ഫാഷൻ ഗോൾഡിൽ മുടക്കിയ പ്രമുഖരുടെ പണം തിരിച്ചു നൽകി, ചതിയിൽ കുടുങ്ങിയത് പാവങ്ങളായ നിക്ഷേപകർ

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പടന്നയിലെ   എം.സി. ഖമറുദ്ദീനും, ചന്തേരയിലെ ടി.കെ. പൂക്കോയ തങ്ങളും 2006-ൽ ആരംഭിച്ച സ്വർണ്ണാഭരണ ശാലയിൽ പണം മുടക്കി ഷെയർ വാങ്ങിയവരിൽ  പ്രബലൻമാരായവർക്ക് കമ്പനി എം.ഡി., ടി.കെ. പൂക്കോയ തങ്ങൾ പണം മടക്കിക്കൊടുത്തു.

ഇവരിൽ അധികം പേരും, പ്രവാസികളാണ്. നാട്ടിലുള്ള ഭാര്യമാരുടെയും, അടുത്ത  ബന്ധുക്കളുടെയും, മക്കളുടേയും പേരിലാണ്  പ്രവാസികളിൽ പലരും സ്വർണ്ണാഭരണ ശാലയിൽ പണം മുടക്കി ഷെയർ വാങ്ങിയിട്ടുള്ളത്. കമ്പനി പൂട്ടാൻ 2017-ൽ തന്നെ കമ്പനി എംഡിയും ചെയർമാനും പദ്ധതി തയ്യാറാക്കിയിരുന്നു.

കാരണം 2017-ന് ശേഷം കമ്പനിയുടെ ലാഭവിഹിതം മോഹിപ്പിച്ചു കൊണ്ട് പണം കൈപ്പറ്റിയ നിക്ഷേപകർക്കെല്ലാം  കമ്പനി ഷെയർ സർട്ടിഫിക്കറ്റ് നൽകുന്നതിന് പകരം, നൂറു രൂപയുടെ മുദ്രപ്പത്രത്തിലുള്ള രസീതിയാണ് നൽകിയത്.

കമ്പനിയുടെ ഷെയർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ചെറുവത്തൂർ പടന്ന വടക്കേപ്പുറത്തെ വീട്ടമ്മ എൻ.പി.നസീമയ്ക്ക് ടി.കെ. പൂക്കോയ തങ്ങൾ നൽകിയത് മുദ്രപ്പത്ര രസീതാണ്. ഈ വീട്ടമ്മയിൽ  നിന്ന് തങ്ങൾ  നേരിട്ടു കൈപ്പറ്റിയത് 8 ലക്ഷം രൂപയാണ്. തൽസമയം ഈ മുദ്രപ്പത്രത്തിൽ പൂക്കോയ  തങ്ങൾ  എഴുതി ഒപ്പിട്ടു നൽകിയത് കമ്പനിക്ക് വേണ്ടി 8 ലക്ഷം രൂപ വാങ്ങിയതായിട്ടാണ്.

ഇത് ഏറ്റവും വലിയ ചതിയും ബോധപൂർവ്വമുള്ള കബളിപ്പിക്കലും വഞ്ചനയുമാണ്.

ഈ കൊടുംചതിക്കും വഞ്ചനയ്ക്കുമെതിരെ പണം നഷ്ടപ്പെട്ട വീട്ടമ്മയടക്കം 12 പേർ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് നൽകിയ പരാതികളാണ് സിവിൽ സ്വഭാവമുള്ളതാണെന്ന് എസ്പിയും താഴെയുള്ള പോലീസുദ്യോഗസ്ഥരും  സ്വയം പ്രഖ്യാപിച്ചു കൊണ്ട് കേസ്സെടുക്കാതെ അട്ടിമറിച്ചത്.

LatestDaily

Read Previous

ഫാഷൻ ഗോൾഡിന് എതിരെ 3 കേസ്സുകൾ രജിസ്റ്റർ ചെയ്തു

Read Next

കാഞ്ഞങ്ങാട്ട് കഞ്ചാവ് കച്ചവടം ഓൺലൈനിലും