ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നൂറുകോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഫാഷൻ ഗോൾഡ് ക്രിമിനൽ കേസ്സിൽ ഈ കമ്പനിയുടെ ഡയറക്ടർമാരെയും പോലീസ് പ്രതിപ്പട്ടികയിൽ ചേർക്കും.
ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ചെയർമാൻ എം.സി. ഖമറുദ്ദീൻ എംഎൽഏയേയും, മാനേജിംഗ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങളേയുമാണ്, ഇന്നലെ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത നിക്ഷേപത്തട്ടിപ്പ് കേസ്സിൽ പ്രതി ചേർത്തതെങ്കിലും, കമ്പനിയിൽ കോടികൾ മുടക്കി ഡയറക്ടർമാരായിട്ടുള്ള വ്യക്തികളെക്കൂടി കേസ്സിൽ പ്രതിചേർത്തില്ലെങ്കിൽ, കേസ്സ് കോടതിയിൽ തെളിയിക്കാൻ പോലീസിന് സാധിക്കാതെ വരും.
ഫാഷൻ ഗോൾഡ് സ്വർണ്ണാഭരണ ശാലയിൽ നിലവിൽ 8 ഡയറക്ടർമാരുണ്ട്. ഇവരുടെ പേരു വിവരങ്ങൾ താഴെ:
മൊയ്്ലാക്കിരി ഇല്ലത്ത് ഖമറുദ്ദീൻ, ഉദിനൂക്ക് അബ്ദുൾ റസാഖ്, മുഹമ്മദ്കുഞ്ഞി മാഹിൻകുട്ടി, സയിദ് മുഹമ്മദ് അഫ്റഫ് അദീദ്, മുഹമ്മദ് കുഞ്ഞി അഞ്ചില്ലത്ത്, ആനക്കാരൻ തായലെപ്പുരയിൽ അബ്ദുൾ ഹമീദ്, തായലക്കണ്ടി പൂക്കോയ തങ്ങൾ, കപ്പണയിൽ സൈനുദ്ദീൻ എന്നിവരാണ് ഫാഷൻ ഗോൾഡ് സ്വർണ്ണാഭരണ ശാലയുടെ ഡയറക്ടർമാർ.
ഈ 8 ഡയറക്ടർമാരെക്കൂടി പോലീസ് ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്സിൽ പ്രതിചേർക്കും. ഇവരിൽ ഭൂരിഭാഗം പേരും പ്രവാസികളായ നിക്ഷേപകരാണ്. ഇവരിൽ പലരും ഇപ്പോൾ നാട്ടിലുണ്ട്. രണ്ടു കോടി രൂപയ്ക്ക് മുകളിലുള്ള പണം ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചവരെയാണ് ഈ സ്വർണ്ണാഭരണ ശാല കമ്പനിയിൽ ഡയറക്ടർമാരാക്കി അവരോധിച്ചിട്ടുള്ളത്.
ഡയറക്ടർമാരായ 8 പേരിൽ നിന്ന് മാത്രം ചുരുങ്ങിയത് 16 കോടി രൂപയ്ക്ക് മുകളിൽ ഫാഷൻ ഗോൾഡ് നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ജ്വല്ലറി പൂട്ടിയതോടെ, 8 ഡയറക്ടർമാരുടെയും തുക തിരിച്ചു കൊടുത്തതിനാലാണ് ഈ ഡയറക്ടർമാർ ആരും ഫാഷൻ ഗോൾഡ് തട്ടിപ്പിന് എതിരെ പോലീസ് പരാതി പോലും കൊടുക്കാതിരുന്നതെന്ന് ഉറപ്പായിട്ടുണ്ട്.