ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്, കണ്ണൂർ ജില്ലകളിലെ എണ്ണൂറോളം നിക്ഷേപകരിൽ നിന്നും കോടികൾ തട്ടിയെടുത്ത ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ, റജിസ്റ്റർ ചെയ്യപ്പെട്ട നൂറ്റെഴുപത് കേസ്സുകളിലെ കുറ്റപത്രം സമർപ്പിക്കാതെ അന്വേഷണ സംഘം ഫയലുകൾ ചുവപ്പുനാടയിൽ കെട്ടിവെച്ചിരിക്കുകയാണ്.
കേസ് റജിസ്റ്റർ ചെയ്ത് ഒമ്പത് മാസം കഴിഞ്ഞിട്ടും ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതിൽ ആർക്കെങ്കിലും ദുരൂഹത തോന്നിയാൽ അവരെ കുറ്റപ്പെടുത്താനാകില്ല. മതവും, ആത്മീയതയും, രാഷ്ട്രീയവും ഇടകലർന്ന നിക്ഷേപത്തട്ടിപ്പിൽ നൂറ്റമ്പത് കോടിയോളം രൂപയാണ് ജ്വല്ലറി നടത്തിപ്പുകാർ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്തത്. കേരള രാഷ്ട്രീയം ഇന്നേവരെ കാണാത്തവിധത്തിൽ ഒരു എംഎൽഏ തന്നെ തട്ടിപ്പിന് നേതൃത്വം നൽകിയെന്നതാണ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനെ സംസ്ഥാന തലത്തിൽ ചർച്ചാ വിഷയമാക്കിയത്.
കേസ്സിലെ പ്രധാന പ്രതിയായിരുന്ന രാഷ്ട്രീയ നേതാവിനെ അറസ്റ്റ് ചെയ്തതൊഴിച്ചാൽ നിക്ഷേപത്തട്ടിപ്പ് കേസ് അതിനപ്പുറം പോയിട്ടുമില്ല. കേസിലെ പ്രധാന പ്രതിയായ ആത്മീയ നേതാവിനെ പിടികൂടാൻ അന്വേഷക സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എട്ട് മാസത്തിലധികമായി ഒളിവിൽ കഴിയുന്ന പ്രധാന പ്രതിയെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഇതുവരെ അറസ്റ്റ് ചെയ്യാത്തതിന് കാരണം രാഷ്ട്രീയ സമ്മർദ്ദമാണെന്ന നിക്ഷേപകരുടെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത ജില്ലയിലെ ഭരണ പക്ഷത്തിനുണ്ട്.
എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വരെ അന്വേഷണത്തിനെത്തിയ നിക്ഷേപത്തട്ടിപ്പ് കേസ് അന്വേഷണം അതിനുശേഷം ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടുമില്ല. നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയായ ജനപ്രതിനിധിയെ അറസ്റ്റ് ചെയ്യാൻ ധൈര്യം കാണിച്ച പ്രത്യേക അന്വേഷണ സംഘം കേസിലെ മറ്റൊരു പ്രതിയായ ആത്മീയ നേതാവിനെ തൊടാൻ അറയ്ക്കുന്നതിന് പിന്നിലെ കാരണം ജില്ലയിലെ ഭരണകക്ഷി നേതാക്കളുടെ സമ്മർദ്ദമാണെന്നാണ് അണിയറ സംസാരം.
കുറ്റാന്വേഷണ മികവിവ്് പേര് കേട്ട കേരള പോലീസിന് നിക്ഷേപത്തട്ടിപ്പിലെ സൂത്രധാരനെ പിടികൂടാൻ കഴിയാത്തതിന്റെ കാരണം കണ്ടെത്തി പരിഹരിക്കേണ്ട ഉത്തരവാദിത്തം ആഭ്യന്തരവകുപ്പിനാണ്. അന്വേഷണസംഘത്തെത്തന്നെ നിർജ്ജീവമാക്കിയ സർക്കാർ നടപടി തട്ടിപ്പിനിരയായവരോടുള്ള നീതി നിഷേധം കൂടിയാണ്.
കടലുകൾ കടന്ന് മരുഭൂമിയിലെത്തി പതിറ്റാണ്ടുകൾ ചോര വിയർപ്പാക്കി, വയർ മുറുക്കിക്കെട്ടി പ്രവാസികൾ മിച്ചം വെച്ച തുകയാണ് രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പിൻബലത്തിൽ ചിലർ തട്ടിയെടുത്തത്. ഇത്തരത്തിൽ നൂറ് കണക്കിന് പ്രവാസികളാണ് തങ്ങളുടെ ജീവിതസമ്പാദ്യം മുഴുവൻ ജ്വല്ലറി ബിസിനസ്സിൽ മുതൽമുടക്കിയത്.
ചതിച്ചിരിയുമായി പ്രവാസലോകത്തെത്തി നിക്ഷേപം സ്വീകരിച്ചവർ ഒടുവിൽ നിക്ഷേപകരെ ചതിക്കുകയായിരുന്നുവെന്നതാണ് യാഥാർത്ഥ്യം. ഇതിന് പുറമെ കൂലിപ്പണിയെടുത്ത് മിച്ചം വെച്ചവരും, വിവാഹിത മോചിതയായ വകയിൽ ജീവനാംശം ലഭിച്ചവരും തങ്ങളുടെ സമ്പാദ്യം ജ്വല്ലറിയിൽ നിഷേപിച്ചിട്ടുണ്ട്.
ബാങ്കിനേക്കാൾ മെച്ചപ്പെട്ട ലാഭവിഹിതം ലഭിക്കുമെന്ന പ്രതീക്ഷയിൽ സമ്പാദ്യം ജ്വല്ലറിയിൽ നിക്ഷേപിച്ചവരെയെല്ലാം ഒറ്റയടിക്ക് വഞ്ചിച്ചവർ ജില്ലയിൽ ഇപ്പോഴും മാന്യമായി ജീവിക്കുമ്പോൾ തട്ടിപ്പിനിരയായവർ തങ്ങളുടെ സമ്പാദ്യം തിരികെ കിട്ടാൻ നിയമ വ്യവസ്ഥയ്ക്ക് മുന്നിൽ കൈനീട്ടിയാചിക്കുകയാണ്. ജ്വല്ലറിത്തട്ടിപ്പിലെ ആദ്യകേസ് റജിസ്റ്റർ ചെയ്തിട്ട് ഒമ്പത് മാസം കഴിഞ്ഞിട്ടും കേസ് ചാപിള്ളയായിത്തീർന്നത് എങ്ങിനെയെന്ന് വിശദീകരിക്കേണ്ടത് സംസ്ഥാന ആഭ്യന്തരവകുപ്പാണ്.
മുഖ്യമന്ത്രിക്കടക്കം നിക്ഷേപകർ പരാതി കൊടുത്തിരുന്നെങ്കിലും ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ് നിന്നിടത്തുനിന്നും അനങ്ങാതെ ഒരേ ചക്കിന് ചുറ്റും കറങ്ങുകയാണ്. കോവിഡ് പ്രതിസന്ധി കാലത്ത് പ്രവാസ ലോകത്ത് നിന്നും മടങ്ങിയെത്തിയ പ്രവാസികളിൽ പലരും തട്ടിപ്പിനിരയായവരിലുണ്ട്.
കൈയ്യിൽ ബാക്കിവന്ന സമ്പാദ്യം ജ്വല്ലറിയിൽ നിക്ഷേപിച്ച് ജീവിതം തുലഞ്ഞ ഇത്തരക്കാരുടെ ദൈന്യത സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. നിയമസംവിധാനങ്ങൾ നിഷ്ക്രിയമായാൽ ഇവർ ആരോടാണ് പിന്നെ പരാതി പറയോണ്ടത്. ജ്വല്ലറി നിക്ഷേപത്തട്ടിപ്പിനിരയായവർക്ക് വേണ്ടത് വലിയ വായിലുള്ള വാഗ്ദാന ഉപചാരങ്ങളല്ല മറിച്ച് നീതിയാണ്. താമസിച്ചുള്ള നീതി നീതി നിഷേധമായതിനാൽ ഇവർക്ക് ഉടൻ നീതി ലഭിക്കാൻ സർക്കാർ ഇടപെടുക തന്നെ വേണം.