ഫാഷൻ ഗോൾഡ് നിക്ഷേപകർ കൂട്ടത്തോടെ പാണക്കാട്ടേക്ക്

തൃക്കരിപ്പൂർ: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ വഞ്ചിതരായി ലക്ഷങ്ങൾ നഷ്ടപ്പെട്ട ഇടപാടുകാർ കൂട്ടത്തോടെ പാണക്കാട്ടേക്ക്.  ചെറുവത്തൂർ തിമിരി ബാങ്ക് ഓഡിറ്റോറിയത്തിൽ നവമ്പർ 20– ന് ചേർന്ന നിക്ഷേപകരുടെ യോഗത്തിലാണ് ഈ തീരുമാനം. ഫാഷൻ ഗോൾഡിൽ വഞ്ചിക്കപ്പെട്ട നിക്ഷേപകർ 700 ഓളം വരും.
ഇവരിൽ ഇരുന്നൂറോളം പേർ പാണക്കാട്ടേക്ക് പോകാൻ സന്നദ്ധരായിട്ടുണ്ട്.
ഇന്ത്യൻ യൂണിയൻ മുസ്്ലീം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ നേരിൽക്കണ്ട് എം. സി. ഖമറുദ്ദീൻ എംഎൽഏയും മുസ്്ലീം ലീഗ് ജില്ലാ കമ്മിറ്റിയംഗമായ ടി. കെ. പൂക്കോയയും നടത്തിയ ജനവഞ്ചന ബോധിപ്പിക്കാനാണ് നിക്ഷേപകർ കൂട്ടത്തോടെ പാണക്കാട്ടേക്ക് പോകാൻ തീരുമാനിച്ചത്.

ഹൈദരലി തങ്ങളിൽ നിന്ന് ഉചിതവും അനുഭാവ പൂർവ്വവുമായ ഉറപ്പ് ലഭിക്കുന്നില്ലെങ്കിൽ, തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞടുപ്പിലും, മുസ്്ലീം ലീഗ് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യില്ലെന്ന തീരുമാനവുമായാണ് നിക്ഷേപകർ പാണക്കാട്ടേക്ക് യാത്ര തിരിക്കുന്നത്. എം. സി. ഖമറുദ്ദീനും, പൂക്കോയയും വഞ്ചിച്ച എഴുന്നൂറോളം നിക്ഷേപകരിൽ ഒരാളുടെ കുടുംബത്തിൽ ചുരുങ്ങിയത് 25 വീതം വോട്ടുകളുണ്ടെന്ന് പറയുന്നു. ഇവർ വോട്ടെടുപ്പിൽ സമ്മതിദാനം മാറ്റി കുത്തിയാൽ 17,500 വോട്ടുകൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് നഷ്ടപ്പടുമെന്നാണ് നിക്ഷേപകരുടെ കണക്കുക്കൂട്ടൽ. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യരുതെന്ന് തങ്ങൾ വ്യാപകമായി ജനങ്ങളിൽ പ്രചരിപ്പിക്കുമെന്നും നിക്ഷേപകരുമായുള്ള വൃത്തങ്ങൾ ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി.

LatestDaily

Read Previous

ടി.കെ.വിഷ്ണുപ്രദീപ് ഒറ്റപ്പാലം ഏഎസ്പി

Read Next

മുൻ ചെയർമാന്റെ കല്ലൂരാവി സന്ദർശനം : ചിത്രങ്ങൾ പുറത്തു വിട്ട് ഇരുവിഭാഗം