ഇരകൾക്ക് നീതി കിട്ടണം

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയായ എംഎൽഏ ഒടുവിൽ അറസ്റ്റിലായെങ്കിലും, കേസിലെ പരാതിക്കാരുടെ സാമ്പത്തിക നഷ്ടം എങ്ങിനെ പരിഹരിക്കപ്പെടുമെന്നതിലെ സംശയങ്ങൾ ഇപ്പോഴും ബാക്കിയാണ്. കേരള ചരിത്രത്തിൽ സമാനതകളില്ലാത്ത വിധത്തിലുള്ള സാമ്പത്തിക തട്ടിപ്പാണ് മുസ്്ലീം ലീഗിന്റെ എംഎൽഏയായ എം.സി ഖമറുദ്ദീൻ ചെയ്തിരിക്കുന്നതെന്നത് അവിതർക്കിതമായ വസ്തുതയാണ്.


ആത്മീയതയും , രാഷ്ട്രീയവും കൂടിക്കലർന്ന സാമ്പത്തിക കുറ്റകൃത്യമാണ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസുകളിൽ ഇടകലർന്നിരിക്കുന്നത്. പ്രതികളിലൊരാൾ ആത്മീയത ചൂഷണം ചെയ്തും മറ്റൊരാൾ രാഷ്ട്രീയ വിശ്വാസങ്ങൾ ചൂഷണം ചെയ്തുമാണ് കോടികൾ നിക്ഷേപത്തിന്റെ പേരിൽ തട്ടിയെടുത്തിരിക്കുന്നതെന്നതിൽ സംശയമില്ല.


തനിക്കെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രതിയായ എംഎൽഏ ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. സ്വന്തം അണികളെ നിക്ഷേപത്തട്ടിപ്പിനിരയാക്കിയ എംഎൽഏ ആരെയാണ് ഇതിൽ കുറ്റപ്പെടുത്തുന്നതെന്നും വ്യക്തമല്ല. നൂറ്റമ്പത് കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടമായവർ ഇനി ആരോട് സങ്കടം പറയുമെന്ന് എംഎൽഏയുടെ പാർട്ടിയെങ്കിലും വ്യക്തമാക്കേണ്ടതാണ്.


സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ കോളിളക്കമുണ്ടാക്കിയ ജ്വല്ലറി നിക്ഷേപത്തട്ടിപ്പിന്റെ ഉള്ളുകള്ളികളും, നിഗൂഡതകളും ആദ്യമായി പുറത്തു വിട്ടത് ലേറ്റസ്റ്റ് ദിനപത്രമാണ്. ഇതിന്റെ പേരിൽ ഏറ്റവും കൂടുതൽ അധിക്ഷേപങ്ങളും , ഭീഷണികളും, വെല്ലുവിളികളും പത്രത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഭീഷണിക്ക് മുന്നിൽ മുട്ടു മടക്കി ശീലമില്ലാത്തതിനാൽ മാത്രം വിഷയം സജീവമായി നില നിർത്താൻ പത്രത്തിന് കഴിഞ്ഞു.


മരുഭൂമിയിൽ വിയർപ്പൊഴുക്കി, വയർ മുറുക്കിക്കെട്ടി പ്രവാസികൾ മിച്ചം വെച്ച ജീവിത സമ്പാദ്യമാണ് മത- രാഷ്ട്രീയ വിശ്വാസങ്ങൾ ചൂഷണം ചെയ്ത് തട്ടിയെടുത്തതെന്നത് തീരെ അവഗണിക്കാൻ കഴിയില്ല. ഭർത്താവുപേക്ഷിച്ച് വാടക വീട്ടിൽ കഴിയുന്ന വീട്ടമ്മയുടെ സമ്പാദ്യം വരെ ആകർഷകമായ പലിശ വാഗ്ദാനം ചെയ്ത് ജ്വല്ലറി നടത്തിപ്പുകാർ തട്ടിയെടുത്തിട്ടുണ്ട്. ഇവരെപ്പോലെയുള്ള വീട്ടമ്മമാരുടെ കണ്ണീരുപ്പു കലർന്ന സമ്പാദ്യമാണ് നഷ്ടമായിരിക്കുന്നതെന്നത് മനഃസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്നതാണ്.


എംഎൽഏ അറസ്റ്റിലായെങ്കിലും, ഏറെ പ്രസക്തമായ ഒരു ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്. നിക്ഷേപത്തിന്റെ പേരിൽ തട്ടിയെടുത്ത സമ്പാദ്യങ്ങൾ ആര് തിരികെ കൊടുക്കും എന്നതാണ് ആ ചോദ്യം. വഞ്ചനക്കേസിൽ പ്രതിയായ എംഎൽഏയെ ലീഗ് സംസ്ഥാന നേതൃത്വം തന്നെ തള്ളിപ്പറഞ്ഞ സാഹചര്യത്തിൽ ഈ വിഷയത്തിൽ ഇനി പാർട്ടിയുടെ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനും വയ്യ.


നിക്ഷേപത്തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും മുസ്്ലീം ലീഗിന്റെ അനുയായികളാണെന്നതിനാൽ ഇവരെ കയ്യൊഴിയുന്നത് ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ഭൂഷണമാണോയെന്ന് ചിന്തിക്കേണ്ടത് ലീഗിന്റെ സംസ്ഥാന നേതൃത്വമാണ്. അതിന് അവർ തയ്യാറാകുമെന്ന് തന്നെ കരുതാം. ഈ വിഷയത്തിൽ മനുഷ്യത്വത്തിന്റെ രാഷ്ട്രീയം കാണിക്കാൻ ലീഗ് സംസ്ഥാന നേതൃത്വം തയ്യാറായാൽ പ്രശ്നം പരിഹരിക്കപ്പെടുക തന്നെ ചെയ്യും

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പ് പുറത്തു കൊണ്ടുവന്നത് ലേറ്റസ്റ്റ്

Read Next

നീലേശ്വരത്ത് ജ്വല്ലറിയിൽ കവർച്ചാ ശ്രമം