ചന്തേര പോലീസ് ഇൻസ്പെക്ടറെ മാറ്റിയത് ഫാഷൻ ഗോൾഡ് പരാതികൾ കെട്ടി വെച്ചതിന്

കാഞ്ഞങ്ങാട്: ചന്തേര പോലീസ് ഇൻസ്പെക്ടർ എസ്. നിസ്സാമിനെ ബേക്കൽ പോലീസ് ഐപിയായി  സ്ഥലം മാറ്റിയത്, ഫാഷൻ ഗോൾഡ് തട്ടിപ്പിനിരയായ നിക്ഷേപകരുടെ പരാതികൾ മുഴുവൻ ചുരുട്ടിക്കൂട്ടി വെച്ചതിന്.

ജൂൺ 1-നാണ് പോലീസ് ഐപിയായി എസ്. നിസ്സാമിനെ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവിൽ ചന്തേരയിൽ നിയമിച്ചത്.

ചുമതലയേറ്റ് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ വഞ്ചിതരായ 12 പേർ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയെ നേരിൽക്കണ്ട് സങ്കടമറിയിച്ച് രേഖാമൂലം പരാതി നൽകിയത്.

വഞ്ചിക്കപ്പെട്ടതിനുള്ള തെളിവുകളും സ്ത്രീകളടക്കമുള്ള പരാതിക്കാർ പോലീസ് മേധാവിക്ക് നൽകിയിരുന്നു.

പരാതികൾ ഏറ്റുവാങ്ങിയ പോലീസ് മേധാവി മൊത്തം പരാതികളും കാഞ്ഞങ്ങാട് ഡി വൈ എസ് പി,  എം.പി, വിനോദിന്  തുടർ നടപടിക്കായി അയച്ചു.

ചന്തേര പോലീസ് പരിധിയിലുള്ളവരാണ് പരാതിക്കാരിൽ അധികപേരും എന്നതിനാൽ ഡി വൈ എസ് പി,  12 പരാതികളും ചന്തേര ഐപിക്ക് കൈമാറിയത്.

പരാതികൾ വാങ്ങിയ നിസ്സാം ഒരാഴ്ച്ച അവധിയെടുത്ത് സ്വദേശമായ ആലപ്പുഴയിലേക്ക് പോയി.

തിരിച്ചു വന്ന ശേഷം പരാതിക്കാരെ മുഴുവൻ വിളിച്ച് മൊഴി രേഖപ്പെടുത്തിയെങ്കിലും,  ഇന്ത്യൻ ശിക്ഷാ നിയമം 420 ചതിയും  വഞ്ചനയും വകുപ്പു ചേർത്ത് കേസ്സ് രജിസ്റ്റർ ചെയ്യാൻ ന്യായമായും പ്രഥമ ദൃഷ്ട്യാ കുറ്റ കൃത്യം മുഴച്ചു നിൽക്കുന്ന പരാതികൾ അഭിപ്രായത്തിന് വേണ്ടി നിസ്സാം ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ത്രേട്ട്  കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർക്കയച്ചു  കൊടുത്തു.

അസി. പബ്ലിക് പ്രോസിക്യൂട്ടർ ഈ പരാതികളിൽ യാതൊരു അഭിപ്രായവും പറയാതെ പരാതിക്കെട്ട് അതേ പടി പോലീസിന് തന്നെ തിരിച്ചയക്കുകയായിരുന്നു.

ഇപ്പോൾ ആഗസ്ത് മാസം 13 ആയിട്ടും ഈ പരാതികൾ സ്റ്റേഷനിൽ തന്നെ കെട്ടിവെച്ച് യാതൊരു തുടർനടപടികളിലേക്കും കടക്കാതെ  ഐപി, എസ്. നിസ്സാം, വഞ്ചിക്കപ്പെട്ട പരാതിക്കാരോട് കാണിച്ച അനീതിയും, കണ്ണിൽച്ചോരയില്ലാത്ത നടപടിയും നാടുഭരിക്കുന്ന പാർട്ടി നേതൃത്വത്തെ ഒട്ടൊന്നുമല്ല പ്രകോപിപ്പിച്ചത്.

നിലവിൽ ചന്തേര പോലീസിന്റെ  കൈയ്യിലുള്ള 12 പരാതികളിലും സെക്ഷൻ 420 ക്ക് പുറമെ 409 ഐപിസി യും (ക്രിമിനൽ ബ്രീച്ച് ഓഫ് ട്രസ്റ്റ്) നിഷ്പ്രയാസം ചേർക്കാൻ ഒരു പബ്ലിക്  പ്രോസിക്യൂട്ടറുടെയും അനുമതിയോ ഉപദേശമോ ആവശ്യമില്ലെന്നിരിക്കെയാണ്  പബ്ലിക് പ്രോസിക്യൂട്ടറുടെ അഭിപ്രായമെന്ന ഓമനപ്പേരിൽ ഐ.പി, എസ്. നിസ്സാം കേസ്സ് രജിസ്റ്റർ  ചെയ്യാതെ പരാതിക്കാരോട് കടുത്ത വഞ്ചന കാണിച്ചത്.

ഫാഷൻ ഗോൾഡിൽ പണം നഷ്ടപ്പെട്ട് കണ്ണീരിൽ ക്കഴിയുന്ന നിക്ഷേപകർക്ക് മറ്റൊരു തിരിച്ചടി കൂടി നൽകിയ ഐപി, എസ്.നിസ്സാമിനോട് മറുത്തൊരു ചോദ്യത്തിനും നിൽക്കാതെയാണ്  ആഭ്യന്തര വകുപ്പ് സമയോചിതമായി ഇടപെട്ട് ഐപിയെ ബേക്കൽ പോലീസിലേക്ക് സ്ഥലം മാറ്റിയത്.

LatestDaily

Read Previous

തിരുവനന്തപുരത്തും കരിപ്പൂരിലും വൻ സ്വർണ്ണ വേട്ട; 4 പേർ പിടിയിൽ

Read Next

മന്തി ജലീലിന്റെ സിക്രട്ടറിക്ക് വീണുപരിക്ക്