അന്നമൂട്ടിയവരെ മറക്കരുത്

ന്യൂദൽഹിയിൽ സമരം നടത്തിയത് യഥാർത്ഥ കർഷകരല്ലെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവന അപക്വവും കർഷക സമൂഹത്തെ ഒന്നടങ്കം അവഹേളിക്കുന്നതുമാണ്. വോട്ടെടുപ്പില്ലാതെ നേരിട്ട് എംപിയും പിന്നീട് കേന്ദ്രമന്ത്രിയുമായ നേതാവിന് സാധാരണക്കാരായ കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാകാതെ പോയതാണ് പ്രസ്താവനയ്ക്ക് കാരണമെങ്കിൽ അദ്ദേഹം ഇനിയെങ്കിലും കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ ശ്രമിക്കേണ്ടതാണ്.

ഇന്ത്യയിലെ നൂറ്റിമുപ്പത് കോടിയിലധികം വരുന്ന ജനങ്ങൾക്ക് സുഭിക്ഷമായി വയർ നിറച്ചുണ്ണാൻ വയലിൽ പണിയെടുക്കുന്ന കർഷകർ ഗത്യന്തരമില്ലാതെയാണ് സമരമുഖത്തിറങ്ങിയിരിക്കുന്നത്. മറ്റുള്ളവരെ ഊട്ടാൻ ജീവിതം വയലുകളിൽ ഹോമിച്ച കർഷക ജനത സ്വജീവിതം കെട്ടിപ്പടുക്കാൻ മറന്നവർ കൂടിയാണെന്ന യാഥാർത്ഥ്യം മറന്നു കൂടാത്തതാണ്. ചുരുങ്ങിയ പക്ഷം ഉണ്ട ചോറിനുള്ള നന്ദിയെങ്കിലും കർഷകരോട് പ്രകടിപ്പിക്കാൻ സർക്കാർ തയ്യാറാകുക തന്നെ വേണം.

മൂന്ന് നേരവും കുഴച്ചുരുട്ടി സമൃദ്ധമായി അകത്താക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് പിന്നിൽ കർഷകരുടെ വിയർപ്പിന്റെയും, കണ്ണീരിന്റെയും ഉപ്പ് കൂടി കലർന്നിട്ടുണ്ടെന്ന തിരിച്ചറിവില്ലായ്മയാണ് കർഷക സമരങ്ങൾക്കെതിരെയുള്ള അബദ്ധ പ്രസ്താവനകൾക്ക് കാരണം. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ശിലയായ കാർഷിക മേഖലയെ തകർക്കാനുള്ള ഏതൊരു ശ്രമവും ആത്മഹത്യാപരമാണെന്ന തിരിച്ചറിവ് ഭരണാധികാരികൾക്ക് ഉണ്ടാകേണ്ടതാണ്.

ഇന്ത്യയിൽ അടുത്തടുത്ത കാലങ്ങളിലായി രണ്ടാം തവണയാണ് കർഷകർക്ക് തെരുവിലിറങ്ങേണ്ടി വരുന്നത്. മണ്ണിൽ കഴുതയെപ്പോലെ പണിയെടുക്കുന്ന കർഷക വർഗ്ഗം ജീവിതം തിരിച്ചു പിടിക്കാൻ തെരുവിലിറങ്ങേണ്ടി വന്നത് ഭരണകൂടത്തിന്റെ പിടിപ്പുകേട് മൂലമാണെന്ന് തന്നെ പറയേണ്ടി വരും. കോർപ്പറേറ്റ് ഭീമന്മാർക്ക് വാരിക്കോരി സഹായങ്ങൾ നൽകുന്ന ഭരണകൂടം അടിസ്ഥാന വർഗ്ഗമായ കർഷകരെ കയ്യൊഴിഞ്ഞതിന്റെ അന്തരഫലങ്ങളാണ് ഇന്ത്യ നേരിടുന്നത്.

കർഷകരുടെ ആവശ്യങ്ങൾക്ക് ലാത്തിയുടെയും തോക്കിൻ ക്കുഴലിന്റെയും ധാർഷ്ട്യത്തിൽ മറുപടി പറയാൻ ശ്രമിക്കുന്നത് മണ്ടത്തരമാണെന്ന് പോലും തിരിച്ചറിയാത്തവരാണ് ഭരണകൂടമെന്നത് ആശ്ചര്യകരമാണ്. നിയന്ത്രണങ്ങളുടെ മതിൽക്കെട്ടുകൾ ഭേദിച്ച് കർഷകർ രാജ്യ തലസ്ഥാനത്തെത്തിയെന്നത് തന്നെ ഇന്ത്യൻ കർഷക ജനതയുടെ ദൃഢനിശ്ചയത്തിന്റെ ഉദാഹരണമാണെന്ന് ഭരണാധികാരികൾ തിരിച്ചറിയണം.
കാർഷിക മേഖല സ്തംഭിച്ചാൽ വരാൻ പോകുന്ന ഭക്ഷ്യക്ഷാമവും അതു വഴിയുണ്ടാകുന്ന വിലക്കയറ്റവും നാട്ടിൽ കലാപവും, അരക്ഷിതാവസ്ഥയും സൃഷ്ടിക്കുമെന്ന് തിരിച്ചറിയാൻ സാമാന്യ ബുദ്ധി മാത്രം മതിയെങ്കിലും ഭരണാധികാരികൾക്ക് ഈ തിരിച്ചറിവ് ഇതുവരെ ഉണ്ടായിട്ടില്ലെന്നത് ഖേദകരമാണ്. ജന മുന്നേറ്റങ്ങളെ ചെറുക്കാൻ ലാത്തികളും, തോക്കിൻ കുഴലുകളും മാത്രം പോരെന്നും മനുഷ്യത്വ പൂർണ്ണമായ സമീപനങ്ങൾ വേണമെന്നും ഭരണാധികാരികൾ തിരിച്ചറിയേണ്ടതാണ്.

Read Previous

രമേശൻ ഭൂമി വാങ്ങുമ്പോൾ ഡോ. ആര്യയ്ക്ക് ജോലിയില്ല

Read Next

ആര്യ ആദായനികുതി റിട്ടേൺസ് നൽകിയില്ല