ഫാഷൻ ഗോൾഡ് തട്ടിപ്പ്; പൂക്കോയ തങ്ങളുടെ വീട്ടിലേക്ക് നിക്ഷേപകരുടെ മാർച്ച്

കാലിക്കടവ്: ഫാഷൻ ഗോൾഡ്   നിക്ഷേപത്തട്ടിപ്പിലെ പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് നിക്ഷേപത്തട്ടിപ്പിനിരയായവർ ജ്വല്ലറി മാനേജിംഗ് ഡയറക്ടർ ചന്തേരയിലെ ടി. കെ. പൂക്കോയ തങ്ങളുടെ വീട്ടിലേക്ക് മാർച്ച് നടത്തി.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സ് പ്രതികളായ എം. സി. ഖമറുദ്ദീൻ എംഎൽഏ, ടി. കെ. പൂക്കോയ തങ്ങൾ എന്നിവരുടെ അറസ്റ്റ് ആവശ്യപ്പെട്ടാണ് ഇന്നലെ നിക്ഷേപകർ ചന്തേരയിൽ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് പൂക്കോയ തങ്ങളുടെ വീടിന് മുന്നിൽ പോലീസ് തടഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന സമരത്തിന് പി. ജമാൽ പറമ്പത്ത്, ഇ. ബാലകൃഷ്ണൻ നെരുവമ്പ്രം, പി. കെ. സബീന പടന്നക്കടപ്പുറം, കെ. കെ. സൈനുദ്ദീൻ കാഞ്ഞങ്ങാട്, എം. വി. ഫൗസിയ പടന്നക്കടപ്പുറം, എൻ. പി. നസീമ തുടങ്ങിയവർ നേതൃത്വം നൽകി.

നിക്ഷേപത്തട്ടിപ്പ് കേസ്സിൽ പോലീസ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് തട്ടിപ്പിനിരയായവർ ഇന്നലെ പൂക്കോയ തങ്ങളുടെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. സമരം നടക്കുമ്പോൾ പൂക്കോയ വീട്ടിലുണ്ടായിരുന്നില്ല.

അതേ സമയം, ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്സുകൾക്കെതിരെ എം. സി. ഖമറുദ്ദീൻ എംഎൽഏ ഹൈക്കോടതിയിൽ നൽകിയ  ഹരജിയിൽ തട്ടിപ്പ് കേസ്സ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഹൈക്കോടതിയിൽ  എതിർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

കേസ്സിൽ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ സത്യവാങ്മൂലം. ഖമറുദ്ദീന്റെ ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു.

ജ്വല്ലറി തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഫാഷൻ ഗോൾഡ് ജ്വല്ലറി ജനറൽ മാനേജറുടെ മൊഴി രേഖപ്പെടുത്തി. വഞ്ചനാക്കേസ്സുകളിൽ പരാതിക്കാരുടെ മൊഴിയെടുക്കുന്ന  നടപടികളും തുടർന്നു വരികയാണ്.

LatestDaily

Read Previous

രാജപുരം പീഡനം പ്രതി അറസ്റ്റിൽ

Read Next

സെൽ ഫോണിൽ യുവതിയുടെ കുളി സീൻ പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ