മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; 3 പേർ മരിച്ചു

പാൽഘർ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിലെ റിയാക്ടർ വെസലിലുണ്ടായ സ്ഫോടനത്തിൽ 3 തൊഴിലാളികൾ കൊല്ലപ്പെട്ടു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4.20 ഓടെ ഗാമ ആസിഡ് നിർമ്മാണ യൂണിറ്റിലാണ് അപകടമുണ്ടായത്.

സ്ഫോടനത്തിന്‍റെ തീവ്രതയിൽ പ്ലാന്‍റിന്‍റെ മേൽക്കൂര പറന്ന് പോയതായി അധികൃതർ പറഞ്ഞു. പാൽഘർ ജില്ലയിലെ ബോയ്സാർ പട്ടണത്തിലെ താരാപൂർ എം.ഐ.ഡി.സിയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ബോയ്സർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പ്രാദേശിക അഗ്നിശമന സേനയും സ്ഥലത്തെത്തി.

സ്ഫോടന സമയത്ത് 18 ജീവനക്കാരാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നത്. വെസലിലെ സമ്മർദ്ദമാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്ലാന്‍റിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറിയിച്ചത്. ടെക്സ്റ്റൈൽ വ്യവസായത്തിൽ ഉപയോഗിക്കുന്ന ഗാമാ ആസിഡാണ് പ്ലാന്റിൽ നിർമ്മിക്കുന്നത്. സോഡിയം സൾഫേറ്റും അമോണിയയും കലർത്തുന്ന പ്രക്രിയയ്ക്കിടെ റിയാക്ടർ വെസൽ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ്, ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഉദ്യോഗസ്ഥരിൽ നിന്ന് സാങ്കേതിക സഹായം തേടുമെന്ന് ബോയ്സർ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ പ്രദീപ് കാസ്ബെ പറഞ്ഞു. 

K editor

Read Previous

സൗദി മന്ത്രിസഭാ യോഗത്തില്‍ ആദ്യമായി അധ്യക്ഷത വഹിച്ച് സല്‍മാന്‍ രാജകുമാരൻ

Read Next

വിഴിഞ്ഞത്ത് പ്രതിഷേധം കനക്കുന്നു; വള്ളം കത്തിച്ച് പ്രതിഷേധക്കാര്‍