ഫാഷൻ ഗോൾഡ് തട്ടിപ്പിനിരയായവർക്ക് മഞ്ചേശ്വരത്ത് സ്ഥാനാർത്ഥി

കാഞ്ഞങ്ങാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ മുസ്്ലീം ലീഗ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനിരയായവർ തയ്യാറെടുക്കുന്നു.  നിക്ഷേപത്തട്ടിപ്പിൽ കോടികൾ നഷ്ടപ്പെട്ട നൂറുകണക്കിന് നിക്ഷേപകരുടെ പ്രതിനിധിയായ ഒരാളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ് നീക്കം. 150 കോടിയോളം രൂപയുടെ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ലീഗ് സംസ്ഥാന കമ്മിറ്റി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച് വഞ്ചിതരായവർ മുസ്്ലീം ലീഗിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ സ്ഥാനാർത്ഥിയെ ഇറക്കാൻ തയ്യാറെടുക്കുന്നത്.

തട്ടിപ്പ് കേസ്സിൽ പ്രതികളായ ടി.കെ. പൂക്കോയയെയോ, എം.സി. ഖമറുദ്ദീനെയോ തള്ളിപ്പറയാത്ത ലീഗ് സംസ്ഥാന നേതൃത്വം തട്ടിപ്പിന് കുടപിടിക്കുകയാണെന്നാണ് നിക്ഷേപകരുടെ ആരോപണം. കേസ്സിലെ പ്രധാന പ്രതി ടി.കെ. പൂക്കോയ സുന്നി ഇ.കെ. വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സുന്നി മഹല്ല് ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടും, എസ്്വൈഎസിന്റെ കാസർകോട് ജില്ലാ പ്രസിഡണ്ടുമായിരുന്നു. ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ പാണക്കാട് ഹൈദരലി തങ്ങളാണ് സുന്നി മഹല്ല് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡണ്ട്. പൂക്കോയയുടെ തട്ടിപ്പിനെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടും, സുന്നി ഇ.കെ. വിഭാഗം അദ്ദേഹത്തെ തള്ളിപ്പറയാൻ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടെന്നാണ് നിക്ഷേപത്തട്ടിപ്പിനിരയായവർ ആരോപിക്കുന്നത്.

നിക്ഷേപത്തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും മുസ്്ലീം ലീഗ് പ്രവർത്തകരാണ്. പാർട്ടിയിൽ സ്ഥാനമാനങ്ങളുടെയും, സുന്നി മഹല്ല് ഫെഡറേഷന്റെ ഭാരവാഹിത്വത്തിന്റെയും ബലത്തിലാണ് ടി.കെ. പൂക്കോയയും, എം.സി. ഖമറുദ്ദീനും നിക്ഷേപത്തട്ടിപ്പിൽ ഇരകളെ വലയിൽ വീഴ്ത്തിയത്. മുസ്്ലീം ലീഗിന്റെ കാസർകോട് ജില്ലാ കമ്മിറ്റിയടക്കം ഫാഷൻ ഗോൾഡിൽ ലക്ഷങ്ങൾ നിക്ഷേപിച്ചിരുന്നു. ജ്വല്ലറിത്തട്ടിപ്പിനിരയായ പെരിയയിലെ ജമാലുദ്ദീൻ സഅദി മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പള്ളികളിൽ ഖത്തീബായി സേവനമനുഷ്ഠിച്ചയാളാണ്. ഇതുവഴി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇദ്ദേഹത്തിന് കാര്യമായ ജന സ്വാധീനമുണ്ട്.  നിക്ഷേപത്തട്ടിപ്പിനിരയായവരുടെ പ്രതിനിധിയെ മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥിക്കെതിരെ മത്സരിപ്പിച്ചാൽ, ജമാലുദ്ദീൻ സഅദിയുടെ ജന സ്വാധീനമുപയോഗിച്ച് ലീഗിന്റെ അടിത്തറയിളക്കാമെന്നാണ് തട്ടിപ്പിനിരയായവർ പ്രതീക്ഷിക്കുന്നത്.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ലീഗിന് തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.  ജ്വല്ലറിയിൽ പണം നിക്ഷേപിച്ച് വഞ്ചിതരായ ലീഗണികളെ ലീഗിന്റെ സംസ്ഥാന നേതൃത്വം കൂടി കയ്യൊഴിഞ്ഞതോടെയാണ് മറ്റ് വഴികളില്ലാതെ തട്ടിപ്പിനിരയായവർ മഞ്ചേശ്വരത്ത് മത്സരിക്കാൻ കോപ്പ് കൂട്ടുന്നത്.

ജ്വല്ലറി നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതിയായ ടി.കെ. പൂക്കോയയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേസ്സിൽ മറ്റ് പ്രതികളായ എം.സി. ഖമറുദ്ദീൻ, ജ്വല്ലറി ജനറൽ മാനേജർ സൈനുൽ ആബിദ് മുതലായവർ ജയിലിലാണ്.  ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ പുതിയ പരാതികൾ ഇടതടവില്ലാതെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എത്തുന്നുമുണ്ട്. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ലീഗ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാനുള്ള നിക്ഷേപകരുടെ നീക്കം മുസ്്ലീം ലീഗ് സംസ്ഥാന നേതൃത്വങ്ങൾക്ക് വെല്ലുവിളിയാകും.

LatestDaily

Read Previous

ഭാര്യയെ വെടിവെച്ചു കൊന്ന ഭർത്താവ് തൂങ്ങി മരിച്ചു

Read Next

അനിതയുടെ മരണം: പോലീസ് ഫോൺ പരിശോധിക്കും