ഫാഷൻ ഗോൾഡ് അന്വേഷണം നിലച്ചു

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതോടെ കേസ്സിന്റെ തുടരന്വേഷണം പൂർണ്ണമായും നിലച്ചു. കേസ്സിലെ പ്രധാന പ്രതി ടി.കെ. പൂക്കോയയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കുമ്പോഴാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ അപ്പാടെ സ്ഥലം മാറ്റിയിരിക്കുന്നത്. അന്വേഷണ സംഘത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥരായ വിവേക് കുമാർ, ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിൽ അറസ്റ്റിലായ എം.സി. ഖമറുദ്ദീൻ എംഎൽഏ കണ്ണൂർ സെൻട്രൽ ജയിലിൽ 2 മാസത്തിലധികമായി റിമാന്റിലാണ്. കേസ്സിലെ കൂട്ടുപ്രതി പൂക്കോയയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.  പൂക്കോയ എവിടെയാണെന്നതിനെക്കുറിച്ച് അന്വേഷണ സംഘത്തിന് യാതൊരു ധാരണയുമില്ല. എം.സി. ഖമറുദ്ദീനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുങ്ങിയ ഇദ്ദേഹത്തെ അന്വേഷിച്ച് ക്രൈംബ്രാഞ്ച് കർണ്ണാടകയിൽ പരിശോധന നടത്തിയിരുന്നുവെങ്കിലും, കണ്ടെത്താനായില്ല.

പൂക്കോയയ്ക്ക് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നെങ്കിലും, നോട്ടീസ് ഇറങ്ങുന്നതിന് മുമ്പേ കോയ മുങ്ങി. പൂക്കോയയെ അന്വേഷിച്ച് പലതവണ ക്രൈംബ്രാഞ്ച് ചന്തേരയിലെ വീട്ടിലെത്തിയിരുന്നെങ്കിലും, അദ്ദേഹം എവിടെയാണെന്നറിയില്ലെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞത്. എം.സി. ഖമറുദ്ദീനെ ചുറ്റിപ്പറ്റി മാത്രമാണ് ഇപ്പോൾ കേസ്സന്വേഷണം നടക്കുന്നത്. കേസ്സിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയാൽ, ഖമറുദ്ദീന് സ്വാഭാവിക ജാമ്യം ലഭിക്കാൻ അവകാശമുണ്ട്. പക്ഷേ, ഇദ്ദേഹത്തിനെതിരെ പുതിയ പരാതികൾ വന്നുകൊണ്ടിരിക്കുന്നത് ജാമ്യത്തിന് തടസ്സമാകുന്നുണ്ട്.

ടി.കെ. പൂക്കോയയെ പിടികൂടാത്ത പോലീസ് നിലപാടിൽ നിക്ഷേപത്തട്ടിപ്പിനിരയായവർക്ക് അമർഷമുണ്ട്. നിക്ഷേപത്തട്ടിപ്പിനിരയായവർ മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും പരാതി നൽകിയിട്ടുണ്ട്. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിന്റെ അന്വേഷണം എം.സി. ഖമറുദ്ദീനിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായി നിക്ഷേപത്തട്ടിപ്പിനിരയായവർ ആക്ഷേപിക്കുന്നു.  അന്വേഷണം ഒരാളിൽ മാത്രം കേന്ദ്രീകരിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഇവരുടെ ആക്ഷേപം. എംഎൽഏയോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ കാഞ്ഞങ്ങാട്ടെ അഭിഭാഷകന്റെ നേതൃത്വത്തിൽ ചരടു വലികൾ നടക്കുന്നതായും ഇവർ ആരോപിക്കുന്നു.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനിരയായവർക്ക് നിയമസഹായവുമായി പ്രത്യക്ഷപ്പെട്ട കാഞ്ഞങ്ങാട്ടെ വക്കീൽ എം.സി. ഖമറുദ്ദീൻ ജയിലിലായതോടെ അയഞ്ഞ നിലപാടിലാണെന്ന് ജ്വല്ലറി തട്ടിപ്പിനിരയായവർ ആരോപിച്ചു. ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ എം.സി. ഖമറുദ്ദീനെ ജയിലിലടച്ചശേഷം കാഞ്ഞങ്ങാട്ടെ അഭിഭാഷകൻ പുലർത്തുന്ന നിസ്സംഗത സംശയകരമാണെന്നാണ് ഇവരുടെ ആക്ഷേപം.

ഫാഷൻ ഗോൾഡ് കമ്പനിയുടെ ഡയറക്ടർമാരെ കേസ്സിൽ പ്രതി ചേർക്കണമെന്ന ആവശ്യത്തിൽ അന്വേഷണസംഘം ഇതുവരെ തീരുമാനമെടുക്കാത്തതിൽ നിക്ഷേപകർക്ക് അമർഷമുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിലെ 2 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റിയത് കേസ്സിന്റെ തുടരന്വേഷണം സ്തംഭിക്കാൻ കാരണമായി. ടി.കെ. പൂക്കോയയുടെ മാതാവ് വാർധക്യം മൂലം അവശതയിലാണ്. മാതാവിനെ കാണാനെങ്കിലും പൂക്കോയ എത്തുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. പൂക്കോയ സ്വദേശമായ ലക്ഷദ്വീപിലുണ്ടെന്നും സംശയമുയർന്നിട്ടുണ്ട്.

Read Previous

യുഏഇ ബാങ്കിൽ നിന്ന് 2.70 കോടി തട്ടിയെടുത്ത വെള്ളിക്കോത്ത് സ്വദേശിക്കെതിരെ കേസ്

Read Next

ഗ്യാസ് അടുപ്പിൽ തീപ്പിടിച്ച് പൊള്ളലേറ്റ പതിനഞ്ചുകാരൻ മരിച്ചു