ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: തൊഴിലില്ലായ്മയ്ക്കെതിരെ ജന്തർ മന്തറിൽ കർഷകർ നടത്താനിരിക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. മീററ്റ് എക്സ്പ്രസ് ഹൈവേയിലെ സിംഘു, ഗാസിപൂർ അതിർത്തികളിൽ ധാരാളം സുരക്ഷാ സേനയെ വിന്യസിച്ചു. രണ്ടിടത്തും പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ കർഷകർ രാജ്യതലസ്ഥാനത്ത് എത്തിത്തുടങ്ങി. പരിശോധന നടത്തിയ ശേഷമാണ് ഡൽഹി പോലീസ് എല്ലാവരെയും അകത്തേക്ക് കടത്തിവിടുന്നത്.
സംയുക്ത കിസാൻ മോർച്ച ജന്തർമന്തറിൽ മഹാപഞ്ചായത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ പ്രക്ഷോഭത്തിന് അനുമതി നൽകിയിട്ടില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു. ലഖിംപൂർ ഖേരി സംഭവത്തിൽ ഇരകൾക്ക് നീതി ലഭിക്കണമെന്നും അക്രമവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു. അതേസമയം, ഗതാഗതക്കുരുക്കിനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യതലസ്ഥാനത്തെ വിവിധ റോഡുകളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഡൽഹി പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്തിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ അർത്തിയിൽ നിന്ന് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹനത്തിൽ തലസ്ഥാനത്തേക്ക് വന്നുകൊണ്ടിരുന്ന അദ്ദേഹത്തെ ഗാസിപൂരിൽ തടഞ്ഞു. പിന്നീട് മധു വിഹാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി വിട്ടയച്ചു. മുൻകരുതൽ നടപടിയെന്ന നിലയിലാണ് ടിക്കായത്തിനെ തടഞ്ഞതെന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ കമ്മീഷണർ ദീപേന്ദ്ര പഥക് പറഞ്ഞു. ജന്തർ മന്തറിലേക്ക് പോകരുതെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചിരുന്നുവെന്നും അദ്ദേഹം അത് സമ്മതിച്ചെന്നും പോലീസ് പറഞ്ഞു.