ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സോഷ്യൽ മീഡിയയിലൂടെ സിനിമ നിരൂപണം ചെയ്യുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ഷെയ്ൻ നിഗം. പണത്തിനുവേണ്ടിയാണ് അവർ ഇത്തരം നിരൂപണങ്ങൾ എഴുതുന്നത്. നല്ല സിനിമകളെ കൊന്ന് തിന്നാതെ, പണമുണ്ടാക്കാൻ മറ്റൊരു മാർഗം തേടണമെന്നും ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചു. വ്യാജവിമർശകരെ ബഹിഷ്കരിക്കണമെന്നും ഷെയ്ൻ നിഗം കുറിച്ചു.
“ഞാൻ പറഞ്ഞ ഈ നിരൂപകരുടെ സംഘടന പ്രതികരിച്ചു തുടങ്ങി. അപ്പോൾ ഞാൻ പറഞ്ഞത് സത്യമാണ് എന്ന് എല്ലാവർക്കും മനസ്സിലായില്ലേ? പൈസയ്ക്കു വേണ്ടിയാണ് നിങ്ങൾ ഇതു ചെയ്യുന്നതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പൈസ ഉണ്ടാക്കാൻ വേറെ വഴി നോക്കൂ. നല്ല സിനിമകളെ കൊന്ന് തിന്നരുത്. വ്യാജ നിരൂപകരെ ബഹിഷ്കരിക്കുക.’’–ഷെയ്ൻ നിഗം കുറിച്ചു.
താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. നേരത്തെ ഒരു അഭിമുഖത്തിലും നിരൂപകർക്കെതിരെ താരം രംഗത്തെത്തിയിരുന്നു. ഉല്ലാസം സിനിമ മോശമാണെന്ന തരത്തിൽ നിരൂപണം നടത്തിയ ഒരാൾക്കെതിരെ ഷെയിൻ പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ചാണ് താരം പറഞ്ഞത്.
“ഉല്ലാസം റിലീസായശേഷം ഒരു സംഭവമുണ്ടായി. സിനിമയുടെ റിലീസ് ദിവസം ഞാൻ റിവ്യു അടിച്ച് നോക്കിയപ്പോൾ ഒരാൾ ഉല്ലാസത്തെ കുറിച്ച് മോശമായി ഡീഗ്രേഡ് ചെയ്ത് റിവ്യുവിട്ട് കണ്ടു. ഇയാൾ മുമ്പ് ഭൂതകാലം സിനിമയെ വരെ വലിച്ചുകീറിയിരുന്നു. അന്ന് മുതൽ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടാണ് ഉല്ലാസത്തെ ഡീഗ്രേഡ് ചെയ്ത് റിവ്യു ഇട്ടപ്പോൾ പ്രതികരിച്ചത്. ഈ റിവ്യു ഇടുന്നവർക്ക് ഒന്നും നഷ്ടപ്പെടാനില്ലല്ലോ. നമ്മുടെ കാത്തിരിപ്പും അധ്വാനവുമാണല്ലോ തിയേറ്ററിലെത്തുന്ന ഓരോ സിനിമയും. അപ്പോഴാണ് ഒരു ഫോണോ, ഡിഎസ്എൽആറോ വെച്ചുകൊണ്ട് ഇത്തരക്കാർ ഇങ്ങനെ അതിനെ കുറിച്ച് വീഡിയോ ഇടുന്നത്. ഒന്നും ചെയ്യാത്തവർ അല്ലെങ്കിൽ ചുമ്മ ചൊറിയും കുത്തിയിരിക്കുന്നവരെല്ലാം ഇങ്ങനെ പോയി റിവ്യു ഇടാൻ തുടങ്ങിയാൽ എങ്ങനെ ശരിയാകും. ഒരാളല്ല ഇതുപോലെ കുറേപ്പേരുണ്ട്. എന്നാൽ പിന്നെ അവനൊരെണ്ണം ചെയ്ത് കാണിച്ച ശേഷം വിമർശിക്കാൻ വരണം. ഇവർക്കൊക്കെ ഫണ്ടിന്റെ പരിപാടിയാണ്. ഇവനൊക്കെ പൈസ കൊടുത്താൽ റിവ്യു മാറ്റി പറയും. ഇവനെങ്ങനെയാണെന്ന് അറിയില്ല. പക്ഷെ അതുപോലത്തെ ഒരു വിഭാഗമുണ്ട്. പൈസ വാങ്ങി റിവ്യു ചെയ്യുന്നവരുണ്ട്. ഇവർ ഒരു വൈറസാണ്. ഉല്ലാസത്തിനെ വളരെ മോശമായി ടാർഗെറ്റ് ചെയ്ത് അടിച്ചപോലെ എനിക്ക് തോന്നി” അഭിമുഖത്തിൽ ഷെയ്ൻ നിഗം പറഞ്ഞു.