ഫാഷൻ ഗോൾഡ്: 67 കേസ്സുകളിൽക്കൂടി അറസ്റ്റ്

ഇന്നേക്ക് ആകെ 125 കേസ്സുകൾ∙കണ്ണൂരിൽ ഖമറുദ്ദീനെതിരെ 25 ലക്ഷം രൂപയുടെ കേസ്സ്

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ അറസ്റ്റിലായ പ്രതി എം.സി. ഖമറുദ്ദീൻ എംഎൽഏയ്ക്കെതിരെയുള്ള 67 കേസ്സുകളിൽക്കൂടി അറസ്റ്റ് രേഖപ്പെടുത്തിയതോടെ എംഎൽഏയ്ക്കെതിരെ നിയമക്കുരുക്ക് ഒന്നുകൂടി മുറുകി.
ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി വിട്ടുകൊടുത്ത എംഎൽഏയെ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കിയത്.

ഇതിന് പിന്നാലെയാണ് കാസർകോട്ടെ 5 കേസ്സുകളിലും, ചന്തേരയിലെ 6 കേസ്സുകളിലുമായി എംഎൽഏയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഖമറുദ്ദീന്റെ റിമാന്റ് കാലാവധി നവംബർ 20 വരെ നീട്ടി. ആദ്യം അറസ്റ്റ് ചെയ്ത 3 കേസ്സുകളിൽ എംഎൽഏയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് കൂടുതൽ കേസ്സുകളിൽ അറസ്റ്റുണ്ടായത്.

ചന്തേരയിൽ ഇന്നലെ റജിസ്റ്റർ ചെയ്ത 2 കേസ്സുകളോടെ ഖമറുദ്ദീനെതിരെയുള്ള വഞ്ചനാക്കേസ്സുകളുടെ എണ്ണം 125 കടന്നു. മടക്കര തുരുത്തിയിലെ മുഹമ്മദ്കുഞ്ഞി, കൊടക്കാട് വെള്ളച്ചാലിലെ അബ്ദുൾ മുത്തലിബ് എന്നിവരുടെ പരാതികളിലാണ് ഇന്നലെ ചന്തേര പോലീസിൽ എംഎൽഏയ്ക്കും, ടി, കെ. പൂക്കോയയ്ക്കുമെതിരെ 2 കേസ്സുകൾ കൂടി റജിസ്റ്റർ ചെയ്തത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം എംഎൽഏയ്ക്കെതിരെ ഒരു കേസ്സ് റജിസ്റ്റ്ർ ചെയ്തിട്ടുണ്ട്. തുരുത്തിയിലെ മുഹമ്മദ്കുഞ്ഞി 2016 മുതൽ 2018 വരെയുള്ള കാലയളവിലാണ് ഫാഷൻ ഗോൾഡിൽ 6 ലക്ഷം രൂപ നിക്ഷേപിച്ചത്. വെള്ളച്ചാലിലെ അബ്ദുൾ മുത്തലിബ് 2017-ൽ 10 ലക്ഷം രൂപയും നിക്ഷേപിച്ചു.

രണ്ട് പരാതികളിലായി ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത കേസ്സുകളിൽ എം.സി. ഖമറുദ്ദീനും, പൂക്കോയ തങ്ങളും പ്രതികളാണ്. കണ്ണൂർ പയ്യാമ്പലം കാനോത്ത് റെഡ് ക്രോസ് റോഡിലെ എം. കെ. ഭുവൻ രാജിന്റെ പരാതിയിലാണ് കണ്ണൂർ ടൗൺ സ്റ്റേഷനിൽ എംഎൽഏയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്.

ഈ കേസ്സിൽ എം.സി. ഖമറുദ്ദീൻ, ടി.കെ. പൂക്കോയ, സൈനുൽ ആബിദ്, തവക്കൽ സൈനുദ്ദീൻ എന്നിവരാണ് പ്രതികൾ. 2008-09 കാലയളവിൽ രണ്ട് തവണയായാണ് ഭുവൻരാജ് ഫാഷൻഗോൾഡിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചത്. ഭുവൻരാജ് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തിൽ കോടതി നിർദ്ദേശത്തെതുടർന്നാണ് കണ്ണൂർ ടൗൺ പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തത്.

LatestDaily

Read Previous

ബൈക്കപകടത്തിൽ മരിച്ച ആളെ തിരിച്ചറിയാൻ പോലീസ് സഹായം തേടുന്നു

Read Next

കാഞ്ഞങ്ങാട്ട് ഒന്നേകാൽ കോടിയുടെ കശ്മീർ സിഗരറ്റ് പിടികൂടി