ഖമറുദ്ദീന് കാര്യമായ സ്വത്തുക്കളില്ല, മുസ്ലീം ലീഗ് അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്: നൂറ്റിമുപ്പത്തിയാറുകോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ നടുക്കുന്ന ഇടപാടിൽ സംസ്ഥാന മുസ്ലീംലീഗ് ചുമതലപ്പെടുത്തിയ അന്വേഷകൻ കല്ലട്ര മാഹിൻ ഹാജി അന്വേഷണം തുടങ്ങി.

കേസ്സിൽ പ്രതിയായ എം. സി. ഖമറുദ്ദീനെ കാസർകോട്ട് നേരിൽക്കണ്ടാണ് ജില്ലാ ലീഗ്  ട്രഷറർ കല്ലട്ര മാഹിൻ ഹാജി ഇന്ന് അന്വേഷണത്തിന് തുടക്കം കുറിച്ചത്.

ഖമറുദ്ദീന്റെയും, ഫാഷൻ ഗോൾഡിന്റെയും പേരിൽ നിലവിൽ കേരളത്തിലും, മംഗളൂരുവിലും, ബംഗളൂരുവിലുമുണ്ടെന്ന് പറയുന്ന സ്വത്തുക്കൾ ഏതെല്ലാമാണെന്നാണ് ആദ്യത്തെ അന്വേഷണം.

ഖമറുദ്ദീന്റെ സ്വന്തം പേരിൽ കാര്യമായ സ്വത്തുവകകളൊന്നും നിലവിലില്ല.

മംഗളൂരുവിൽ തനിക്ക് ആസ്തികളുണ്ടെന്ന്് എം. സി. ഖമറുദ്ദീൻ മുസ്ലീംലീഗ് സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. മംഗളൂരുവിൽ നിലവിലുള്ളത് ഒരു മൂന്നു നിലക്കെട്ടിടമാണ്. ഈ കെട്ടിടം ഖമറുദ്ദീന്റെ  അന്തരിച്ച പിതാവിന്റെ പേരിലുള്ളതാണ്. ഈ കെട്ടിടം ഖമറുദ്ദീന്റെ കുടുംബസ്വത്തായതിനാൽ കെട്ടിടത്തിന്റെ ഒരു ഓഹരി മാത്രമാണ് ഖമറുദ്ദീന് ലഭിക്കുക.

ഇന്നത്തെ സാഹചര്യത്തിൽ ഈ കെട്ടിടം പൂർണ്ണമായി വിൽപ്പന നടത്തിയ ശേഷം,  ഖമറുദ്ദീന് ഒരു ഓഹരി ലഭിക്കുകയാണെങ്കിൽ തന്നെ അത് ഒരു കോടിയിൽ താഴെ വരുന്ന സംഖ്യ മാത്രമായിരിക്കും.

ബംഗളൂരുവിൽ മറ്റൊരു വൻ റിയൽ എസ്റ്റേറ്റ് ലോബി നടത്തി വരുന്ന ഭൂമിയിടപാടിൽ കമ്മീഷൻ വ്യവസ്ഥയിലാണ് ഫാഷൻ ഗോൾഡ് പണം മുടക്കിയിട്ടുള്ളത്. ബംഗളൂരു- മൈസൂരു ദേശീയപാതയിൽ ഏക്കർ കണക്കിന് വരുന്ന തരിശുഭൂമി മൊത്തം വാങ്ങിയ റിയൽ എസ്റ്റേറ്റ് ലോബി, ഈ ഭൂമി ആവശ്യക്കാർക്ക് പ്ലോട്ടുകളായി മറിച്ചു വിൽക്കുമ്പോൾ, വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൽ ഫാഷൻ ഗോൾഡ് മുടക്കിയ പണത്തിന് ആനുപാതികമായി പത്തു ലക്ഷം രൂപയ്ക്ക് ഒരു ലക്ഷം രൂപ കമ്മീഷൻ ലഭിക്കുന്ന റിയൽ എസ്റ്റേറ്റ് വ്യാപാരമാണിത്.

ഈ ഭൂമി വിറ്റു പോകുന്ന മുറയ്ക്ക് ഖമറുദ്ദീന്  ലാഭവിഹിതം ലഭിക്കുന്നതല്ലാതെ ബംഗളൂരു  ഭൂമിയിൽ മുടക്കിയ ഫാഷൻ ഗോൾഡിന്റെ കോടികൾ റൊക്കമായി ഒരിക്കലും ഖമറുദ്ദീനും, ടി. കെ. പൂക്കോയ തങ്ങൾക്കും ലഭിക്കില്ലെന്ന് ഉറപ്പാണ്.

കാസർകോട് ജില്ലയിൽ ഖമറുദ്ദീനും, ടി. കെ. പൂക്കോയ തങ്ങളും വാങ്ങിയ അജാനൂർ തെക്കേപ്പുറത്തുള്ള 8 സെന്റ് ഭൂമി ഫാഷൻ ഗോൾഡ് സ്വർണ്ണാഭരണ ശാലകൾ പൂട്ടിയിട്ടതിന് ശേഷമാണ് ധൃതിപ്പെട്ട് 3. 8 കോടിക്ക് ചെമ്മണ്ണൂർ ജ്വല്ലേഴ്സ് വിൽപ്പന  നടത്തിയത്.

കാഞ്ഞങ്ങാട്ട് ഫാഷൻ ഗോൾഡ് ജ്വല്ലറി ശാഖ ആരംഭിക്കാൻ ഈ ഭൂമിയിൽ മൂന്നു നിലക്കെട്ടിടം  പണിതുവച്ചെങ്കിലും, നിർമ്മാണം പൂർത്തിയായില്ല.

അന്തരിച്ച മെട്രോ മുഹമ്മദ് ഹാജിയും ഈ കെട്ടിടത്തിലും, ഭൂമിയിലും അവകാശിയായിരുന്നുെവങ്കിലും, ഫാഷൻ ഗോൾഡ് സ്ഥാപനങ്ങൾ തകരുന്നതിന് തൊട്ടുമുമ്പ് ഭൂമി മെട്രോ മുഹമ്മദ് ഹാജിയുടെ ഭാര്യാസഹോദരൻ ചിത്താരിയിലെ യാഫാ ഹസ്സന്റെയും ഭാര്യ ഷെമീമയുടെയും പേരിൽ മാറ്റി രജിസ്റ്റർ ചെയ്ത ശേഷം ധൃതിപ്പെട്ടാണ് ചെമ്മണ്ണൂർ ജ്വല്ലേഴ്സ് വിൽപ്പന നടത്തിയത്.

136 കോടി രൂപ ഖമറുദ്ദീനും, പൂക്കോയ തങ്ങളും നിക്ഷേപകരിൽ നിന്ന് ശേഖരിച്ച കണക്ക് പുറത്തു വിട്ടത് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിന് ഇരയായവർ തൃക്കരിപ്പൂർ കേന്ദ്രമാക്കി രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയാണ്.

കടബാധ്യതയിൽ നിന്ന് ഖമറുദ്ദീനെ രക്ഷപ്പെടുത്താൻ ആരോ ചിലർ ഭൂമി എഴുതി നൽകാൻ സന്നദ്ധരായിട്ടുണ്ടെന്ന് ഖമറുദ്ദീൻ സംസ്ഥാന ലീഗ് നേതൃത്വത്തോട് വെളിപ്പെടുത്തിയിരുന്നു.

നിക്ഷേപകരുടെ പരാതിയിൽ ഖമറുദ്ദീന്റെയും പൂക്കോയയുടെയും പേരിൽ നിത്യവും മൂന്നും നാലും കേസ്സുകൾ പോലീസ് രജിസ്റ്റർ ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഖമറുദ്ദീന് ആരെങ്കിലും ഭൂമി നൽകി കടം വീട്ടാൻ മുന്നോട്ടു വരുമോയെന്ന് കണ്ടു തന്നെ അറിയണം.

LatestDaily

Read Previous

എംഎൽഏയുടെ വീട് റെയ്ഡ് ചോർന്നു

Read Next

കടലിൽ വീണ യുവാവിന്റെ ജഢം കണ്ടെത്തി