പ്രശസ്ത സംവിധായകൻ കെ. വിശ്വനാഥ് നിര്യാതനായി

ഹൈദരാബാദ്: പ്രശസ്ത ഇന്ത്യൻ ചലച്ചിത്രമായ ശങ്കരാഭരണത്തിന്‍റെ സംവിധായകൻ കെ.വിശ്വനാഥ് അന്തരിച്ചു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

വാണിജ്യ സിനിമകൾക്ക് പുറമെ കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയ്ക്ക് ദേശീയ തലത്തിൽ വലിയ പ്രശസ്തി നേടിക്കൊടുത്ത സംവിധായകനാണ് അദ്ദേഹം. അൻപതിലധികം സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം തിരക്കഥാകൃത്തും അഭിനേതാവും ആയിരുന്നു. ദാദാസാഹിബ് ഫാൽക്കെ അവാർഡ് (2017), പത്മശ്രീ (1992) എന്നിവ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിട്ടുണ്ട്. അഞ്ച് ദേശീയ അവാർഡുകൾ, ആറ് സംസ്ഥാന അവാർഡുകൾ, പത്ത് സൗത്ത് ഇന്ത്യൻ ഫിലിംഫെയർ അവാർഡുകൾ, ഒരു ബോളിവുഡ് ഫിലിംഫെയർ അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തെലുങ്കിന് പുറമെ ആറ് ഹിന്ദി ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

1992 ൽ ആന്ധ്രാപ്രദേശ് അദ്ദേഹത്തെ രഘുപതി വെങ്കയ്യ അവാർഡ് നൽകി ആദരിച്ചു. തെലുങ്ക് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി. 1930 ൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പെഡപുലിവാറുവിൽ കസിനഡുനി സുബ്രഹ്മണ്യന്‍റെയും സരസ്വതിയുടെയും മകനായാണ് ജനിച്ചത്. ജയലക്ഷ്മിയാണ് ഭാര്യ. പത്മാവതി, രവീന്ദ്രനാഥ്, നാഗേന്ദ്രനാഥ് എന്നിവർ മക്കളാണ്.

K editor

Read Previous

മോദിയുടെ സ്വപ്നങ്ങൾക്ക് താങ്ങാകുന്ന മനോഭാവം; കൃഷിമന്ത്രിയെ അഭിനന്ദിച്ച് സുരേഷ് ഗോപി

Read Next

കേരളത്തിൽ കൂടുതൽ കെഎസ്ആർടിസി; രാജ്യത്താകെ പൊളിക്കാനുള്ളത് 9 ലക്ഷം സർക്കാർ വാഹനങ്ങൾ