പൂക്കോയ കാണാമറയത്ത്; ക്രൈംബ്രാഞ്ചിന് മൗനം

കാഞ്ഞങ്ങാട് : ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിന്റെ അന്വേഷണം ഏറ്റെടുത്ത് 3 മാസം തികയാറാകുമ്പോഴും, കേസിലെ മുഖ്യപ്രതി ടി. കെ. പൂക്കോയയെ കണ്ടെത്താൻ ശ്രമിക്കാത്ത ക്രൈംബ്രാഞ്ചിനെതിരെ നിക്ഷേപകർക്കിടയിൽ പ്രതിഷേധം ശക്തമായി.  പ്രതിയെ കണ്ടുപിടിക്കാൻ ക്രൈംബ്രാഞ്ച് മെനക്കെടുന്നില്ലെന്നാണ് നിക്ഷേപത്തട്ടിപ്പിനിരയായവരുടെ ആരോപണം. എണ്ണൂറോളം നിക്ഷേപകരിൽ നിന്നും 150 കോടി രൂപ തട്ടിയെടുത്ത ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ നൂറ്റമ്പതോളം കേസുകളാണ് നിലവിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോക്കൽ പോലീസിൽ നിന്നും 3 മാസം മുമ്പാണ് കേസുകൾ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തത്.

കേസിൽ പ്രതിയായ എം. സി. ഖമറുദ്ദീനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ടി. കെ. പൂക്കോയ നാട്ടിൽ നിന്നും മുങ്ങിയത്. ടി. കെ. പൂക്കോയയ്ക്ക് വേണ്ടിയുള്ള അന്വേഷണം ചടങ്ങിൽ മാത്രമൊതുങ്ങിയതോടെയാണ് തട്ടിപ്പുകേസിലെ പ്രധാന പ്രതി ഇപ്പോഴും കാണാമറയത്ത് സുഖ ജീവിതം നയിക്കുന്നത്. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുള്ളതിനാൽ പൂക്കോയ വിദേശത്തേയ്ക്ക് കടന്നിരിക്കാൻ സാധ്യതയില്ല. ഇദ്ദേഹത്തെ അന്വേഷിച്ച് ക്രൈംബ്രാഞ്ച് സംഘം കർണ്ണാടകയിലെത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിന് ശേഷം അന്വേഷണവും ദുർബ്ബലമായി.

പൂക്കോയയെ പിടികൂടാൻ കഴിയാത്തത് ക്രൈംബ്രാഞ്ചിന്റെ കഴിവുകേടാണെന്നാണ് ആക്ഷേപം. ഉയർന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുന്നതെങ്കിലും കേസന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇതുവരെയുണ്ടായിട്ടില്ല.  ഏറെ വിയർപ്പൊഴുക്കാതെ എം. സി. ഖമറുദ്ദീൻ എംഎൽഏയുടെ അറസ്റ്റ് രേഖപ്പെടുത്താൻ കഴിഞ്ഞതാണ് ക്രൈംബ്രാഞ്ചിന് ആകെയുണ്ടായ നേട്ടം. അതുതന്നെ ഖമറുദ്ദീൻ പോലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായതുകൊണ്ടു മാത്രമാണ്.

കേസിൽ ഫാഷൻ ഗോൾഡ് ഡയറക്ടർമാരെക്കൂടി പ്രതി ചേർക്കണമെന്ന നിക്ഷേപകരുടെ ആവശ്യത്തിൽ ക്രൈംബ്രാഞ്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. തുടരന്വേഷണത്തിലും, പൂക്കോയയുടെ അറസ്റ്റിലും ക്രൈംബ്രാഞ്ച് ആരെയോ ഭയക്കുന്നുണ്ടെന്നാണ് കേസിന്റെ ഗതിയിൽ നിന്ന് മനസ്സിലാകുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ ഒരു ഭരണ മാറ്റം ഉണ്ടാകുകയാണെങ്കിൽ, പലരോടും കണക്ക് പറയേണ്ടി വരുമെന്ന ഭീതിയാണ് ക്രൈംബ്രാഞ്ച് സംഘത്തെ അന്വേഷണത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനെത്തിയ ഖമറുദ്ദീൻ എംഎൽഏയെ മറ്റ് നിർവ്വാഹമില്ലാതെയാണ് സംഘം അന്ന് അറസ്റ്റ് ചെയ്തത്.

ലീഗിന്റെ ജില്ലാ നേതാവ് കൂടിയായ പൂക്കോയയെക്കൂടി അറസ്റ്റ് ചെയ്ത് പുലിവാൽ പിടിക്കേണ്ടെന്ന ചിന്ത അന്വേഷണ സംഘത്തിൽപ്പെട്ട പലർക്കുമുണ്ട്. മികച്ച കുറ്റാന്വേഷണ സംവിധാനങ്ങളുള്ള ക്രൈംബ്രാഞ്ചിന് 150 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടാൻ കഴിയുന്നില്ലെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. ടി. കെ. പൂക്കോയയെ ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ സുരക്ഷിതമായ ഒളിസങ്കേതത്തിൽ പാർപ്പിച്ചിട്ടുണ്ടാകാമെന്ന് തട്ടിപ്പിനിരയായവർ സംശയിക്കുന്നു.  നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് പ്രതി പൂക്കോയ അറസ്റ്റിലായാൽ ഏറ്റവും കൂടുതൽ ക്ഷീണം സംഭവിക്കുന്നത് മുസ്്ലീം ലീഗിനായിരിക്കും. പൂക്കോയയെ അറസ്റ്റ് ചെയ്യുന്നതിൽ നിന്നും ക്രൈം ബ്രാഞ്ചിനെ പിന്തിരിപ്പിക്കുന്ന സാഹചര്യം എന്തെന്ന് വെളിപ്പെടുത്തേണ്ടത് സംസ്ഥാന സർക്കാരാണ്.

LatestDaily

Read Previous

ഖമറുദ്ദീന് ഇനി ഒരു കേസ്സിൽ മാത്രം ജാമ്യം 83 കേസ്സുകളിൽ ജാമ്യം അനുവദിച്ചു

Read Next

ചിത്താരിയിൽ ഡയാലിസിസ് സെന്റർ