭാര്യയുടെയും, പേരിലാണ് ഇന്ത്യൻ ശിക്ഷാ നിയമം 420, 406 ചതി, വഞ്ചനക്കുറ്റകൃത്യങ്ങൾ ചേർത്ത് കോന്നി പോലീസ് 5 ദിവസം മുമ്പ് 45 കേസ്സുകൾ രജിസ്റ്റർ ചെയ്തത്.

നാട്ടിൽ നിന്ന് മുങ്ങിയ ഡാനിയേലും ഭാര്യയും, മക്കളും, രാജ്യം  വിടാതിരിക്കാൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി.സൈമൺ (മുൻ കാസർകോട് ജില്ലാ പോലീസ് മേധാവി) ലുക്കഔട്ട് നോട്ടീസ് പുറത്തിറക്കുകംയും ചെയ്തിരുന്നു.

ദുബായിലേക്ക് കടക്കാനുള്ള ശ്രമത്തിൽ ഇന്നലെ ഡാനിയേലിന്റെ മകളും മകനും ന്യൂദൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ അധികൃതരുടെ പിടിയിൽ വീഴുകയും, ഇരുവരേയും കേരളത്തിലെത്തിക്കാൻ, കോന്നി പോലീസ് ഇൻസ്പെക്ടർ പി.എസ് രാജേഷും, വനിതാ സബ് ഇൻസ്പെക്ടർ  ലീലാമ്മയും മറ്റും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രി ന്യൂദൽഹിയിലേക്ക് പോവുകയും ചെയ്തിട്ടുണ്ട്.

ഫാഷൻഗോൾഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെ തന്നെ രജിസ്റ്റർ ഓഫ് കമ്പനീസിൽ രജിസ്റ്റർ ചെയ്ത നിക്ഷേപകരിൽ നിന്ന് 2000 കോടിയോളം രൂപ കൈപ്പറ്റി  പൂട്ടിയിട്ട ശേഷം കമ്പനി ചെയർമാൻ ഡാനിയേലും, കമ്പനി ഡയരക്ടർമാരായ ഭാര്യയും, മക്കളും ഒളിവിൽപ്പോയ കേസ്സാണ് കോന്നി പോലീസിന്റെ കൈയ്യിലുള്ളത്.

കമ്പനി നിയമം ഇതായിരിക്കെയാണ് ഫാഷൻ ഗോൾഡ് തട്ടിപ്പുകേസ്സിൽ പ്രതി ചേർക്കപ്പെട്ട ഒന്നാം പ്രതി എം.സി. ഖമറുദ്ദീൻ കമ്പനിക്കെതിരെ കേസ്സെടുക്കാൻ പോലീസിന് അധികാരമില്ലെന്ന് പറഞ്ഞ് മാധ്യമങ്ങളെല്ലാം കബളിപ്പിച്ചത്.

LatestDaily

Read Previous

റിട്ട. പോലീസുദ്യോഗസ്ഥന്റെ പരാതിയിൽ കുട്ടികളെ വിരട്ടി വനിതാ എസ്ഐ കുടുക്കിൽ

Read Next

എം.സി.ഖമറുദ്ദീൻ എംഎൽഏ രാജിവെക്കണം