സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ഇളവ് നൽകണം; ആവശ്യവുമായി ഉണ്ണി മുകുന്ദൻ

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ഇളവ് ആവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നാണ് ഇളവ് ചോദിച്ചത്. കേസിൽ ഈ മാസം 17ന് വിശദ വാദം കേൾക്കാനിരിക്കെയാണ് താരം ഇളവ് തേടിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദനെതിരായ സ്റ്റേ ഈ മാസം ഒമ്പതിനാണ് നീക്കിയത്. കേസ് ഒത്തുതീർപ്പാക്കിയെന്ന സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. തുടർന്ന് എങ്ങനെയാണ് വ്യാജ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചതെന്ന് വിശദീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

വിവാദ അഭിഭാഷകൻ സൈബി ജോസ് വാദിച്ച് അനുകൂല വിധി നേടിയ കേസായിരുന്നു ഇത്. സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് നടൻ ഉണ്ണി മുകുന്ദനെതിരെ പരാതിയുമായി വിദേശ മലയാളിയായ യുവതിയാണ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ മജിസ്ട്രേറ്റ് കോടതിയിലും സെഷൻസ് കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഈ രണ്ട് ഹർജികളും ബന്ധപ്പെട്ട കോടതികൾ തള്ളി.

കേസുമായി ബന്ധപ്പെട്ട് അഭിഭാഷകൻ സൈബി ജോസ് കോടതിയിൽ ഹാജരായി പരാതിക്കാരിയുമായി 2021 ൽ പ്രശ്നം ഒത്തുതീർപ്പാക്കിയെന്ന് കോടതിയെ അറിയിച്ച് സ്റ്റേ നേടുകയായിരുന്നു. സ്റ്റേ നീക്കണമെന്ന് പരാതിക്കാരി കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്റ്റേ നീട്ടുകയായിരുന്നു. ഒമ്പതിന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് വ്യാജ സത്യവാങ്മൂലത്തെക്കുറിച്ച് പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. കേസ് ഒത്തുതീർപ്പാക്കിയെന്നുള്ള സത്യവാങ്മൂലത്തിൽ ഒപ്പിട്ടത് തന്‍റെ കക്ഷിയല്ലെന്ന് അഭിഭാഷകൻ പറയുകയായിരുന്നു. തുടർന്ന് ജസ്റ്റിസ് കെ ബാബു കേസിലെ സ്റ്റേ നീക്കുകയും വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിയിൽ നടനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.

K editor

Read Previous

കശ്മീരിൽ രണ്ട് ദിവസം അവധിയാഘോഷിച്ച് രാഹുൽ; വീഡിയോ വൈറൽ

Read Next

ഇന്ത്യക്കാരന്റെ ശരാശരി പ്രതിമാസ ഡാറ്റ ഉപഭോഗം; 19.5 ജിബിയിലെത്തിയെന്ന് റിപ്പോർട്ട്