ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മഞ്ചേശ്വരം എം. എൽ. ഏയുടെ നേതൃത്വത്തിൽ നടത്തിയ ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ പരാതികൾ പെരുകി വരുന്നത് പിടിച്ചതിലും വലുതാണ് അളയിലുള്ളതെന്ന സൂചനകളാണ് നൽകുന്നത്. മത, രാഷ്ട്രീയ വിശ്വാസങ്ങൾ മുതലെടുത്ത് നടത്തിയ ആസുത്രിത തട്ടിപ്പാണ് പിന്നിലെന്ന് നിസ്സംശയം പറയാം.
പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടാതിരുന്ന തട്ടിപ്പിന്റെ ഉള്ളുകള്ളികൾ ആദ്യമായി പുറത്തുവിട്ടത് ലേറ്റസ്റ്റ് ദിനപത്രമാണ്. മുഖ്യധാരാ മാധ്യമങ്ങൾ തൊടാനറച്ചു നിന്ന വിഷയം ഏറ്റെടുത്ത് പുറത്തു കൊണ്ടു വന്നതിലൂടെ ലേറ്റസ്റ്റിനെ പരിഹസിച്ചവരുടെ വായടപ്പിക്കുന്ന വിധത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ. മഞ്ചേശ്വരം എം. എൽ. ഏ പൊതുജന മധ്യത്തിൽ വസ്ത്രാക്ഷോപം ചെയ്യപ്പെട്ടവനെപ്പോലെ നിൽക്കുകയാണ് .
ആര് മൂടിവെച്ചാലും സത്യം പുറത്തു കൊണ്ടുവര ണമെന്ന ലേറ്റസ്റ്റിന്റെ ദൃഢ നിശ്ചയമാണ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് പുറത്തു കൊണ്ടുവരാൻ ലേറ്റസ്റ്റിനെ പ്രേരിപ്പിച്ചത്. എം. എൽ. ഏയുടെ പാർട്ടിയിൽ നിന്നും അണികളിൽ നിന്നും ഒരുപാട് വിമർശനങ്ങളും, പരിഹാസങ്ങളും ഏറ്റു വാങ്ങേണ്ടിവന്നുവെങ്കിലും ജ്വല്ലറിത്തട്ടിപ്പ് പുറത്തു കൊണ്ടു വരുന്നതിൽ മുമ്പോട്ട് വെച്ച കാൽ പിമ്പോട്ട് വലിക്കാൻ ലേറ്റസ്റ്റ് ഒരിക്കലും തയ്യാറായിട്ടില്ല. എം. എൽ. ഏ നടത്തിയ തട്ടിപ്പിനെ ന്യായീകരിച്ച് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികൾ ചാനൽ ചർച്ചകളിൽ ഘോരഘോരം നടത്തുന്ന അധര വ്യായാമങ്ങൾ പാർട്ടിയെത്തന്നെയാണ് പരിഹാസ്യമാക്കുന്നത്.
മണൽക്കാട്ടിൽ കഷ്ടപ്പെട്ട് ചോരവറ്റിച്ച് , അരവയർ മാത്രം നിറച്ച് പ്രവാസികൾ നേടിയ സമ്പാദ്യമാണ് എം. എൽ. ഏ തട്ടിയെടുത്തതെന്ന് ചുരുങ്ങിയ പക്ഷം പാർട്ടി നേതാക്കളെങ്കിലും മനസ്സിലാക്കാതെ പോയത് കഷ്ടമാണ്.
ജ്വല്ലറിയിൽ നിക്ഷേപിച്ച് പണം തിരികെ കിട്ടാതെ പട്ടിണിയിലായ പാവം അമ്മമാരുടെ കണ്ണീരിനെങ്കിലും പാർട്ടി നേതൃത്വം വില കൽപ്പിച്ചെങ്കിൽ നന്നായിരുന്നു. സ്വന്തം കൈയിൽ നിന്നും ഒരു രൂപ പോലും മുടക്കാതെ എം. എൽ. ഏ കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യമാണ് കെടുകാര്യസ്ഥത മൂലം തകർന്നു പോയത്. എത്ര നിഷ്ക്കളങ്കത ചമഞ്ഞാലും തട്ടിപ്പ് നടത്തിയവരുടെ കാപട്യത്തെ ഒരിക്കലും മറച്ചു വെയ്ക്കാൻ കഴിയില്ല.
യു. ഡി. എഫിലെ ഘടക കക്ഷികളിൽപ്പെട്ട പാർട്ടിയിലെ നേതാക്കളെല്ലാം എം. എൽ. ഏ നടത്തിയത് തട്ടിപ്പല്ലെന്ന് വാദിച്ച് രംഗത്തുണ്ട് . തട്ടിപ്പിനെ വെള്ള പൂശി നടത്തുന്ന ഇത്തരം പ്രസ്താവനകൾ സത്യം മനസ്സിലാക്കത്തതുകൊണ്ടാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല. കാരണം എം.എൽ. ഏയ്ക്ക് എതിരായ കേസ്സുകളുടെ എണ്ണം മുപ്പത് കടന്നിരിക്കുകയാണ്. കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ എം. എൽ. ഏയെ വല്ലാതെ ന്യായീകരിച്ച് വിശുദ്ധനാക്കുന്നവർ തട്ടിപ്പിന് കുടപിടിക്കുകയും, കുഴലൂതുകയുമാണ് ചെയ്തു കൊണ്ടിരിക്കുന്നത്.
ഫാഷൻ ഗോൾഡ് തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പ്രവാസികളാണ് . തട്ടിപ്പിൽപ്പെട്ട് നിരാശ്രയരായ നിരവധി വീട്ടമ്മമാരും ഇക്കൂട്ടത്തിലുണ്ട് . മക്കളുടെ ഭാവിക്ക് വേണ്ടി കരുതിവെച്ച ധനം ഫാഷൻ ഗോൾഡ് സ്ഥാപനത്തിൽ നിക്ഷേപിക്കുകയും നിക്ഷേപത്തുക തിരികെ കിട്ടാതെ പട്ടിണിയിലാകുകയും ചെയ്തവർ ഇവരിൽപ്പെടും.
ഇവരുടെയൊക്കെ കണ്ണീരിലും സങ്കടങ്ങളിലും ചവിട്ടി നിന്നാണ് ചില അഭിനവ രാഷ്ട്രീയക്കാർ എം. എൽ. ഏയ്ക്ക് മംഗളപത്രം രചിക്കുന്നത്. ജീവിത സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടവരുടെ കണ്ണീരുപ്പ് കുഴച്ച അന്നമാണ് എം. എൽ. ഏയും സംഘവും മൃഷ്ടാന്നം ഭുജിച്ചതെന്ന് മറക്കാതിരുന്നാൽ കൊള്ളാം. എം. എൽ. ഏയെ ന്യായീകരിക്കുന്നവർ സമ്പാദ്യം നഷ്ടവരുടെ ഭാഗത്തു നിന്നും ചിന്തിച്ചാൽ നന്നായിരിക്കും.