ഫാഷൻ ഗോൾഡ് പരാതിക്കാർക്ക് ഇനി കോടതിയിൽ പോകാം

കാഞ്ഞങ്ങാട്: നൂറുകോടി രൂപയുടെ  നിക്ഷേപത്തട്ടിപ്പു നടത്തിയ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പിനെതിരെ പോലീസ് കേസ്സ് റജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ  പരാതിക്കാർക്ക് ഇനി കോടതിയിൽപ്പോകാം.

ജില്ലാ പോലീസ് മേധാവിയെ നേരിൽക്കണ്ട് ഫാഷൻ ഗോൾഡിനെതിരെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ട 12 പേർ നൽകിയ പരാതികൾ ഇപ്പോൾ ചന്തേര പോലീസ് ഐപിയുടെ മേശപ്പുറത്ത് വെറുതെ കിടക്കുകയാണ്.

പരാതികളിൽ എഫ്ഐആർ  റജിസ്റ്റർ ചെയ്യേണ്ടിയിരുന്ന പോലീസ് ഇൻസ്പെക്ടർ, എസ്.നിസ്സാം ഈ കേസ്സിൽ പ്രതിപ്പട്ടികയിൽ  ഉൾപ്പെടുത്തേണ്ട മഞ്ചേശ്വരം എംഎൽഏ, എംസി. ഖമറുദ്ദീനെ പേടിച്ചാണ് നാടു നടുങ്ങിയ നൂറുകോടി രൂപയുടെ പട്ടാപ്പകൽ തട്ടിപ്പു സംഭവത്തിൽ കേസ്സ് റജിസ്റ്റർ ചെയ്യാതെ ബലംപിടിച്ച് സ്റ്റേഷൻ തന്നെ വിട്ടുപോയത്.

ഐപി, എസ്.നിസ്സാം ഇനി തിരിച്ചു വന്നാൽ ഡിജിപിയുടെ സ്ഥലം മാറ്റ ഉത്തരവു പ്രകാരം ബേക്കൽ പോലീസ് ഇൻസ്പെക്ടറായാണ് ചുമതലയേൽക്കേണ്ടത്.

ഫാഷൻ ഗോൾഡ് പരാതികളിൽ  മലക്കം മറിഞ്ഞ ഐപി, നിസ്സാം പോലീസ്  ഡിപ്പാർട്ട്മെന്റിന് ഏൽപ്പിച്ച നാണക്കേട് വലുതാണ്.

ബേക്കലിൽ ചുമതലയേറ്റാൽ അവിടെയും ഈ പോലീസ് ഉദ്യോഗസ്ഥൻ പ്രതികളെ സഹായിക്കുന്ന രീതികൾ സ്വീകരിക്കാനിടയുണ്ടെന്ന് പോലീസ് സേന മുന്നറിയിപ്പു നൽകുന്നു.

ജില്ലാ പോലീസ് മേധാവിയെ നേരിൽക്കണ്ട് സ്ത്രീകളടക്കമുള്ള 12 പേcർ നൽകിയ പരാതിയിൽ മാസം ഒന്നര കഴിഞ്ഞിട്ടും ഒരു നടപടിയും പോലീസ് സ്വീകരിക്കാത്ത സാഹചര്യത്തിൽ  പരാതിക്കാർക്ക് ക്രിമിനൽ  പ്രൊസീജർ കോഡ് 156 (3) അനുസരിച്ച് കോടതിയെ സമീപിക്കാവുന്നതാണ്.

സിആർപിസി 190 പ്രകാരം ഈ പരാതികളത്രയും ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ  ഹൗസ് ഓഫീസർമാർക്ക് അയച്ചു കൊടുത്ത്  എഫ്ഐആർ  റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഏൽപ്പിക്കുകയും ചെയ്യാവുന്നതാണ്.

അങ്ങിനെ റജിസ്റ്റർ ചെയ്യുന്ന കേസ്സുകൾ അന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥർ,  പരാതിക്കാരുടെ കൈകളിൽ ജ്വല്ലറിക്ക്   പണം കൊടുത്തതിന് നിലവിലുള്ള തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥൻ ശേഖരിക്കേണ്ടതാണ്.

ഈ തെളിവുകളുടെ ബലത്തിൽ പ്രതികൾക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ കുറ്റ പത്രം സമർപ്പിക്കുകയാണ് സിആർപിസി നടപടി.

കോടതി കേസ്സിൽ  വിചാരണ നടത്തിയ ശേഷം ഇന്ത്യൻ ശിക്ഷാ നിയമം 420 വിശ്വാസ വഞ്ചന, 406 ചതി എന്നീ കുറ്റകൃത്യങ്ങൾ  തെളിഞ്ഞാൽ പ്രതികൾക്ക് തടവു ശിക്ഷ നൽകാനും ബന്ധപ്പെട്ട കോടതികൾക്ക് അധികാരങ്ങൾ ധാരാളമുണ്ട്.

ഇനി ഈ കേസ്സിൽ പോലീസിന്  മതിയായ തെളിവുകൾ ലഭിച്ചില്ലെങ്കിൽ കേസ്സ് എഴുതിത്തള്ളാനും നിയമം അനുവദിക്കുന്നുണ്ട്.

Read Previous

തെയ്യം കലാകാരൻ ആത്മഹത്യ ചെയ്തു

Read Next

ഓണാമാഘോഷിക്കാം: പോലീസ് നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് കടയുടമകൾ ഉറപ്പാക്കണം