ഫാഷൻ ഗോൾഡ് തട്ടിപ്പിൽ രണ്ട് പുതിയ കേസ്സുകൾ

ബേക്കൽ : ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനിരയായ 2 പേർ കൂടി ബേക്കൽ പോലീസിൽ പരാതി നല്കി.  ബേക്കൽ ഇല്യാസ് നഗർ ആയിഷ മൻസിലിൽ ബി. കെ. അബ്ദുള്ള, ബേക്കൽ കുന്നിലെ അബൂബക്കറിന്റെ മകൾ ഷെരീഫ എന്നിവരാണ് പരാതിക്കാർ. ബി. കെ. അബ്ദുള്ള 2009 ലാണ് കാസർകോട്ടെ ഖമർ ഫാഷൻ ഗോൾഡിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചത്. ഷെരീഫ 2017 ഒക്ടോബർ 7 നാണ് കാസർകോട് ഫാഷൻ ഗോൾഡ്, ഖമർ ഫാഷൻ ഗോൾഡ് എന്നീ സ്ഥാപനങ്ങളിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചത്. ഇരുവരെയും ലാഭവിഹിതമോ മുടക്കു മുതലോ നല്കാതെ സ്ഥാപനം വഞ്ചിച്ചുവെന്നാണ് പരാതി.

രണ്ട് പരാതികളിലായി എം. സി. ഖമറുദ്ദീൻ എം. എൽ. ഏ, ടി. കെ. പൂക്കോയ എന്നിവർക്കെതിരെ വഞ്ചനാക്കുറ്റം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് ബേക്കൽ പോലീസ് കേസെടുത്തത്. കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. 150 കോടിയോളം രൂപ തട്ടിയെടുത്ത ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ എം. സി. ഖമറുദ്ദീൻ എം. എൽ. ഏ, ജ്വല്ലറി ജനറൽ മാനേജർ സൈനുൽ ആബിദ് എന്നിവർ റിമാൻഡിലാണ്.  കേസിൽ പ്രധാന പ്രതിയായ ചന്തേരയിലെ ടി. കെ. പൂക്കോയ രണ്ട് മാസമായി ഒളിവിലാണ്. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം പ്രതിക്കായി നാടു മുഴുവൻ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. മുസ്്ലീം ലീഗിന്റെ ജില്ലാ നേതാവ് കൂടിയായ ടി. കെ. പൂക്കോയ എവിടെയാണെന്നതിന് യാതൊരു തുമ്പും ലഭിച്ചിട്ടില്ല. പൂക്കോയയോടൊപ്പം ഒളിവിൽപ്പോയ ജ്വല്ലറി മാനേജർ സൈനുൽ ആബിദ് അടുത്തിടെയാണ് പോലീസിൽ കീഴടങ്ങിയത്.

ടി. കെ. പൂക്കോയയെ 2 മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാൻ കഴിയാത്ത പ്രത്യേക അന്വേഷണ സംഘത്തിനെതിരെ നിക്ഷേപകർക്കിടയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. പൂക്കോയയെ ലീഗ് നേതൃത്വം ഒളിപ്പിച്ചതാണെന്നും നിക്ഷേപകർ ആരോപിച്ചു. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളായ ടി. കെ. പൂക്കോയയേയും, ഗൾഫിലേക്ക് കടന്ന മകൻ ഇഷാമിനെയും ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ, വീണ്ടും സമര രംഗത്തിറങ്ങാൻ നിക്ഷേപകർ ആലോചിക്കുന്നുണ്ട്.

LatestDaily

Read Previous

കല്ലൂരാവി കൊല

Read Next

കാഞ്ഞങ്ങാട് നഗരസഭ തിരഞ്ഞെടുപ്പിൽ കൃത്രിമ വോട്ടർപ്പട്ടിക നിർമ്മിച്ചു വാർഡ് 14-ൽ വോട്ടുചെയ്ത 70 പേർ വാർഡിന് പുറത്തുള്ളവർ